Thursday, August 18, 2011

ജീവതാളം......


തുരുമ്പിച്ച ജനലഴികളില്‍ പിടിച്ച് രമേശന്‍ പുറത്തെ കാഴ്ചകളിലേക്ക് നോക്കിയിരുന്നു.അവിടെ , ജീവിതവും ആഗ്രഹങ്ങളും പോലെ സമാന്തരങ്ങളായി പോകുന്ന പാളങ്ങളില്‍ മിഴികള്‍ ഉടക്കി നിന്നു....

അതു വഴി കടന്നു പോകുന്ന ഓരോ തീവണ്ടികളുടെ ഒച്ചയും ഇന്ന്  നെഞ്ചിടിപ്പ് കൂട്ടുന്നതു പോലെ...ഓരോ തീവണ്ടി കടന്നു പോകുമ്പോഴും  ജീവിതയാത്രയുടെ കാതം കുറയ്ക്കും പോലെ തോന്നി...

ഒരിക്കല്‍, ഇതു പോലെ ഒരു തീവണ്ടി കടന്നു പോയപ്പോഴാണ് മാതാപിതാക്കള്‍ ഉപേക്ഷിച്ചതാവുമോ അന്ന്.....എല്ലാവരില്‍ നിന്നും എങ്ങനെയോ ഒറ്റപ്പെട്ടാണ് ചൊവ്വയൂര്‍ ഗ്രാമത്തിലെ റെയില്‍വേ സ്റ്റേഷനില്‍ എത്തപ്പെട്ടത്...

തികച്ചും അപരിചിതമായ അന്തരീക്ഷത്തില്‍ ...ആള്‍ക്കൂട്ടത്തിനു നടുവില്‍ അകപ്പെട്ടു പോയ അഞ്ചു വയസ്സുകാരന്‍ കുട്ടി..  വിശന്നു വലഞ്ഞ്  ഒരു മൂലയില്‍ ഒതുങ്ങി കൂടിയിരുന്നു വിതുമ്പി കരയുന്നത് കണ്ടത് അവിടെ ഒരു ഭക്ഷണശാല നടത്തുന്ന സുപ്പയ്യ ആയിരുന്നു....

ചുവന്നു കലങ്ങിയ കണ്ണുകളും വലിയ മീശയും വലിയ ശരീരവുമുള്ള സുപ്പയ്യയെ കണ്ടപ്പോള്‍...ആ രൂപം അടുത്തടുത്ത് വന്നപ്പോഴേക്കും   പേടിച്ച് ഉറക്കെ നിലവിളിക്കാന്‍ തുടങ്ങിയിരുന്നു...  
എങ്കിലും ,ചൂടു പാറുന്ന ചായയുമായി ഒരു ചെറു പുഞ്ചിരിയോടെ സുപ്പയ്യ വന്നു സ്നേഹത്തോടെ വിളിച്ചപ്പോള്‍ ,കടുത്ത വേനല്‍ ചൂടില്‍ നടന്ന് വരുമ്പോള്‍ അഭയമാ‍യി ഒരു തണല്‍ മരം കിട്ടിയ ആശ്വാസമായിരുന്നു മനസ്സിനു...ആ ആശ്വാസത്തിലാണ് ഭയമെല്ലാം മാറി  സുപ്പായ്യയോടൊപ്പം  ചെന്നത്...

  സുപ്പയ്യ സ്നേഹത്തോടെ നല്‍കിയ പേരാണ് രമേശന്‍ എന്നത്...സുപ്പയ്യ വയറു നിറയെ ഭക്ഷണവും തല ചായ്ചുറങ്ങാന്‍ ഹോട്ടലിന്റെ പിറകില്‍ കുറച്ച് സ്ഥലവും ഒരു കീറ പായയും നല്‍കി.....
 
ദിനരാത്രങ്ങള്‍ പലതു പിന്നിട്ടപ്പോള്‍ പയ്യെ പയ്യെ  അറിയുകയായിരുന്നു സുപ്പയ്യയുടെ ചുവന്നു കലങ്ങിയ കണ്ണുകളിലെ സ്നേഹത്തിന്റേയും വാത്സല്യത്തിന്റെയും തിളക്കം...

