Monday, September 12, 2016

മാവേലിക്ക് ഒരു കത്ത്.

പ്രിയപ്പെട്ട മാവേലി ,

                       എനിക്കറിയാം നിങ്ങളിപ്പോ ചിങ്ങത്തേരിലേറി മലയാളക്കരയിലെത്താൻ തിടുക്കം കൂട്ടി കാത്തിരിക്കയാണെന്ന്. അതെ ,നിങ്ങൾ കരുതും പോലെ കഴിഞ്ഞ വർഷം കണ്ടു പോയ നാടല്ല ട്ടാ ഇപ്പോ ഇവിടം.

                  ഭരണം മാറി കഥ മാറി. ഞങ്ങൾ വരും എല്ലാം ശരിയാക്കുമെന്ന് പറഞ്ഞവർ വന്നു ,പക്ഷേങ്കിൽ പറഞ്ഞ പോലെ തന്നെ അവശ്യസാധനങ്ങളൊക്കെ ധാരാളം കിട്ടുന്നുണ്ട് പിന്നെയിത്തിരി വില കൂടുതലാണെന്നു മാത്രം. വിഷം കുത്തി നിറച്ച കായ്കനികളും മത്സ്യ മാംസാദികളും കഴിച്ചുകഴിച്ച് എല്ലാരും രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നതിനാൽ ഉള്ളതു പറയണമല്ലോ നാട്ടിലിപ്പോ കൂണുകൾ പോലെ ആശുപത്രികളുമായി.


                                     പിന്നെ ഒരു കാര്യം , ഇനി നിങ്ങൾ പഴയ പോലെ പൂക്കളമിടലും. തുമ്പിതുള്ളലും .. ചെമ്പഴുക്കകളിയും. ഊഞ്ഞാലാട്ടവും തിരുവാതിരക്കളിയും ഒക്കെ കണ്ടു രസിക്കാമെന്ന് കരുതി ഇങ്ങോട്ട് വരണ്ട ട്ടാ .. വല്ല തലപ്പന്തോ... ഓലപ്പന്തോ...കരടിയോ.. കടുവയോ..കുമ്മാട്ടിയോ.. പുലികളിയോ ഒക്കെ കാണാനാണെങ്കിൽ മാത്രം വന്നാൽ മതി.. ( ഇതൊക്കെ കാണാൻ മാത്രം വരണോ വേണ്ടയോ എന്ന് നിങ്ങൾ ചിന്തിക്ക് ) കാരണം ഈ പൂക്കളവും തുമ്പിതുള്ളലും ചെമ്പഴുക്കകളിയും ഊഞ്ഞാലാട്ടവും തിരുവാതിരയും ഒക്കെ കണ്ടു നിന്നാലേ നിങ്ങളെ പോലീസ് പിടിക്കും.. അതേ , 14 സെക്കൻറ് സമയം കൊണ്ട് ഇതൊന്നും തീരൂല്ലല്ലോ...

                    പിന്നെ ,മറ്റൊരു കാര്യം വരുമ്പോൾ കാലിൽ മെതിയടിയൊന്നും വേണ്ടാ ട്ടോ.. വല്ല ലൂണാറോ മറ്റോ ഒന്ന് തരപ്പെടുത്ത് . ഇവിടെ തെരുവു നായ്ക്കളുടെ ശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്ക്യ നാട്ടാര്....
വെറുതെ നിങ്ങളെന്തിനാ വർഷത്തിലൊരിക്ക വന്നിട്ട് നായ്ക്കളുടെ കടി ഏൽക്കണത്.. നല്ലതു പോലെ ഓടാൻ പഠിച്ചിട്ടൊക്കെ വന്നാ മതി..

                              പണ്ട് ശ്രീരാമൻ 14 വർഷം കാട്ടിൽ പോയിയെന്നാലും ഞങ്ങൾക്കൊക്കെ രാമൻ ഇപ്പോഴും ശ്രീരാമൻ തന്നെയാ..എന്നാൽ ഈ 14 സെക്കന്റ് നിങ്ങൾക്ക് ചീത്ത പേരുണ്ടാക്കും.. ഇതു വരെ സമ്പാദിച്ച പേരിനെയത് മോശമാക്കും...
അറിക്കാനുള്ളത് അറിയിച്ചു' ഇനി നിങ്ങളുടെ വിധി...

എന്ന് ,
സ്നേഹപൂർവം
..............

Monday, March 9, 2015

ശിവാനിയും ഡയറികുറിപ്പും ....


ഈ താളില്‍ ഇന്നിനി എന്താണ് എഴുതുക ....

                    ഇത്ര ദിവസവും എഴുതാന്‍ എത്ര കണക്കുകള്‍ ആയിരുന്നു ..
വീട്ടുവാടക,പത്രം,കറന്റ്,പലചരക്ക് കടയിലെ കുടിശ്ശിക, ബസ് ഫീസ്, 
സ്കൂള്‍ഫീസ് ഓരോന്നിനുമായി പകുത്തു നല്‍കുമ്പോള്‍ ...
തെറ്റാത്ത വാക്കായി മാറുമ്പോള്‍ ..
വല്ലാത്തൊരു അഭിമാനം തോന്നാറുണ്ട്...

                            ഹോ!, ഈ ഡയറി താളുകള്‍ ഇല്ലായിരുന്നെങ്കില്‍...
ഈ ഭാരമൊക്കെ ഇറക്കി വച്ച് ആശ്വാസത്തിന്‍റെ നിശ്വാസം കണ്ടെത്തുക 
എവിടെയാവും....എത്ര നാള്‍ ഇങ്ങനെ മുന്നോട്ടു പോകാനാവും ...അങ്ങനെ ഓര്‍ക്കുമ്പോള്‍ വല്ലാത്ത ഒരു ഭയം വിഴുങ്ങാനടുക്കും പോലെ...

                       ഇപ്പോള്‍ തന്നെ കാലു വേദനയൊക്കെ വല്ലാതെ പിന്തുടരുന്നുണ്ട് 
അതെങ്ങനെയാ..പുതുക്കിയ ബസ് ചാര്‍ജ്ജ് വര്‍ദ്ധന പിറന്നതോടെ  
നടപ്പ് തന്നെ ആരോഗ്യത്തിനു ഗുണം എന്ന കണ്ടെത്തലില്‍ 
രാവിലെയും വൈകിട്ടും ഓഫീസിലേക്ക് നടന്നു പോകാന്‍ തുടങ്ങിയതല്ലേ
ആ വക എത്ര രൂപയാ മിച്ചം വയ്ക്കാന്‍ കഴിഞ്ഞത്...മാത്രമോ...
വല്ലപ്പോഴും ചിന്നു മോള്‍ക്ക് അവള്‍ ആവശ്യപ്പെടുന്ന ബിസ്ക്കറ്റും കേക്കും ഒക്കെ വാങ്ങിച്ചു കൊടുക്കാനും കഴിയുന്നുണ്ടല്ലോ ...അതൊരു ആശ്വാസം തന്നെ ...ആ ഓര്‍മ്മ മതി എല്ലാ ക്ഷിണവും വേദനകളും സഹിക്കാന്‍ ,,,

                               ഇത്തവണയെങ്കിലും പുതിയ ഒരു ചെരുപ്പും ബാഗും വാങ്ങണമെന്നും കേടായ മിക്സിക്ക് പകരം മറ്റൊന്നു വാങ്ങണമെന്നും ഒക്കെ മനക്കോട്ട കെട്ടിയതായിരുന്നു ..ചെരുപ്പിന്‍റെ അവസ്ഥ ഓര്‍ക്കാതിരിക്കയാ നല്ലത് ..ഒരു അമ്പലത്തില്‍ ചെന്നാല്‍ പോലും ഊരിയിടാന്‍ നാണമാകും..പിന്നെ, അമ്പലമല്ലേ ചെരുപ്പ് മോഷ്ടാക്കളെ ഭയന്ന്‍ പഴയത് ഇട്ടതാകും എന്ന്‍ കരുതിക്കൊള്ളും എന്നങ്ങു വിചാരിക്കുമ്പോള്‍ അതും ആശ്വാസം...

                                   ഒരിക്കല്‍ ലക്ഷ്മി ചോദിക്കയും ചെയ്തു .."ഈ ചെരുപ്പ് ന്താ ങ്ങനെന്ന്"..ആ ഇപ്പോ ഇങ്ങനെയാ ,,,അമ്പലമല്ലേ പെണ്ണെ എന്ന് പറഞ്ഞു 
തടിത്തപ്പി.