ദിവസങ്ങള്‍ കൊഴിഞ്ഞു വീന്നപ്പോള്‍ ഏകനായ സുപ്പയ്യക്ക് സ്വന്തം മകനായി തന്നെ മാറുകയായിരുന്നില്ലേ താന്‍....ഒരു മകനു നല്‍കേണ്ട വാത്സല്യമാണ് ആരോരുമില്ലാത്ത തനിക്ക് സുപ്പയ്യ നല്‍കിയത്...
ക്രമേണ സുപ്പയ്യയോടൊപ്പം കടയിലെ കാര്യങ്ങളില്‍ സഹായിക്കാന്‍ തുടങ്ങി....
ചായ കുടിക്കാന്‍ വരുന്നവര്‍ക്ക് ചായ എടുത്തു കൊടുക്കാനും ഗ്ലാസ് കഴുകാനും ക്രമേണ ശീലിച്ചു.പിന്നെ, പിന്നെ , സ്റ്റേഷനില്‍ ഓരോ വണ്ടി എത്തുമ്പോഴും  പലഹാരങ്ങള്‍ വില്‍ക്കാന്‍ പോയി തുടങ്ങി....

ഒരു പ്രഭാതത്തില്‍ കടയില്‍ സുപ്പയ്യയെ കാണാനില്ല.അന്വേഷിച്ചു ചെന്നപ്പോഴാണ് കാണുന്നത്... വഴിയില്‍ എഴുന്നേല്‍ക്കാന്‍ പോലും ആവാതെ സുപ്പയ്യ തളര്‍ന്നു കിടക്കുന്നത് ..
സുപ്പയ്യ കിടപ്പിലായതോടെ കട നടത്തിപ്പിന്റെ ചുമതല കൂടി ഏറ്റെടുക്കേണ്ടതായി വന്നു... സുപ്പയ്യയുടെ അവസ്ഥ ആകെ തളര്‍ത്തി എങ്കിലും സുപ്പയ്യയുടെ വാക്കുകളാണ് അന്ന്  മനോബലം നല്‍കിയത്...

“ ഈ പാളത്തിലൂടെ കടന്നു പോകുന്ന ഓരോ തീവണ്ടിയുമാണു നമ്മുടെ ജീവിതം..കടന്നു വരുന്ന ഓരോ തീവണ്ടിയിലുമാണു നാം നമ്മുടെ സ്വപ്നം വിതയ്ക്കേണ്ടത്.അതിന്റെ സംഗീതമാണ് നമ്മുടെ ജീവതാളം.ആ താളം കാതോര്‍ത്ത് നീ അവിടെ എത്തണം.ഞനില്ല എങ്കിലും പതിവു പോലെ ആഹാരം വില്‍ക്കാന്‍”

സുപ്പയ്യയുടെ ഈ വാക്കുകള്‍ ഒരു മന്ത്രം പോലെ എന്നും മനസ്സില്‍ പ്രതിധ്വനിച്ചു...

അന്നു മുതല്‍ ഓരോ തീവണ്ടി എത്തുന്ന സമയത്തും ആവശ്യമായ ആഹാര സാധനങ്ങളുമായി സ്റ്റേഷനില്‍  എത്തി തുടങ്ങി....
ഒരു മകന്റെ വാത്സല്യത്തോടെ തന്നെ സുപ്പയ്യയ്യെ ശുശ്രൂഷിച്ചു എങ്കിലും , അധികം താമസിയാതെ ഈ ലോകത്തില്‍ വീണ്ടും തന്നെ തനിച്ചാക്കി സുപ്പയ്യ യാത്രയായി...