                                 അങ്ങുമിങ്ങും ഒക്കെ പിഞ്ഞിതുടങ്ങിയിരിക്കുന്നു ബാഗ്.... വാങ്ങിയപ്പോള്‍ അറകളൊക്കെ എണ്ണി നോക്കി ഇഷ്ടപ്പെട്ട് വാങ്ങി ,,പക്ഷെ, പറഞ്ഞ്ട്ടെന്തു കാര്യം.. ഇപ്പൊ സംഗതി വളരെ എളുപ്പമായി ...ഏതു അറ തുറന്നു എന്തിട്ടാലും പേടിക്കണ്ട... തിടുക്കത്തില്‍ ആയാലും പരതേണ്ട കാര്യമില്ല ,,ഏതു അറ തുറന്നാലും എളുപ്പത്തില്‍ എടുക്കാമെന്നായിട്ടുണ്ട്...

അതിനെ പറഞ്ഞിട്ട് കാര്യമില്ല...കൊല്ലം നാലാകാന്‍ പോകുന്നു അത് വാങ്ങിട്ട്,


ഇന്നലെ കൂടി റിമ ചോദിച്ചതെയുള്ളൂ ടീ, നീയാണോ പിശുക്ക് കണ്ടു പിടിച്ചതെന്ന് ,,, 

ഓരോ വക ചിന്തകളിലേക്ക്പോയപ്പോള്‍  
ഡയറിത്താള്‍ മറന്നു ഒന്നും എഴുതിയില്ലല്ലോ ...എന്തെഴുതാന്‍... 
മിച്ചം 850 രൂപ എന്ന് എഴുതാം ...നാളെ മുതല്‍ ഇതിലും കുറഞ്ഞു വരില്ലേ  ,,
അപ്പോള്‍ പിന്നെ എഴുതാന്‍ ധാരാളമുണ്ടാകും 
ഷിംനയോടും അനിതയോടും ഒക്കെ  കടം ചോദിച്ചു നടന്ന കഥയും..
അടുത്ത ശമ്പളദിവസത്തെക്കുള്ള കാത്തിരിപ്പിന്‍റെ വേവുകളും....


Thursday, April 19, 2012

ഭാമേടത്തിയും പിന്നെ ഞാനും........


എന്തെന്നില്ലാത്ത ദേഷ്യവും സങ്കടവും തോന്നി . തിരിഞ്ഞും മറിഞ്ഞും കിടക്കാന്‍ തുടങ്ങീട്ട് നേരം എത്രയായെന്നോ...?

ഉറക്കം കിട്ടുന്നേയില്ല..സ്ഥലം മാറി കിടന്നതു കൊണ്ടാണെന്ന് പറയാന്‍ കഴിയുമോ..
ഇതിനു മുമ്പ് എത്രയോ തവണ ഈ വീട്ടില്‍ അന്തിയുറങ്ങീയിരിക്കുന്നു.

പക്ഷേ, അന്നൊക്കെ , ഈ വീടിന്റെ ഇടനാഴികളില്‍ അകത്തളങ്ങളില്‍ നിശ്ശബ്ദതയും ഇരുട്ടും ഇങ്ങനെ കട്ടിപിടിച്ചിട്ടുണ്ടായിരുന്നില്ല..
അന്നൊന്നും ഒരിക്കലും ശ്വാസത്തിനിത്ര കനം തോന്നിയിരുന്നുമില്ല..
ഒരാശ്വാസത്തിനായി ജനാല മെല്ലെ തുറന്നു..

മുറ്റം നിറയെ ഭാമേടത്തിയുടെ കൂട്ടുകാരായ പരിജാതവും കുടമുല്ലയും നമ്പ്യാര്‍വട്ടവും കനകാംബരവും എന്തിനോടോ പിണങ്ങി നില്‍ക്കും പോലെ...

കണ്ണുകളെ മെല്ലെ ആകാശത്തിലേക്ക് പായിച്ചു . 
ഒഴുകി നടക്കുന്ന മേഘചിന്തുകളില്‍ ആട്ടിന്‍ കൂട്ടങ്ങളെയും ആനക്കൂറ്റന്മാരെയും കുതിരയെയും കാണാന്‍ പഠിപ്പിച്ചത് പണ്ട് ഭാമേടത്തിയായിരുന്നു... 

ഇന്ന് അവയെ ഒന്നും കാണാന്‍ കഴിയുന്നേയില്ല...ആകാശത്തും  മേഘക്കീറുകള്‍ ചെന്നായയുടെ രൂപം കൊത്തി മിനുക്കും പോലെയാ തോന്നുന്നത്..ഒരു നക്ഷത്രം പോലുമില്ലാത്തെ കറുത്ത രാവ് പേടിയുണര്‍ത്തും പോലെ..
 
വല്ലാത്തൊരു സങ്കടം തോന്നി ..
കരച്ചിലിന്റെ വക്കിലൂടെ മനസ്സ് നടന്നു പോകുമ്പോള്‍ കാണുന്നത് ഭാമേടത്തിയുടെ മുഖമാണ്..

പുറം കവിഞ്ഞു കിടക്കുന്ന ഈറന്‍ തലമുടി വിടര്‍ത്തിയിട്ട് തുമ്പു മാത്രം കെട്ടി അതിലൊരു കൃഷ്ണതുളസി ചൂടി, നെറ്റിയില്‍ ഭസ്മം കൊണ്ടൊരു കുറി വരച്ച് , ചിരിയ്ക്കുമ്പോള്‍ നുണക്കുഴികള്‍ തെളിയുന്ന കവിളുകളുള്ള  ഭാമേടത്തി. 
വല്ലപ്പോഴുമെത്തുമ്പോള്‍ ഭാമേടത്തി പറയുന്ന കഥകളിലൂടെയും കവിതകളിലൂടെയും പിച്ച വച്ചാണ് താനിന്ന് സാഹിത്യ ലോകത്ത് പാറിക്കളിക്കുന്നത് എന്നു കൂടി ഓര്‍ത്തപ്പോള്‍ നിര്‍മ്മലയ്ക്ക് സങ്കടം സഹിക്കാനായില്ല..ആ ഓര്‍മ്മകളില്‍ കണ്ണുകള്‍ കൂടുതല്‍ കൂടുതല്‍ ഈറനണിയുകയാണ്.
 
ഒരിക്കല്‍ വല്ലാതെ മോഹിച്ച ഒരു ജോലി നഷ്ടപ്പെട്ടു പോയതിനെ കുറിച്ച്  പറഞ്ഞ് സങ്കടപ്പെട്ടപ്പോള്‍ ഭാമേടത്തി നല്‍കിയ  ആശ്വാസവാക്കുകളാണ് ഓര്‍മ്മയില്‍ തെളിയുന്നത്... 
 
“ഒക്കെ ഓരോ ജീവിതമാണ് കുട്ടിയേ, ഇതിനൊന്നും ഒരിക്കലും കരയേണ്ട കാര്യമേയില്ല..എന്തിനെയും മുന്‍ കൂട്ടി കാണാന്‍ പഠിക്കണം .എന്നിട്ട്, മനസ്സിനെ ധൈര്യപ്പെടുത്തണം..നമ്മുടെ കണ്ണുനീര്‍ അത് വെറുതെ കളയാനുള്ളതല്ല.. ജീവിതത്തില്‍ നമുക്ക് കൂട്ടായി സന്തോഷത്തിലും സങ്കടത്തിലും ഒപ്പം ഉണ്ടാവുക എന്നും കണ്ണുനീരു മാത്രമായിരിക്കുമെന്നേ..സ്വന്തംനിഴല്‍ പോലും കണ്ണീരിനൊപ്പമാകില്ല..കാരണം നിഴലിനു കൈതാങ്ങായി വെളിച്ചമുണ്ടാകണ്ടേ..അതുകൊണ്ട് കണ്ണീരിനു മുന്തിയ സ്ഥാനം തന്നെ നീ നല്‍കണം..അതങ്ങനെ പാഴാക്കരുത്.. 
സ്വപ്നങ്ങള്‍ ധാരാളം കാണണം. സ്വപ്നങ്ങളെ ഉളം കൈയിലിട്ട് നീ അമ്മാനമാടണം... ഒരിക്കല്‍  കണ്ട സ്വപ്നങ്ങള്‍ തന്നെ നാം വീണ്ടും കണ്ടെന്ന് വരില്ല..അതിനാല്‍ ഓരോ സ്വപ്നങ്ങളേയും മനസ്സു കൊണ്ട് താലോലിക്കണം... 
 
 ചില സ്വപ്നങ്ങള്‍  കൈയില്‍ നിന്ന് വഴുതി വീണ് നഷ്ടപ്പെട്ടേക്കാം . എങ്കിലും ,അവയ്ക്കായി കണ്ണീര്‍ പൊഴിക്കരുത്...”
ഭാമേടത്തിയുടെ ഈ വാക്കുകള്‍ക്ക് അന്ന്  മൂര്‍ച്ചയായിരുന്നു ..മനസ്സില്‍ വളരെ ആഴത്തില്‍ സ്പര്‍ശിക്കുന്ന സ്വരമായിരുന്നു അത്..മറ്റൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു തെളിച്ചമായിരുന്നു അന്ന് ഭാമേടത്തിയുടെ കണ്ണുകള്‍ക്ക്....


എന്നും ഭാമേടത്തിയുടെ ആശ്വാസവചനങ്ങള്‍ക്ക് ഒരു ചാറ്റല്‍ മഴ നനയുന്നതിന്റെ സുഖമുണ്ടായിരുന്നു...
പക്ഷേ,ഇന്ന് ഭാമേടത്തിയുടെ മനസ്സിനു ആശ്വാസത്തിന്റെ ഒരു കുളിര്‍മ നിറയ്ക്കാന്‍  വാക്കുകളുടെ ഒരു പേമാരി  പെയ്യിച്ചാലും മതിയാകില്ലല്ലോ...
 
“ഭാമേടത്തിക്ക് ന്റെ നന്ദിനിക്കുട്ടീയെ ഒന്നു കാണണം നീ വരില്ലേ താമസിയാതെ.” എന്ന് രണ്ടു വരിയില്‍ ഒതുക്കിയ കത്ത് കിട്ടിയപ്പോള്‍ മനസ്സിനൊരു വല്ലാത്ത ആധിയായിരുന്നു എന്താവാം കാര്യമെന്ന് പലവുരു ചിന്തിച്ചു ... 
 
ലീവ് കിട്ടണമെങ്കില്‍ ഏറെ പ്രയാസം തന്നെയായിരുന്നു...അന്നു മുതല്‍ പിന്നെ ആഴ്ചാവസാനം ആവാനുള്ള കാത്തിരിപ്പായിരുന്നു...
 
ചാരിയിരുന്ന വാതില്‍ മെല്ലെ  തുറന്ന് ശബ്ദം വയ്ക്കാതെ വീടിനുളളിലേക്ക് കയറിയത് ഭാമേടത്തിയെ ഒന്ന് പേടിപ്പിക്കാമെന്ന് കരുതി തന്നെയായിരുന്നു...
 തെക്കേ മുറിയുടെ അടുത്ത് ഒച്ചയുണ്ടാക്കാതെ നടന്നത് കണ്ടിട്ട് ഭാമേടത്തിയുടെ ഓമനപ്പൂച്ച വരെ അസൂയയോടെ നോക്കും പോലെ തോന്നി . തെക്കേമുറിയിലേക്ക് പതിയെ നോക്കിയപ്പോള്‍ കണ്ട രൂപം....
 
ഹോ ! അത് മനസ്സില്‍ നിന്ന് പറിച്ചു കളയാന്‍ പറ്റണില്ല  ..    ‘ന്താ ഇങ്ങനെ’   ‘ എന്താ പറ്റിയത് ന്റെ ഭാമേടത്തിയേ ’എന്ന് അറിയാതെ നിലവിളിച്ചു പോയി......
 
“ഒന്നുമില്ലെന്റെ കുട്ടിയ്യ്യേ. ശാസ്ത്രത്തിന്റെ  ചില കൈവേലകളാണ്..രണ്ടു മൂന്ന് കീമോ കഴിഞ്ഞപ്പോള്‍ ഇങ്ങനെയായതാണ്. 

അല്ലേലും ഇനി എന്തിനാണെന്റെ  കുട്ടിയേ പഴുത്തു തുടങ്ങുന്ന ഈ തലയ്ക്ക് അലങ്കാരമായി തലമുടിയൊക്കെ.. ഒക്കെ കൊഴിഞ്ഞു പോകയാണ് ന്റെ കുട്ടിയേ ,ദിനങ്ങളും സമയവും എല്ലാം . നീ വന്നൂല്ലോ...എനിക്ക് കാണാന്‍ കഴിയൂന്ന് നിരീച്ചതല്ല. യാത്രാക്ഷീണമുണ്ടാകും ന്റെ കുട്ടിക്ക്, പോയി കുളിച്ച് ആഹാരം കഴിച്ചു വരൂ..എനിക്ക് നിന്നോട് ഒരുപാട് സംസാരിക്കണം .”

നിറഞ്ഞു കവിയുന്ന കണ്ണുകളെ ഒളിപ്പിക്കാനായി...
പെട്ടെന്ന് മനസ്സിന്റെ മൂലയിലേക്ക് ഒതുങ്ങി കൂടാനായി ..ഏകാന്തതയിലേക്ക് മടങ്ങി പോകാനായി...ഒഴിവാക്കാന്‍ പറയുന്നതു പോലെ തോന്നി ഭാമേടത്തിയുടെ ആ വാക്കുകള്‍.
 
എങ്കിലും , ഭാമേടത്തിയുടെ മുഖം വിറയാര്‍ന്ന കൈകളാല്‍ പിടിച്ചുയര്‍ത്തിയപ്പോള്‍ കണ്ടു , ആദ്യമായി ഭാമേടത്തിയുടെ കണ്ണുകള്‍ നനയുന്നത്.
 
വടക്കിനിയിലേക്ക് ചെന്നപ്പോള്‍ ദേവകിയമ്മയാണ് ഭാമേട്ടത്തിയുടെ അവസ്ഥയെ കുറിച്ച് വിസ്തരിച്ച് പറഞ്ഞത്..‘ഒക്കെ അറിഞ്ഞിട്ടും കൊണ്ടു നടക്കായായിരുന്നൂന്ന് ആരോടും പറയാതെ..ഒക്കെ വൈകി പോയീന്നാ ഡോക്ടര്‍ പറയുന്നേ ’എന്ന് കൂടി കേട്ടപ്പോള്‍  ദൈവങ്ങള്‍ കാട്ടുന്ന ക്രൂരതയോര്‍ത്ത് അവിടിരുന്ന് ദൈവങ്ങളെ ശപിച്ചു പോയി...
കുറെ കഴിഞ്ഞ് മനസ്സൊന്ന് പാകപ്പെടുത്തി കുളിച്ച് വന്നപ്പോഴേക്കും ഭാമേടത്തി മയക്കത്തിലായി...
വിളിച്ചുണര്‍ത്താന്‍ തോന്നിയില്ല...
 
ഇപ്പോഴും ഭാമേട്ടത്തി സ്വപ്നങ്ങള്‍ കാണുന്നുണ്ടാകുമോ....?? 
 
ഇനിയും ദേശാടനപക്ഷികളെ പോലെ സ്വപ്നങ്ങള്‍ പറന്ന് വന്ന് ആ മനസ്സിലിപ്പോഴും കൂടു കൂട്ടി തിരിച്ചു പോയിരിക്കുമോ  തിരിച്ചു വരാത്ത അതിഥികളെ പോലെ....
പാവം ഭാമേടത്തി ഇന്ന്  മരണത്തിലേക്ക് ഒഴുകി പോകുന്ന ഒരു രൂപമായി മാറിയ പോലെ.. ...

Thursday, August 18, 2011

ജീവതാളം......


തുരുമ്പിച്ച ജനലഴികളില്‍ പിടിച്ച് രമേശന്‍ പുറത്തെ കാഴ്ചകളിലേക്ക് നോക്കിയിരുന്നു.അവിടെ , ജീവിതവും ആഗ്രഹങ്ങളും പോലെ സമാന്തരങ്ങളായി പോകുന്ന പാളങ്ങളില്‍ മിഴികള്‍ ഉടക്കി നിന്നു....

അതു വഴി കടന്നു പോകുന്ന ഓരോ തീവണ്ടികളുടെ ഒച്ചയും ഇന്ന്  നെഞ്ചിടിപ്പ് കൂട്ടുന്നതു പോലെ...ഓരോ തീവണ്ടി കടന്നു പോകുമ്പോഴും  ജീവിതയാത്രയുടെ കാതം കുറയ്ക്കും പോലെ തോന്നി...

ഒരിക്കല്‍, ഇതു പോലെ ഒരു തീവണ്ടി കടന്നു പോയപ്പോഴാണ് മാതാപിതാക്കള്‍ ഉപേക്ഷിച്ചതാവുമോ അന്ന്.....എല്ലാവരില്‍ നിന്നും എങ്ങനെയോ ഒറ്റപ്പെട്ടാണ് ചൊവ്വയൂര്‍ ഗ്രാമത്തിലെ റെയില്‍വേ സ്റ്റേഷനില്‍ എത്തപ്പെട്ടത്...

തികച്ചും അപരിചിതമായ അന്തരീക്ഷത്തില്‍ ...ആള്‍ക്കൂട്ടത്തിനു നടുവില്‍ അകപ്പെട്ടു പോയ അഞ്ചു വയസ്സുകാരന്‍ കുട്ടി..  വിശന്നു വലഞ്ഞ്  ഒരു മൂലയില്‍ ഒതുങ്ങി കൂടിയിരുന്നു വിതുമ്പി കരയുന്നത് കണ്ടത് അവിടെ ഒരു ഭക്ഷണശാല നടത്തുന്ന സുപ്പയ്യ ആയിരുന്നു....