വീണ്ടും അനാഥനായി മാറിയപ്പോള്‍ സുപ്പയ്യയുടെ ഓര്‍മ്മകളിലാണ്ആ കട നടത്തി വന്നത്.
എന്നും നാലു മണിയ്ക്കുള്ള തീവണ്ടി കടന്നു പോകുന്ന ശബ്ദം കേട്ടാണ്  ഉറക്കം ഉണരുക.
അന്നും പതിവു പോലെ തന്നെ ഉണര്‍ന്നു.പക്ഷേ ,ശരീരം അനക്കാന്‍ പോലും  കഴിയുന്നില്ല. മേലാസകലം വേദന കൊണ്ട് പുളയും പോലെ തോന്നി.

തീരെ അവശത തോന്നിയതിനാലാണ് അപ്പോള്‍ തന്നെ അടുത്തുള്ള വൈദ്യരെ പോയി കണ്ടത്.വൈദ്യരാണ് ടൌണിലെ വലിയ ആശുപത്രിയിലേക്ക്  കടലാസ്സ് തന്ന് വിട്ടത്.അവിടെ വച്ചായിരുന്നു ആ ഞെട്ടിക്കുന്ന സത്യം അറിഞ്ഞത്....

തനിക്കിനി ഈ യാത്ര അധികം ഇല്ല..ഏതു നേരത്തും മരിച്ചു പോകാം.തന്റെ മജ്ജയിലാകെ അര്‍ബുദം എന്ന മാരക രോഗം പടര്‍ന്നിരിക്കുന്നു .....ദൈവത്തോട് വല്ലാത്ത ഒരു പകയാണ് അപ്പോള്‍ തോന്നിയത്....

ആശുപത്രി കിടക്കയിലായപ്പോഴും തീവണ്ടിയുടെ സംഗീതം കാതുകളില്‍ വന്നലച്ചു കൊണ്ടിരുന്നു...ഇപ്പോള്‍ ഇവിടെ ഈ മരുന്നുകളുടെ ഗന്ധം ശ്വസിച്ച് നിമിഷങ്ങള്‍ എണ്ണി തീര്‍ക്കുമ്പോള്‍ അതു വഴി കടന്നു പോകുന്ന ഓരോ തീവണ്ടിയുടെ ചൂളം വിളിയിലൂടെയും തന്റെ ജീവിത ചക്രം നീങ്ങുന്നതറിയുന്നുണ്ട്....

കടന്നു പോകുന്ന ഓരോ തീവണ്ടികളുടെ താളവും തന്റേ നെഞ്ചിടിപ്പിന്റെ.....
ജീവന്റെ താളമായി തോന്നുകയാണ്....അല്ല അത് കുറയുന്ന ശ്വാസ വേഗതയുടെ താളമായി ഏറ്റുവാങ്ങുകയാണ്...

Friday, March 25, 2011

ഒരു കാശിത്തുമ്പയുടെ ഓർമ്മയ്ക്ക്...


 ചിന്തകള്‍ കനക്കുന്ന മുഷിഞ്ഞ മനസ്സുമായിട്ടാണ് എന്നുമിപ്പോള്‍ ഓരോ ദിനവും കടന്നു പോകുന്നത്.. .നാളെ അതിരാവിലെ തന്നെ അമ്മയെ  കാണാന്‍ പോകണം..എന്നും സമാധാനത്തിന്റെ സന്ദേശം നല്‍കിയിരുന്ന അമ്മയുടെ കണ്ണുകളിലെ നനവ് ഇനിയും മാഞ്ഞു കാണില്ല..

ചിന്തകള്‍ മുറിഞ്ഞു മുറിഞ്ഞ് പിന്നിലേക്കു പോകുമ്പോള്‍ അവിടെ തെളിഞ്ഞു വരുന്നത് പടിപ്പുരയും ഊട്ടുപുരയുമുള്ള തറവാടാണ്.നിറഞ്ഞ പത്തായങ്ങള്‍.നിശ്ശബ്ദതയുടെ ഇരുട്ടു മൂടിയ അകത്തളങ്ങള്‍ ..ദൈവങ്ങള്‍ അന്തിയുറങ്ങിയിരുന്ന മച്ചകങ്ങള്‍. അവിടെ...അവിടെ  എന്റെ ദുര്‍വാശികള്‍ തല്ലി കെടുത്തിയ ചിരികള്‍,ഉയര്‍ന്നു കേള്‍ക്കേണ്ടിയിരുന്ന എത്രയോ കവിതകള്‍, കഥകള്‍.......