ചുവന്നു കലങ്ങിയ കണ്ണുകളും വലിയ മീശയും വലിയ ശരീരവുമുള്ള സുപ്പയ്യയെ കണ്ടപ്പോള്‍...ആ രൂപം അടുത്തടുത്ത് വന്നപ്പോഴേക്കും   പേടിച്ച് ഉറക്കെ നിലവിളിക്കാന്‍ തുടങ്ങിയിരുന്നു...  
എങ്കിലും ,ചൂടു പാറുന്ന ചായയുമായി ഒരു ചെറു പുഞ്ചിരിയോടെ സുപ്പയ്യ വന്നു സ്നേഹത്തോടെ വിളിച്ചപ്പോള്‍ ,കടുത്ത വേനല്‍ ചൂടില്‍ നടന്ന് വരുമ്പോള്‍ അഭയമാ‍യി ഒരു തണല്‍ മരം കിട്ടിയ ആശ്വാസമായിരുന്നു മനസ്സിനു...ആ ആശ്വാസത്തിലാണ് ഭയമെല്ലാം മാറി  സുപ്പായ്യയോടൊപ്പം  ചെന്നത്...

  സുപ്പയ്യ സ്നേഹത്തോടെ നല്‍കിയ പേരാണ് രമേശന്‍ എന്നത്...സുപ്പയ്യ വയറു നിറയെ ഭക്ഷണവും തല ചായ്ചുറങ്ങാന്‍ ഹോട്ടലിന്റെ പിറകില്‍ കുറച്ച് സ്ഥലവും ഒരു കീറ പായയും നല്‍കി.....
 
ദിനരാത്രങ്ങള്‍ പലതു പിന്നിട്ടപ്പോള്‍ പയ്യെ പയ്യെ  അറിയുകയായിരുന്നു സുപ്പയ്യയുടെ ചുവന്നു കലങ്ങിയ കണ്ണുകളിലെ സ്നേഹത്തിന്റേയും വാത്സല്യത്തിന്റെയും തിളക്കം...

ദിവസങ്ങള്‍ കൊഴിഞ്ഞു വീന്നപ്പോള്‍ ഏകനായ സുപ്പയ്യക്ക് സ്വന്തം മകനായി തന്നെ മാറുകയായിരുന്നില്ലേ താന്‍....ഒരു മകനു നല്‍കേണ്ട വാത്സല്യമാണ് ആരോരുമില്ലാത്ത തനിക്ക് സുപ്പയ്യ നല്‍കിയത്...
ക്രമേണ സുപ്പയ്യയോടൊപ്പം കടയിലെ കാര്യങ്ങളില്‍ സഹായിക്കാന്‍ തുടങ്ങി....
ചായ കുടിക്കാന്‍ വരുന്നവര്‍ക്ക് ചായ എടുത്തു കൊടുക്കാനും ഗ്ലാസ് കഴുകാനും ക്രമേണ ശീലിച്ചു.പിന്നെ, പിന്നെ , സ്റ്റേഷനില്‍ ഓരോ വണ്ടി എത്തുമ്പോഴും  പലഹാരങ്ങള്‍ വില്‍ക്കാന്‍ പോയി തുടങ്ങി....

ഒരു പ്രഭാതത്തില്‍ കടയില്‍ സുപ്പയ്യയെ കാണാനില്ല.അന്വേഷിച്ചു ചെന്നപ്പോഴാണ് കാണുന്നത്... വഴിയില്‍ എഴുന്നേല്‍ക്കാന്‍ പോലും ആവാതെ സുപ്പയ്യ തളര്‍ന്നു കിടക്കുന്നത് ..
സുപ്പയ്യ കിടപ്പിലായതോടെ കട നടത്തിപ്പിന്റെ ചുമതല കൂടി ഏറ്റെടുക്കേണ്ടതായി വന്നു... സുപ്പയ്യയുടെ അവസ്ഥ ആകെ തളര്‍ത്തി എങ്കിലും സുപ്പയ്യയുടെ വാക്കുകളാണ് അന്ന്  മനോബലം നല്‍കിയത്...

“ ഈ പാളത്തിലൂടെ കടന്നു പോകുന്ന ഓരോ തീവണ്ടിയുമാണു നമ്മുടെ ജീവിതം..കടന്നു വരുന്ന ഓരോ തീവണ്ടിയിലുമാണു നാം നമ്മുടെ സ്വപ്നം വിതയ്ക്കേണ്ടത്.അതിന്റെ സംഗീതമാണ് നമ്മുടെ ജീവതാളം.ആ താളം കാതോര്‍ത്ത് നീ അവിടെ എത്തണം.ഞനില്ല എങ്കിലും പതിവു പോലെ ആഹാരം വില്‍ക്കാന്‍”

സുപ്പയ്യയുടെ ഈ വാക്കുകള്‍ ഒരു മന്ത്രം പോലെ എന്നും മനസ്സില്‍ പ്രതിധ്വനിച്ചു...

അന്നു മുതല്‍ ഓരോ തീവണ്ടി എത്തുന്ന സമയത്തും ആവശ്യമായ ആഹാര സാധനങ്ങളുമായി സ്റ്റേഷനില്‍  എത്തി തുടങ്ങി....
ഒരു മകന്റെ വാത്സല്യത്തോടെ തന്നെ സുപ്പയ്യയ്യെ ശുശ്രൂഷിച്ചു എങ്കിലും , അധികം താമസിയാതെ ഈ ലോകത്തില്‍ വീണ്ടും തന്നെ തനിച്ചാക്കി സുപ്പയ്യ യാത്രയായി...

വീണ്ടും അനാഥനായി മാറിയപ്പോള്‍ സുപ്പയ്യയുടെ ഓര്‍മ്മകളിലാണ്ആ കട നടത്തി വന്നത്.
എന്നും നാലു മണിയ്ക്കുള്ള തീവണ്ടി കടന്നു പോകുന്ന ശബ്ദം കേട്ടാണ്  ഉറക്കം ഉണരുക.
അന്നും പതിവു പോലെ തന്നെ ഉണര്‍ന്നു.പക്ഷേ ,ശരീരം അനക്കാന്‍ പോലും  കഴിയുന്നില്ല. മേലാസകലം വേദന കൊണ്ട് പുളയും പോലെ തോന്നി.

തീരെ അവശത തോന്നിയതിനാലാണ് അപ്പോള്‍ തന്നെ അടുത്തുള്ള വൈദ്യരെ പോയി കണ്ടത്.വൈദ്യരാണ് ടൌണിലെ വലിയ ആശുപത്രിയിലേക്ക്  കടലാസ്സ് തന്ന് വിട്ടത്.അവിടെ വച്ചായിരുന്നു ആ ഞെട്ടിക്കുന്ന സത്യം അറിഞ്ഞത്....

തനിക്കിനി ഈ യാത്ര അധികം ഇല്ല..ഏതു നേരത്തും മരിച്ചു പോകാം.തന്റെ മജ്ജയിലാകെ അര്‍ബുദം എന്ന മാരക രോഗം പടര്‍ന്നിരിക്കുന്നു .....ദൈവത്തോട് വല്ലാത്ത ഒരു പകയാണ് അപ്പോള്‍ തോന്നിയത്....

ആശുപത്രി കിടക്കയിലായപ്പോഴും തീവണ്ടിയുടെ സംഗീതം കാതുകളില്‍ വന്നലച്ചു കൊണ്ടിരുന്നു...ഇപ്പോള്‍ ഇവിടെ ഈ മരുന്നുകളുടെ ഗന്ധം ശ്വസിച്ച് നിമിഷങ്ങള്‍ എണ്ണി തീര്‍ക്കുമ്പോള്‍ അതു വഴി കടന്നു പോകുന്ന ഓരോ തീവണ്ടിയുടെ ചൂളം വിളിയിലൂടെയും തന്റെ ജീവിത ചക്രം നീങ്ങുന്നതറിയുന്നുണ്ട്....

കടന്നു പോകുന്ന ഓരോ തീവണ്ടികളുടെ താളവും തന്റേ നെഞ്ചിടിപ്പിന്റെ.....
ജീവന്റെ താളമായി തോന്നുകയാണ്....അല്ല അത് കുറയുന്ന ശ്വാസ വേഗതയുടെ താളമായി ഏറ്റുവാങ്ങുകയാണ്...

Friday, March 25, 2011

ഒരു കാശിത്തുമ്പയുടെ ഓർമ്മയ്ക്ക്...