ഒഴിവു ദിനങ്ങളില്‍ തറവാട്ടിലെത്തുമ്പോള്‍ അമ്മയ്ക്കെന്നും പറയാനുണ്ടായിരുന്നത് മാലുവിനെ കുറിച്ച് മാത്രമായിരുന്നു.അമ്മയുടെ  സഹോദരന്റെ മകളാണ് മാലിനിയെന്ന മാലു.“ഒന്നു പോകരുതോ നിനക്കവിടെ വരെ...നാളെ തന്നെ ഗോവിന്ദനെയും കൂട്ടി അവിടം വരെ ഒന്നു പോയി വാ.ഒറ്റയ്ക്ക് പോകാന്‍ മടിയാണെന്നുണ്ടെങ്കില്‍ ഞാന്‍ കൂടി വരാം..”

ആ വരട്ടെ,നമുക്ക് പോകാം.. എന്ന് അലസമായി മറുപടി നല്‍കുമെങ്കിലും അമ്മയുടെ നിര്‍ബന്ധം നാള്‍ക്ക് നാള്‍ മുറുകി വന്നപ്പോഴാണ് എല്ലാറ്റിനും സമ്മതം നല്‍കേണ്ടി വന്നത്....

പഠിത്തം പൂര്‍ത്തിയാക്കിയപ്പോള്‍ തന്നെ അമ്മയുടെ പ്രാര്‍ഥനകളുടെ ഫലമാവാം ഐ ടി കമ്പനിയില്‍ ഒരു നല്ല ജോലി എനിക്ക് ലഭിച്ചത്.ജോലി കഴിഞ്ഞ് എന്നും കൂട്ടുകാരുമൊത്ത് ഒരു കൂടല്‍..പരിചയപ്പെട്ടത്തിന്റെ ആദ്യനാളുകളില്‍ തന്നെ തുടങ്ങിയ ശീലമായിരുന്നു മദ്യപാനവും കഞ്ചാവും.. സൌഹൃദത്തിന്റെ പളുങ്കു പാത്രത്തെ എന്നും ഞങ്ങളുടെ സംഘം മദ്യത്തിന്റെ ഈര്‍പ്പം കൊണ്ട് ഈറനണിയിച്ചു കൊണ്ടേയിരുന്നു....എല്ലാ ദിവസങ്ങളിലും സന്ധ്യ കനക്കുന്നതു വരെ അതു തന്നെയായിരുന്നു ഞങ്ങളുടെ വിനോദവും...

ഇതൊന്നും അമ്മയ്ക്കറിയില്ലല്ലോ.മാസത്തിലൊരുനാള്‍ തറവാട്ടിലെത്തുമ്പോള്‍ എന്നും അമ്മയ്ക്ക് ഞാനൊരു നല്ല കുട്ടി തന്നെയായിരുന്നു ..

എന്റെയും മാലുവിന്റെയും വിവാഹം എത്രയും വേഗം നടത്തണമെന്ന ആഗ്രഹം അമ്മയെ പോലെ തന്നെ രാഘവമ്മാവനും ഉള്ളതു പോലെ തോന്നി..“അമ്മയില്ലാതെ വളര്‍ന്ന കുട്ടിയാ എന്റെ മാലു..അവളെ അങ്ങോട്ട് ഏല്പിച്ചു കഴിഞ്ഞാലേ എനിക്ക് ആശ്വാസമാകൂ” എന്നാണ് രാഘവനമ്മാവന്‍ അന്ന് പറഞ്ഞത്...

മനസ്സു കൊണ്ട് ഒട്ടും ഇഷ്ടമായിരുന്നില്ല  ഉടന്‍ ഒരു വിവാഹം.. കൂട്ടുകാരൊക്കെ അതുമിതും പറഞ്ഞ് വല്ലാതെ കളിയാക്കിയിരുന്നു.എങ്കിലും, അമ്മയുടെ നിര്‍ബന്ധത്തിനു വിട്ടു കൊടുത്തു എല്ലാം..
വിവാഹത്തിന് എല്ലാവരും വന്നെത്തിയപ്പോള്‍ പരിചയത്തിന്റെയും ബന്ധത്തിന്റെയും ചില്ലകളില്‍ തളിരുകള്‍ നിറയുകയും ഇലകളുടെ കവരത്തില്‍ മൊട്ടുകളുയരുകയും ചെയ്തു.ബന്ധുക്കളെയെല്ലാം തന്നെക്കാള്‍ കൂടുതല്‍ അറിയുന്നത് മാലുവിനാണെന്ന് കണ്ടപ്പോള്‍ അവളോട് ആദ്യമായി ലേശം അസൂയ തോന്നി..

അവളുടെ സംസാരം മാറി നിന്ന് നോക്കി കാണുകയായിരുന്നു.കഥയും കവിതയും വിടരുന്ന തിളങ്ങുന്ന കണ്ണുകളും ചിരിയ്ക്കുമ്പോള്‍ കവിളില്‍ തെളിയുന്ന നുണക്കുഴിയും അവളുടെ സൌന്ദര്യത്തിനു മാറ്റു കൂട്ടുന്നതു പോലെ തോന്നിയെങ്കിലും മനസ്സിന്റെ ഒരു കോണില്‍ അപ്പോഴും ഒളി മങ്ങാതെ മറ്റു ചില മുഖങ്ങള്‍ നിറഞ്ഞു നിന്നു...അവരെ പോലെ തന്നെയാകുമോ ഇവളും.മനസ്സിലെവിടെയോ അശാന്തിയുടെ വിത്തുകള്‍ മുളപൊട്ടിയ പോലെ...

വിവാഹത്തിന്റെ ആദ്യനാളുകളില്‍ തന്നെ പിണക്കത്തിന്റെ വേലിയേറ്റവുമുണ്ടായി തുടങ്ങി.
എന്തോ, മനസ്സു കൊണ്ട് അവളുമായി പെരുത്തപ്പെടാന്‍ അവളെ സ്നേഹിക്കാന്‍ എനിക്കായില്ല..എന്തിനും ഏതിനും കുറ്റപ്പെടുത്തലുകളായിരുന്നു ഞാനവള്‍ക്ക് വിധിച്ചത്. എന്തെങ്കിലും മറുപടി അതിനവള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ മിണ്ടരുത് എന്ന താക്കീതോടെ ഞാനവളെ മര്‍ദ്ദിച്ചിരുന്നു.

സിഗററ്റിന്റെ ഗന്ധം ശ്വാസം മുട്ടിക്കുന്നു എന്ന് പറഞ്ഞ് എന്നോടവള്‍ വെറുപ്പ് പ്രകടിപ്പിച്ചപ്പോള്‍ അവളോട് വല്ലാത്ത പകയാണ് തോന്നിയത് ..അപ്പോള്‍ മദ്യത്തിന്റേതായാലോ എന്ന് പറഞ്ഞ് ഒളിപ്പിച്ചു വച്ചിരുന്ന മദ്യക്കുപ്പി  പുറത്തെടുക്കുന്നതു കണ്ട് അമ്മയ്ക്കരികിലേക്ക് ഓടി പോകുന്ന അവളെ കണ്ടപ്പോള്‍ .. അതായിരുന്നു ആദ്യമായി അവളെന്നെ തോല്പിച്ച നിമിഷം..

എല്ലാവരുടെയും മുന്നില്‍ എന്നെ തോല്പിക്കുവാന്‍ എത്തിയിരിക്കുന്ന ഒരുവള്‍ എന്ന ചിന്ത എന്നെ വല്ലാതെ അസ്വസ്ഥനാക്കി.അന്ന്, ആദ്യമായാണ് ഞാനൊരു മദ്യപാനിയാണെന്ന് അമ്മ അറിഞ്ഞത് .. അമ്മയുടെ കണ്ണീരിനു മുമ്പില്‍ തലകുനിച്ചു നിന്നപ്പോള്‍ എന്റെ മനസ്സില്‍ അവളോടുള്ള പകയുടെ പന്തം ആളി കത്തുകയായിരുന്നു...