 ചിന്തകള്‍ കനക്കുന്ന മുഷിഞ്ഞ മനസ്സുമായിട്ടാണ് എന്നുമിപ്പോള്‍ ഓരോ ദിനവും കടന്നു പോകുന്നത്.. .നാളെ അതിരാവിലെ തന്നെ അമ്മയെ  കാണാന്‍ പോകണം..എന്നും സമാധാനത്തിന്റെ സന്ദേശം നല്‍കിയിരുന്ന അമ്മയുടെ കണ്ണുകളിലെ നനവ് ഇനിയും മാഞ്ഞു കാണില്ല..

ചിന്തകള്‍ മുറിഞ്ഞു മുറിഞ്ഞ് പിന്നിലേക്കു പോകുമ്പോള്‍ അവിടെ തെളിഞ്ഞു വരുന്നത് പടിപ്പുരയും ഊട്ടുപുരയുമുള്ള തറവാടാണ്.നിറഞ്ഞ പത്തായങ്ങള്‍.നിശ്ശബ്ദതയുടെ ഇരുട്ടു മൂടിയ അകത്തളങ്ങള്‍ ..ദൈവങ്ങള്‍ അന്തിയുറങ്ങിയിരുന്ന മച്ചകങ്ങള്‍. അവിടെ...അവിടെ  എന്റെ ദുര്‍വാശികള്‍ തല്ലി കെടുത്തിയ ചിരികള്‍,ഉയര്‍ന്നു കേള്‍ക്കേണ്ടിയിരുന്ന എത്രയോ കവിതകള്‍, കഥകള്‍.......

ഒഴിവു ദിനങ്ങളില്‍ തറവാട്ടിലെത്തുമ്പോള്‍ അമ്മയ്ക്കെന്നും പറയാനുണ്ടായിരുന്നത് മാലുവിനെ കുറിച്ച് മാത്രമായിരുന്നു.അമ്മയുടെ  സഹോദരന്റെ മകളാണ് മാലിനിയെന്ന മാലു.“ഒന്നു പോകരുതോ നിനക്കവിടെ വരെ...നാളെ തന്നെ ഗോവിന്ദനെയും കൂട്ടി അവിടം വരെ ഒന്നു പോയി വാ.ഒറ്റയ്ക്ക് പോകാന്‍ മടിയാണെന്നുണ്ടെങ്കില്‍ ഞാന്‍ കൂടി വരാം..”

ആ വരട്ടെ,നമുക്ക് പോകാം.. എന്ന് അലസമായി മറുപടി നല്‍കുമെങ്കിലും അമ്മയുടെ നിര്‍ബന്ധം നാള്‍ക്ക് നാള്‍ മുറുകി വന്നപ്പോഴാണ് എല്ലാറ്റിനും സമ്മതം നല്‍കേണ്ടി വന്നത്....

പഠിത്തം പൂര്‍ത്തിയാക്കിയപ്പോള്‍ തന്നെ അമ്മയുടെ പ്രാര്‍ഥനകളുടെ ഫലമാവാം ഐ ടി കമ്പനിയില്‍ ഒരു നല്ല ജോലി എനിക്ക് ലഭിച്ചത്.ജോലി കഴിഞ്ഞ് എന്നും കൂട്ടുകാരുമൊത്ത് ഒരു കൂടല്‍..പരിചയപ്പെട്ടത്തിന്റെ ആദ്യനാളുകളില്‍ തന്നെ തുടങ്ങിയ ശീലമായിരുന്നു മദ്യപാനവും കഞ്ചാവും.. സൌഹൃദത്തിന്റെ പളുങ്കു പാത്രത്തെ എന്നും ഞങ്ങളുടെ സംഘം മദ്യത്തിന്റെ ഈര്‍പ്പം കൊണ്ട് ഈറനണിയിച്ചു കൊണ്ടേയിരുന്നു....എല്ലാ ദിവസങ്ങളിലും സന്ധ്യ കനക്കുന്നതു വരെ അതു തന്നെയായിരുന്നു ഞങ്ങളുടെ വിനോദവും...

ഇതൊന്നും അമ്മയ്ക്കറിയില്ലല്ലോ.മാസത്തിലൊരുനാള്‍ തറവാട്ടിലെത്തുമ്പോള്‍ എന്നും അമ്മയ്ക്ക് ഞാനൊരു നല്ല കുട്ടി തന്നെയായിരുന്നു ..

എന്റെയും മാലുവിന്റെയും വിവാഹം എത്രയും വേഗം നടത്തണമെന്ന ആഗ്രഹം അമ്മയെ പോലെ തന്നെ രാഘവമ്മാവനും ഉള്ളതു പോലെ തോന്നി..“അമ്മയില്ലാതെ വളര്‍ന്ന കുട്ടിയാ എന്റെ മാലു..അവളെ അങ്ങോട്ട് ഏല്പിച്ചു കഴിഞ്ഞാലേ എനിക്ക് ആശ്വാസമാകൂ” എന്നാണ് രാഘവനമ്മാവന്‍ അന്ന് പറഞ്ഞത്...

മനസ്സു കൊണ്ട് ഒട്ടും ഇഷ്ടമായിരുന്നില്ല  ഉടന്‍ ഒരു വിവാഹം.. കൂട്ടുകാരൊക്കെ അതുമിതും പറഞ്ഞ് വല്ലാതെ കളിയാക്കിയിരുന്നു.എങ്കിലും, അമ്മയുടെ നിര്‍ബന്ധത്തിനു വിട്ടു കൊടുത്തു എല്ലാം..
വിവാഹത്തിന് എല്ലാവരും വന്നെത്തിയപ്പോള്‍ പരിചയത്തിന്റെയും ബന്ധത്തിന്റെയും ചില്ലകളില്‍ തളിരുകള്‍ നിറയുകയും ഇലകളുടെ കവരത്തില്‍ മൊട്ടുകളുയരുകയും ചെയ്തു.ബന്ധുക്കളെയെല്ലാം തന്നെക്കാള്‍ കൂടുതല്‍ അറിയുന്നത് മാലുവിനാണെന്ന് കണ്ടപ്പോള്‍ അവളോട് ആദ്യമായി ലേശം അസൂയ തോന്നി..

അവളുടെ സംസാരം മാറി നിന്ന് നോക്കി കാണുകയായിരുന്നു.കഥയും കവിതയും വിടരുന്ന തിളങ്ങുന്ന കണ്ണുകളും ചിരിയ്ക്കുമ്പോള്‍ കവിളില്‍ തെളിയുന്ന നുണക്കുഴിയും അവളുടെ സൌന്ദര്യത്തിനു മാറ്റു കൂട്ടുന്നതു പോലെ തോന്നിയെങ്കിലും മനസ്സിന്റെ ഒരു കോണില്‍ അപ്പോഴും ഒളി മങ്ങാതെ മറ്റു ചില മുഖങ്ങള്‍ നിറഞ്ഞു നിന്നു...അവരെ പോലെ തന്നെയാകുമോ ഇവളും.മനസ്സിലെവിടെയോ അശാന്തിയുടെ വിത്തുകള്‍ മുളപൊട്ടിയ പോലെ...

വിവാഹത്തിന്റെ ആദ്യനാളുകളില്‍ തന്നെ പിണക്കത്തിന്റെ വേലിയേറ്റവുമുണ്ടായി തുടങ്ങി.
എന്തോ, മനസ്സു കൊണ്ട് അവളുമായി പെരുത്തപ്പെടാന്‍ അവളെ സ്നേഹിക്കാന്‍ എനിക്കായില്ല..എന്തിനും ഏതിനും കുറ്റപ്പെടുത്തലുകളായിരുന്നു ഞാനവള്‍ക്ക് വിധിച്ചത്. എന്തെങ്കിലും മറുപടി അതിനവള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ മിണ്ടരുത് എന്ന താക്കീതോടെ ഞാനവളെ മര്‍ദ്ദിച്ചിരുന്നു.

സിഗററ്റിന്റെ ഗന്ധം ശ്വാസം മുട്ടിക്കുന്നു എന്ന് പറഞ്ഞ് എന്നോടവള്‍ വെറുപ്പ് പ്രകടിപ്പിച്ചപ്പോള്‍ അവളോട് വല്ലാത്ത പകയാണ് തോന്നിയത് ..അപ്പോള്‍ മദ്യത്തിന്റേതായാലോ എന്ന് പറഞ്ഞ് ഒളിപ്പിച്ചു വച്ചിരുന്ന മദ്യക്കുപ്പി  പുറത്തെടുക്കുന്നതു കണ്ട് അമ്മയ്ക്കരികിലേക്ക് ഓടി പോകുന്ന അവളെ കണ്ടപ്പോള്‍ .. അതായിരുന്നു ആദ്യമായി അവളെന്നെ തോല്പിച്ച നിമിഷം..

എല്ലാവരുടെയും മുന്നില്‍ എന്നെ തോല്പിക്കുവാന്‍ എത്തിയിരിക്കുന്ന ഒരുവള്‍ എന്ന ചിന്ത എന്നെ വല്ലാതെ അസ്വസ്ഥനാക്കി.അന്ന്, ആദ്യമായാണ് ഞാനൊരു മദ്യപാനിയാണെന്ന് അമ്മ അറിഞ്ഞത് .. അമ്മയുടെ കണ്ണീരിനു മുമ്പില്‍ തലകുനിച്ചു നിന്നപ്പോള്‍ എന്റെ മനസ്സില്‍ അവളോടുള്ള പകയുടെ പന്തം ആളി കത്തുകയായിരുന്നു...

ആര്‍ക്ക് മുന്നിലും തോല്‍ക്കാത്ത എന്നെ തോല്പിക്കാനെത്തിയ  അവളെ കഴുത്തു ഞെരിച്ച് കൊല്ലാനുള്ള ആവേശത്തോടെയാണ് ഞാനെന്റെ വിരലുകള്‍ അവളുടെ  കഴുത്തില്‍ ആഴ്ന്നിറക്കിയത്...പക്ഷേ, അന്ന് അമ്മയുടെ ഇടപെടല്‍ അവളെ രക്ഷിച്ചു..

എങ്കിലും, ഇത്തിരി ശ്വാസത്തിനായുള്ള ആ പിടച്ചിലില്‍ അവള്‍ക്ക് നഷ്ടമായത് കവിതയ്ക്കും സംഗീതത്തിനുമായി അവള്‍ കാത്തു സൂക്ഷിച്ച അവളുടെ ശബ്ദമായിരുന്നു..ഏറെ നാളിലെ ചികിത്സയ്ക്കു ശേഷവും “ഇനി പഴയ പോലെ  പാട്ടും കവിതയും ഒന്നും പാടില്ല, ശബ്ദത്തിന് ആയാസം ഒട്ടും കൊടുക്കരുത് കൊടുത്താല്‍ വീണ്ടും ശബ്ദം നഷ്ടപ്പെടാം” എന്ന ഡോക്ടറുടെ നിര്‍ദ്ദേശം കേട്ടപ്പോള്‍ അവള്‍ ഇത്തിരി മൌനത്തിന്റെ പേടകത്തിലായി എന്ന് അറിഞ്ഞ നിമിഷം അന്നെന്റെ മനസ്സ് എത്രയെന്നോ സന്തോഷിച്ചത്..

ഒരു സിനിമയ്ക്കോ പാര്‍ക്കിലോ ഒരു ഷോപ്പിംഗിനു  പോലുമോ അവളെ ഞാന്‍ ഒരിക്കല്‍ പോലും കൊണ്ടു പോയിട്ടില്ല.. ബൈക്കില്‍ കൂട്ടുകാരുമായി ചെത്തി പാഞ്ഞു നടക്കുന്ന ഞാന്‍ ഒരുവളുടെ ഭര്‍ത്താവാണെന്ന് ആരും അറിയണ്ട എന്ന വിചാരമായിരുന്നു മനസ്സില്‍.സ്വന്തമാക്കിയ അന്നു മുതല്‍ ഞാന്‍ പറയുന്നത് അനുസരിച്ച്  എനിക്ക് വേണ്ടി മാത്രം ജീവിക്കേണ്ടവളാണവള്‍.ഞാന്‍ വരയ്ക്കുന്ന ഒരു വൃത്തത്തിനപ്പുറം അവളെ കടത്തി വിടരുത് എന്ന  വിചാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ..

ആ നാലുക്കെട്ടിന്റെ ചുവരുകള്‍ കടന്ന് അവള്‍ക്കൊരു യാത്ര ഞാന്‍ വിധിച്ചിട്ടില്ലായിരുന്നു. അവളുടെ  നോട്ടമോ ചിരിയോ മറ്റുള്ളവരില്‍ എത്തുന്നത് കാണുന്നത് തന്നെ എന്റെ മനസ്സിനെ എന്തുകൊണ്ടോ പൈശാചികമാക്കിയിരുന്നു..അതു കൊണ്ടു തന്നെ തുടര്‍ന്ന് പഠിക്കണമെന്ന അവളുടെ ആഗ്രഹത്തിനും ഞാന്‍ തിരശ്ശീലയിട്ടു....അതില്‍ അമ്മയ്ക്കും രാഘവമ്മാവനും എന്നോട് നീരസം ഉളവാക്കിയെങ്കിലും എന്റെ വാശിയില്‍ എല്ലാവരും നിശ്ശബ്ദരാവുകയായിരുന്നു..

“ശേഖരനു സുഖമില്ല അവളൊന്ന് പോയി നില്‍ക്കട്ടെ കുറച്ചു ദിവസം”എന്ന് അമ്മ ചോദിച്ചപ്പോള്‍ തന്നെ മനസ്സിലായി ആ ചോദ്യത്തിനു പിന്നില്‍ അവളാണെന്ന്... അതു കൊണ്ടു തന്നെ കര്‍ശനമായി പറഞ്ഞു   “അങ്ങനെ നില്‍ക്കണ്ട.അമ്മയുമൊത്ത് പോയി കണ്ടു വരൂ” എന്ന് .എന്നിട്ടും തിരിച്ച് അമ്മയുമൊത്ത് അവള്‍ വന്നില്ല എന്നറിഞ്ഞ നിമിഷം ഞാനൊരു കാട്ടാളനാവുകയായിരുന്നു..

അന്ന്, പതിവില്‍ കവിഞ്ഞ് കൂടുതല്‍ മദ്യപിച്ചു..അവളെ കൊണ്ടു ചെന്നാക്കിയ അമ്മ തന്നെ അവളെ തിരിച്ചു കൊണ്ടു വരണമെന്ന എന്റെ അലര്‍ച്ച  കേട്ട് അമ്മ നടുങ്ങി പോയി...സിംഹകൂട്ടിലകപ്പെട്ട പേടമാനിനെ പോലെ പേടിച്ചു വിറച്ചു എന്റെ മുന്നിലെത്തിയ മാലുവിനെ കണക്കില്ലാതെ ഉപദ്രവിച്ചു...തടയാനെത്തിയ അമ്മയെ പിടിച്ചു തള്ളി മാറ്റി.അമ്മയുടെ വീഴ്ച കൂടി കണ്ടപ്പോള്‍ എന്റെ ദേഷ്യം പതിന്മടങ്ങു വര്‍ദ്ധിച്ചു.

അവളെ കൊല്ലാനാണ് തോന്നിയത്.അവിടെ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അവളുടെ മുടിക്കെട്ടിലാണ് പിടി കിട്ടിയത്.മുടിക്കെട്ടില്‍ പിടിച്ച് അവളുടെ തല ഞാന്‍ ഭിത്തിയില്‍ ആഞ്ഞിടിച്ചു. ശക്തമായ ആ ഇടിയില്‍ അവളുടെ നെറ്റി പൊട്ടി രക്തം വന്നു..
.
അന്നും, അമ്മ എന്റെ കാലു പിടിച്ച് കേണു കരഞ്ഞിട്ടാണ് അവളെ ഞാന്‍ വെറുതെ വിട്ടത്.അവളെ ആശുപത്രിയില്‍ എത്തിക്കണമെന്ന് അമ്മ പറഞ്ഞിട്ടും ഞാനത് കേട്ടതായി ഭാവിച്ചില്ല...“ എന്റെ വാക്ക് കേള്‍ക്കാത്തവര്‍ ചത്തു തുലയട്ടെ ” എന്നായിരുന്നു അപ്പോള്‍ അമ്മയ്ക്ക് ഞാന്‍ നല്‍കിയ മറുപടി.

അടുത്ത ദിനം രാധേട്ടത്തി വന്നപ്പോള്‍ “കോലായ കഴുകിയപ്പോള്‍ കാലു തെറ്റി വീണതാ രാധേട്ടത്തി, നെറ്റി ഇത്തിരി പൊട്ടി..വീണതിന്റെ മേലുവേദന” എന്നെക്കെയവള്‍ പറയുന്നത് കേട്ട് അമ്മയും നിശ്ശബ്ദയായി നില്ക്കുന്നതു കണ്ടപ്പോള്‍.. ഹോ! രക്ഷപ്പെട്ടു എന്ന ആശ്വാസമായിരുന്നു മനസ്സില്‍......

പിറ്റേന്ന്,ന്യൂ ഇയര്‍ പാര്‍ട്ടി കഴിഞ്ഞ് വരുന്ന വഴി എന്തോ ഒന്ന് വണ്ടിയ്ക്ക് മുന്നിലൂടെ എടുത്തു ചാടിയ പോലെ തോന്നിയാണ് പെട്ടെന്ന് ബ്രേക്ക് ചവിട്ടിയത് .ബൈക്കില്‍ നിന്ന് തെറിച്ചു വീണ എനിക്ക് ബോധം കിട്ടിയപ്പോള്‍ ആദ്യം കണ്ടത് ആശുപത്രി കിടക്കയില്‍ എനിക്കരികിലിരുന്നു കരയുന്ന മാലുവിനെയാണ്.