ആര്‍ക്ക് മുന്നിലും തോല്‍ക്കാത്ത എന്നെ തോല്പിക്കാനെത്തിയ  അവളെ കഴുത്തു ഞെരിച്ച് കൊല്ലാനുള്ള ആവേശത്തോടെയാണ് ഞാനെന്റെ വിരലുകള്‍ അവളുടെ  കഴുത്തില്‍ ആഴ്ന്നിറക്കിയത്...പക്ഷേ, അന്ന് അമ്മയുടെ ഇടപെടല്‍ അവളെ രക്ഷിച്ചു..

എങ്കിലും, ഇത്തിരി ശ്വാസത്തിനായുള്ള ആ പിടച്ചിലില്‍ അവള്‍ക്ക് നഷ്ടമായത് കവിതയ്ക്കും സംഗീതത്തിനുമായി അവള്‍ കാത്തു സൂക്ഷിച്ച അവളുടെ ശബ്ദമായിരുന്നു..ഏറെ നാളിലെ ചികിത്സയ്ക്കു ശേഷവും “ഇനി പഴയ പോലെ  പാട്ടും കവിതയും ഒന്നും പാടില്ല, ശബ്ദത്തിന് ആയാസം ഒട്ടും കൊടുക്കരുത് കൊടുത്താല്‍ വീണ്ടും ശബ്ദം നഷ്ടപ്പെടാം” എന്ന ഡോക്ടറുടെ നിര്‍ദ്ദേശം കേട്ടപ്പോള്‍ അവള്‍ ഇത്തിരി മൌനത്തിന്റെ പേടകത്തിലായി എന്ന് അറിഞ്ഞ നിമിഷം അന്നെന്റെ മനസ്സ് എത്രയെന്നോ സന്തോഷിച്ചത്..

ഒരു സിനിമയ്ക്കോ പാര്‍ക്കിലോ ഒരു ഷോപ്പിംഗിനു  പോലുമോ അവളെ ഞാന്‍ ഒരിക്കല്‍ പോലും കൊണ്ടു പോയിട്ടില്ല.. ബൈക്കില്‍ കൂട്ടുകാരുമായി ചെത്തി പാഞ്ഞു നടക്കുന്ന ഞാന്‍ ഒരുവളുടെ ഭര്‍ത്താവാണെന്ന് ആരും അറിയണ്ട എന്ന വിചാരമായിരുന്നു മനസ്സില്‍.സ്വന്തമാക്കിയ അന്നു മുതല്‍ ഞാന്‍ പറയുന്നത് അനുസരിച്ച്  എനിക്ക് വേണ്ടി മാത്രം ജീവിക്കേണ്ടവളാണവള്‍.ഞാന്‍ വരയ്ക്കുന്ന ഒരു വൃത്തത്തിനപ്പുറം അവളെ കടത്തി വിടരുത് എന്ന  വിചാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ..

ആ നാലുക്കെട്ടിന്റെ ചുവരുകള്‍ കടന്ന് അവള്‍ക്കൊരു യാത്ര ഞാന്‍ വിധിച്ചിട്ടില്ലായിരുന്നു. അവളുടെ  നോട്ടമോ ചിരിയോ മറ്റുള്ളവരില്‍ എത്തുന്നത് കാണുന്നത് തന്നെ എന്റെ മനസ്സിനെ എന്തുകൊണ്ടോ പൈശാചികമാക്കിയിരുന്നു..അതു കൊണ്ടു തന്നെ തുടര്‍ന്ന് പഠിക്കണമെന്ന അവളുടെ ആഗ്രഹത്തിനും ഞാന്‍ തിരശ്ശീലയിട്ടു....അതില്‍ അമ്മയ്ക്കും രാഘവമ്മാവനും എന്നോട് നീരസം ഉളവാക്കിയെങ്കിലും എന്റെ വാശിയില്‍ എല്ലാവരും നിശ്ശബ്ദരാവുകയായിരുന്നു..