അപകടം നടന്നതിന്റെ ആദ്യ ദിവസങ്ങളില്‍ ഒന്നു വന്ന് പോയ കൂട്ടുകാര്‍ ആരും തന്നെ പിന്നെയൊന്ന് അന്വേഷിച്ചു വരിക പോലുമുണ്ടായില്ല. വേദന നിറഞ്ഞ ആ ദിവസങ്ങളില്‍ മാലു മാത്രമായിരുന്നു ഏക ആശ്വാസം...കൂടെകൂടെ അവളും വല്ലാതെ തലവേദന അനുഭവിക്കുന്നതു പോലെ തോന്നിയിരുന്നു..എന്നാലും, ഞാന്‍ നിമിത്തമുണ്ടായ മുറിവിനെ കുറിച്ച് ചോദിക്കാന്‍ മനസ്സ് അനുവദിച്ചില്ല..ആശുപത്രിയില്‍ പലരും അവളുടെ തലയിലെ മുറിവിനെ കുറിച്ചും തിരക്കിയപ്പോഴൊക്കെ രാധേട്ടത്തിയോട് പറഞ്ഞ കള്ളക്കഥ തന്നെ അവള്‍ ആവര്‍ത്തിച്ചു.

അവളെ ആദ്യമായി സ്നേഹിച്ചു തുടങ്ങുകയായിരുന്നു ഞാന്‍.അവളറിയാതെ എന്റെ മനസ്സില്‍ അവളോടുള്ള സ്നേഹത്തിന്റെ വാര്‍മഴവില്ല് വിരിയുകയായിരുന്നു.പലപ്പോഴും ജനലഴികളിലൂടെ പഞ്ഞിക്കൂടു പോലെ നീങ്ങുന്ന മേഘക്കീറുകളെ നിര്‍നിമേഷയായി അവള്‍ നോക്കി നില്‍ക്കുന്നത് കാണാം..“മേഘങ്ങളോട് എന്ത് കഥയാണ് നീ പറയുന്നതെന്ന് ചോദിക്കാന്‍ നാവ് തുടിച്ചെങ്കിലും... പെട്ടെന്ന് ആ സ്നേഹം പുറത്തു കാട്ടാന്‍ എനിക്ക് അന്ന് എന്തോ തോന്നിയില്ല...

“വീട്ടില്‍ പോയി ഭക്ഷണം എടുത്തു വരട്ടെ ? “ എന്ന് ചോദിക്കുന്നതു പോലും പേടിച്ചാണ് ..“എന്തിനാ നിനക്കിത്ര പേടി മാലൂ,..നീ പോയി വാ” എന്ന് അവളെ സ്നേഹത്തോടെ യാത്രയയ്ക്കണമെന്ന് തോന്നി...എന്നാലും വേണ്ട ഇപ്പോള്‍ വേണ്ട...ഒരു ആഴ്ച കൂടി കഴിഞ്ഞാല്‍ ആശുപത്രി വിട്ടു വീട്ടിലെത്താം. അതിനു ശേഷം വേണം മാലുവിനെ സ്നേഹം കൊണ്ട് പൊതിയാന്‍ ...

ഒരു തുമ്പപ്പൂ പോലെ പരിശുദ്ധയാണവള്‍..അവള്‍ക്ക് നഷ്ടപ്പെടുത്തിയ നല്ല ദിനങ്ങള്‍ തിരിച്ചു നല്‍കാന്‍ ,അവളെ സ്നേഹം കൊണ്ട് വീര്‍പ്പു മുട്ടിക്കാന്‍,എനിക്ക് കൊതിയായി...അവളുടെ പഴയ ദിനങ്ങളിലേക്ക് അവളെ കൂട്ടികൊണ്ടു വരണം. കഥയും കവിതകളും എഴുതുന്ന പാവം കുട്ടിയായിരുന്നു അവള്‍ ....അവളെ വീണ്ടും പഠിപ്പിക്കണം. അവള്‍ ആഗ്രഹിച്ച പോലെ ഒരു യാത്ര അമ്മയും അവളുമായി ഗുരുവായൂര്‍ക്ക് ... നല്ല ഒരു ഡോക്ടറെ കാണിച്ച് അവള്‍ക്ക് താന്‍ നഷ്ടപ്പെടപ്പെടുത്തിയ ശബ്ദം തിരികെ നല്‍കണം....എന്നൊക്കെ മനസ്സില്‍ കണ്ടു കിടന്നപ്പോള്‍ സമയം പോയതറിഞ്ഞില്ല..

ഭക്ഷണം എടുത്തു വരേണ്ട സമയം കഴിഞ്ഞിട്ടും മാലുവിനെ കാണുന്നില്ലല്ലോ എന്നോര്‍ത്ത് അവളുടെ പദനിസ്വനത്തിനു കാതോര്‍ത്ത് കിടന്ന് മയങ്ങി പോയി..“മോനെ , എഴുന്നേല്‍ക്ക് ഭക്ഷണം കഴിക്ക്..”എന്ന ഗോവിന്ദമാമയുടെ ശബ്ദം കേട്ടാണ് ഉണര്‍ന്നത്. മാലു എവിടെ...?അവളെവിടെ..?മുന്‍പൊന്നും തോന്നാത്ത രീതിയില്‍ അവളെ കാണാന്‍ എന്റെ കണ്ണുകള്‍ വല്ലാതെ കൊതിക്കും പോലെ..

“നീയാരെയാ നോക്കുന്നത് ഇല്ല ...മാലു വന്നിട്ടില്ല..ഇവിടുന്ന് വന്നപ്പോള്‍ കയറി കിടന്നതാ തലവേദനിക്കുന്നൂന്നും പറഞ്ഞ്  ഞാനിങ്ങോട്ട് ഇറങ്ങിയപ്പോള്‍ ശാരദയും രാഘവനും കൂടി അവളെ കരുണാകരന്‍ ഡോക്ടറെ കാണിക്കാന്‍ കൊണ്ടു പോയി..നീ ആഹാരം കഴിക്ക്..ഇന്നിനി എന്നോട് ഇവിടെ നില്‍ക്കാന്‍ പറഞ്ഞിരിക്കയ  ശാരദ.”..

അമ്മയോട് വല്ലാത്ത ദേഷ്യം തോന്നി..എന്തിനാ അവളെ മറ്റൊരിടത്തേക്ക് കൊണ്ടു പോയത് ഇവിടെയും ഉണ്ടായിരുന്നില്ലേ ഡോക്ടര്‍മാര്‍ ഇവിടേക്ക് കൊണ്ടു വരാമായിരുന്നില്ലേ..മനസ്സ് വല്ലാതെ അസ്വസ്ഥമാകും പോലെ..രാത്രിയിലെ നിശ്ശബ്ദതയിലേക്ക് ആശുപത്രിയും പരിസരവും അലിഞ്ഞു ചേര്‍ന്നപ്പോള്‍ മനസ്സില്‍ അവളുടെ ഓര്‍മ്മകള്‍ വല്ല്ലാതെ ശ്വാസതടസ്സം സൃഷ്ടിക്കും പോലെ അനുഭവപ്പെട്ടു....

പിറ്റേന്ന് അതിരാവിലെ ഉണര്‍ന്നപ്പോള്‍ തന്നെ മനസ്സില്‍ നിറഞ്ഞത് മാലുവായിരുന്നു ..ഇന്ന് മാലു വരുമ്പോള്‍ ആ നെറ്റിയിലെ മുറിവില്‍ തലോടി  ആശ്വസിപ്പിച്ച്, ചെയ്തു പോയ തെറ്റുകള്‍ക്കെല്ലാം അവളോട് മാപ്പു ചോദിച്ച്, ആ മടിയില്‍ തലചായ്ച്ച് ഒന്നു മയങ്ങണം ഇനിയും അവള്‍ക്ക് എന്റെ സ്നേഹം നിഷേധിച്ചു കൂടാ .അവള്‍ക്കും എനിയ്കും ഇടയിലുള്ള മൌനത്തിന്റെ തിരശ്ശീല എന്റെ സ്നേഹം കൊണ്ട് ഇല്ലാതാക്കണം....