“ശേഖരനു സുഖമില്ല അവളൊന്ന് പോയി നില്‍ക്കട്ടെ കുറച്ചു ദിവസം”എന്ന് അമ്മ ചോദിച്ചപ്പോള്‍ തന്നെ മനസ്സിലായി ആ ചോദ്യത്തിനു പിന്നില്‍ അവളാണെന്ന്... അതു കൊണ്ടു തന്നെ കര്‍ശനമായി പറഞ്ഞു   “അങ്ങനെ നില്‍ക്കണ്ട.അമ്മയുമൊത്ത് പോയി കണ്ടു വരൂ” എന്ന് .എന്നിട്ടും തിരിച്ച് അമ്മയുമൊത്ത് അവള്‍ വന്നില്ല എന്നറിഞ്ഞ നിമിഷം ഞാനൊരു കാട്ടാളനാവുകയായിരുന്നു..

അന്ന്, പതിവില്‍ കവിഞ്ഞ് കൂടുതല്‍ മദ്യപിച്ചു..അവളെ കൊണ്ടു ചെന്നാക്കിയ അമ്മ തന്നെ അവളെ തിരിച്ചു കൊണ്ടു വരണമെന്ന എന്റെ അലര്‍ച്ച  കേട്ട് അമ്മ നടുങ്ങി പോയി...സിംഹകൂട്ടിലകപ്പെട്ട പേടമാനിനെ പോലെ പേടിച്ചു വിറച്ചു എന്റെ മുന്നിലെത്തിയ മാലുവിനെ കണക്കില്ലാതെ ഉപദ്രവിച്ചു...തടയാനെത്തിയ അമ്മയെ പിടിച്ചു തള്ളി മാറ്റി.അമ്മയുടെ വീഴ്ച കൂടി കണ്ടപ്പോള്‍ എന്റെ ദേഷ്യം പതിന്മടങ്ങു വര്‍ദ്ധിച്ചു.

അവളെ കൊല്ലാനാണ് തോന്നിയത്.അവിടെ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അവളുടെ മുടിക്കെട്ടിലാണ് പിടി കിട്ടിയത്.മുടിക്കെട്ടില്‍ പിടിച്ച് അവളുടെ തല ഞാന്‍ ഭിത്തിയില്‍ ആഞ്ഞിടിച്ചു. ശക്തമായ ആ ഇടിയില്‍ അവളുടെ നെറ്റി പൊട്ടി രക്തം വന്നു..
.
അന്നും, അമ്മ എന്റെ കാലു പിടിച്ച് കേണു കരഞ്ഞിട്ടാണ് അവളെ ഞാന്‍ വെറുതെ വിട്ടത്.അവളെ ആശുപത്രിയില്‍ എത്തിക്കണമെന്ന് അമ്മ പറഞ്ഞിട്ടും ഞാനത് കേട്ടതായി ഭാവിച്ചില്ല...“ എന്റെ വാക്ക് കേള്‍ക്കാത്തവര്‍ ചത്തു തുലയട്ടെ ” എന്നായിരുന്നു അപ്പോള്‍ അമ്മയ്ക്ക് ഞാന്‍ നല്‍കിയ മറുപടി.

അടുത്ത ദിനം രാധേട്ടത്തി വന്നപ്പോള്‍ “കോലായ കഴുകിയപ്പോള്‍ കാലു തെറ്റി വീണതാ രാധേട്ടത്തി, നെറ്റി ഇത്തിരി പൊട്ടി..വീണതിന്റെ മേലുവേദന” എന്നെക്കെയവള്‍ പറയുന്നത് കേട്ട് അമ്മയും നിശ്ശബ്ദയായി നില്ക്കുന്നതു കണ്ടപ്പോള്‍.. ഹോ! രക്ഷപ്പെട്ടു എന്ന ആശ്വാസമായിരുന്നു മനസ്സില്‍......