“ആരോ വാതിലില്‍ മുട്ടുന്നുണ്ടല്ലോ..ആരാ ഇത്ര രാവിലെ...?” എന്ന് ചോദിച്ച് അല്പം ഈര്‍ഷ്യയോടെ ഗോവിന്ദമാമന്‍ വാതില്‍ തുറന്നപ്പോഴാണ് കാണുന്നത്   രാഘവനമ്മാവന്‍ .“മോനെ, മാലൂനു തീരെ വയ്യ..അവളെ അവിടെ അഡ്മിറ്റ് ചെയ്തിരിക്കയാണ്.കോലായില്‍ കാലു തെറ്റി അവള്‍ വീണീരുന്നില്ലേ..ആ വീഴ്ചയില്‍ അവള്‍ക്ക് പറ്റിയ തലയിലെ മുറിവ് ..അത് ചെറുതായിരുന്നില്ല മോനേ, അവിടെ രക്തം കട്ട പിടിച്ച് കിടക്കയാ..എന്റെ കുട്ടി ഇത്ര ദിവസം ആ വേദന അനുഭവിക്കയായിരുന്നു.ഞാന്‍ ആശുപത്രിയിലേക്ക് പോവ്വാണ്. അവിടെ തന്നെയായിരുന്നു രാത്രിലും ശാരദ അവിടെയുണ്ട് നിങ്ങളോട് വിവരം അറിയ്ക്കാന്‍ വന്നതാ  ”എന്ന് പറഞ്ഞ് ഉടന്‍ തന്നെ യാത്ര പറഞ്ഞ് രാഘവനമ്മാവന്‍ പോയപ്പോള്‍ എന്റെ നെഞ്ചിലെ സ്വപ്നങ്ങളിലേക്ക് ആരോ കനല്‍ വാരിയിടും പോലെയുള്ള നീറ്റലാണ് ഉണ്ടായത്.എല്ലായ്പോഴും എന്റെ ചിന്തകള്‍ക്ക്  നടുവിലേക്ക് ഏതെങ്കിലും ഒരു തടസ്സം ഞാനറിയാതെ വന്നു വീഴുന്നത് എന്റെ ഒരു നിയോഗം തന്നെയാവാം...

അവളുടെ അരികിലെത്താന്‍ മനസ്സ് വല്ലാതെ വിതുമ്പി..പക്ഷേ...എന്റെ ഈ അവസ്ഥയില്‍ ഞാനെങ്ങനെ അവള്‍ക്കരികിലെത്തും..രണ്ടു മൂന്ന് ദിവസം കഴിഞ്ഞിട്ടും അവളെ കാണാനാകാതെ സ്വസ്ഥത നശിച്ചപ്പോള്‍ അവളുടെ ഓര്‍മ്മകള്‍ ശലഭങ്ങളായി എനിക്ക് ചുറ്റും പറന്ന് എന്നെ വല്ലാതെ ഭ്രമിപ്പിച്ചിരുന്നു....

ആശുപത്രിയില്‍ എന്നെ തനിച്ചാക്കി പോകാന് അന്ന് അവള്‍ക്ക്  ഒട്ടും ഇഷ്ടമില്ലാതിരുന്നിട്ടും എന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് മനസ്സില്ലാമനസ്സോടെ അവള്‍ വീട്ടിലേക്ക് പോയത്. തുടര്‍ച്ചയായ് കുറെയേറെ ദിവസങ്ങളായി ഊണും ഉറക്കവും കൃത്യമായി ഇല്ലാതെ.വല്ലാതെ ക്ഷീണിച്ചിരുന്നു പാവം.
ഒരു സന്ധ്യാ നേരത്ത്  അജിയും മഹിയും  വന്ന് “നമുക്ക് വീട്ടില്‍ പോകാമെടാ എന്ന്  അജി പറഞ്ഞപ്പോള്‍ ...”മനസ്സില്‍ സന്തോഷം തോന്നിയെങ്കിലും പെട്ടെന്നാണ് ഓര്‍ത്തത് “അതെന്താ ഈ നേരത്ത്? ഇപ്പോഴെന്താ? എവിടേക്കാ? നമുക്ക് മാലുവിന്റെ അടുത്തേക്ക് പോയിട്ട് വീട്ടിലേക്ക് പോകാം ..എനിക്കവളെ ഒന്നു കാണണം ...”അപ്പോഴാണ് കണ്ടത് ഗോവിന്ദമാമ ഭിത്തിയില്‍ ചാരി നിന്ന് മുഖമമര്‍ത്തി കരയുന്നു...എല്ലാവരുടെയും മുഖം വല്ലാതെ വിങ്ങുന്നത് കണ്ടപ്പോള്‍ തന്നെ തോന്നി എന്തോ  അഹിതം സംഭവിച്ചു എന്ന്....പിന്നെ ഒന്നും ചോദിച്ചില്ല..മനസ്സില്‍ ചിന്തകള്‍ അലയാഴി പൊലെ ആര്‍ത്തലയ്ക്കും പോലെ... ഒന്നും ഉരിയാടാനാകാതെ അവര്‍ക്കൊപ്പം യാത്രയായി...

വീട്ടിനു മുന്നില്‍ വണ്ടി എത്തിയപ്പോള്‍ കണ്ടു അവിടവിടെയായി എല്ലാരും കൂടി നില്‍ക്കുന്നു...എന്താണ് സംഭവിച്ചത് മഹി...? എന്ന ചോദ്യത്തിനു ഉയര്‍ന്നു കേട്ടത് അമ്മയുടെ നിലവിളിയായിരുന്നു.

“മേനേ, പോയെടാ ...മാലൂ പോയെടാ....” എന്താ ഈ കേള്‍ക്കുന്നത് ....പെട്ടെന്ന്  വല്ലാത്ത ഒരു മരവിപ്പ് ശരീരമാകെ തോന്നി....

“എന്റെ മാലൂ...അവള്‍ക്കെന്താ പറ്റിയത്...? ആരെങ്കിലും ഒന്നു പറയൂ...അവള്‍ എവിടെ..?” വിങ്ങിപൊട്ടുന്ന ശബ്ദത്തില്‍ ഭാസ്കരേട്ടനാണ് പറഞ്ഞത്..“അന്നത്തെ  വീഴ്ചയില്‍ അവള്‍ക്ക് തലയ്ക്കക്കത്ത് ക്ഷതം പറ്റിയിരുന്നു മോനേ..രണ്ടു ദിവസമായി അബോധാവസ്ഥയിലായിരുന്ന മാലൂട്ടി കുറച്ച്  മുമ്പ്....”.

ആ വാക്കുകള്‍ മുള്ളാണി പോലെ മനസ്സില്‍ തറഞ്ഞു കയറി...“യ്യോ! എന്റെ മാലൂ....അവളെ ഞാന്‍ .....” വാക്കുകള്‍ തൊണ്ടയില്‍ കുടുങ്ങുകയാണ്..ഇത്ര വേദന ഉള്ളിലൊതുക്കിയിട്ടും ഒരക്ഷരം പോലും അവള്‍ എനിക്കെതിരായി ആരോടും പറഞ്ഞിട്ടില്ല. സ്നേഹിക്കയായിരുന്നു അവള്‍ എന്നെ. സ്നേഹം കൊണ്ട് തോല്പിച്ചു അവളെന്നെ...

മാലൂനെ കുറിച്ചോര്‍ക്കുമ്പോള്‍....എന്റെയീ കൈകളില്‍ ഒരിറ്റു ശ്വാസത്തിനായി പിടയുന്ന അവളുടെ  ദയനീയമായ മുഖം...സ്വപ്നങ്ങളെല്ലാം ഉള്ളിലൊതുക്കി കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നടുമുറ്റത്ത് അകലേക്ക് നോക്കിയിരിക്കുന്ന മാലുവിന്റെ മുഖം ..അതാണ് ഓര്‍മ്മയില്‍ നിറയുന്നത്....എന്റെ മനസ്സിനെ ശ്വാസം മുട്ടിക്കുന്നത്...അവളുടെ ചിരി കെടുത്തിയത് എന്റെയീ കരങ്ങളാണ് ...ഞാനാണവളെ കൊന്നത്....ഇത്തിരി സ്നേഹം പോലും നല്‍കാതെ എന്റെ മാലൂനെ ഞാന്‍ കൊന്നു...ആഴത്തില്‍ ഞാനവള്‍ക്ക് വേദനയുണ്ടാക്കിയിട്ടും ആരോടും എന്നെ കുറിച്ച് ഒരു പരിഭവവും പറയാതെ എന്നെ സ്നേഹിച്ച് സ്നേഹിച്ച്  അവള്‍ പോയി...

എന്റെ സ്വപ്നങ്ങള്‍ക്ക് കറുപ്പ് വര്‍ണ്ണം ചാലിച്ചെഴുതിയത് എന്റെ  കരങ്ങളാണ്..ദുഃഖങ്ങളുടെ വലിയ പായ നിവര്‍ത്തി വച്ച് കാറ്റിന്റെ ഗതിക്കൊപ്പം ഇനി എനിക്ക്  എന്റെ യാത്ര തുടരാം.. കണ്ണീരിന്റെ  ഉപ്പുള്ള ചോരപുരണ്ട മനസ്സുമായി ഈ ജന്മശാപമീ കരങ്ങളില്‍ പേറിയിനി എത്രനാള്‍ ഞാന്‍ ജീവിക്കണം.........