പിറ്റേന്ന്,ന്യൂ ഇയര്‍ പാര്‍ട്ടി കഴിഞ്ഞ് വരുന്ന വഴി എന്തോ ഒന്ന് വണ്ടിയ്ക്ക് മുന്നിലൂടെ എടുത്തു ചാടിയ പോലെ തോന്നിയാണ് പെട്ടെന്ന് ബ്രേക്ക് ചവിട്ടിയത് .ബൈക്കില്‍ നിന്ന് തെറിച്ചു വീണ എനിക്ക് ബോധം കിട്ടിയപ്പോള്‍ ആദ്യം കണ്ടത് ആശുപത്രി കിടക്കയില്‍ എനിക്കരികിലിരുന്നു കരയുന്ന മാലുവിനെയാണ്.

അപകടം നടന്നതിന്റെ ആദ്യ ദിവസങ്ങളില്‍ ഒന്നു വന്ന് പോയ കൂട്ടുകാര്‍ ആരും തന്നെ പിന്നെയൊന്ന് അന്വേഷിച്ചു വരിക പോലുമുണ്ടായില്ല. വേദന നിറഞ്ഞ ആ ദിവസങ്ങളില്‍ മാലു മാത്രമായിരുന്നു ഏക ആശ്വാസം...കൂടെകൂടെ അവളും വല്ലാതെ തലവേദന അനുഭവിക്കുന്നതു പോലെ തോന്നിയിരുന്നു..എന്നാലും, ഞാന്‍ നിമിത്തമുണ്ടായ മുറിവിനെ കുറിച്ച് ചോദിക്കാന്‍ മനസ്സ് അനുവദിച്ചില്ല..ആശുപത്രിയില്‍ പലരും അവളുടെ തലയിലെ മുറിവിനെ കുറിച്ചും തിരക്കിയപ്പോഴൊക്കെ രാധേട്ടത്തിയോട് പറഞ്ഞ കള്ളക്കഥ തന്നെ അവള്‍ ആവര്‍ത്തിച്ചു.

അവളെ ആദ്യമായി സ്നേഹിച്ചു തുടങ്ങുകയായിരുന്നു ഞാന്‍.അവളറിയാതെ എന്റെ മനസ്സില്‍ അവളോടുള്ള സ്നേഹത്തിന്റെ വാര്‍മഴവില്ല് വിരിയുകയായിരുന്നു.പലപ്പോഴും ജനലഴികളിലൂടെ പഞ്ഞിക്കൂടു പോലെ നീങ്ങുന്ന മേഘക്കീറുകളെ നിര്‍നിമേഷയായി അവള്‍ നോക്കി നില്‍ക്കുന്നത് കാണാം..“മേഘങ്ങളോട് എന്ത് കഥയാണ് നീ പറയുന്നതെന്ന് ചോദിക്കാന്‍ നാവ് തുടിച്ചെങ്കിലും... പെട്ടെന്ന് ആ സ്നേഹം പുറത്തു കാട്ടാന്‍ എനിക്ക് അന്ന് എന്തോ തോന്നിയില്ല...

“വീട്ടില്‍ പോയി ഭക്ഷണം എടുത്തു വരട്ടെ ? “ എന്ന് ചോദിക്കുന്നതു പോലും പേടിച്ചാണ് ..“എന്തിനാ നിനക്കിത്ര പേടി മാലൂ,..നീ പോയി വാ” എന്ന് അവളെ സ്നേഹത്തോടെ യാത്രയയ്ക്കണമെന്ന് തോന്നി...എന്നാലും വേണ്ട ഇപ്പോള്‍ വേണ്ട...ഒരു ആഴ്ച കൂടി കഴിഞ്ഞാല്‍ ആശുപത്രി വിട്ടു വീട്ടിലെത്താം. അതിനു ശേഷം വേണം മാലുവിനെ സ്നേഹം കൊണ്ട് പൊതിയാന്‍ ...

ഒരു തുമ്പപ്പൂ പോലെ പരിശുദ്ധയാണവള്‍..അവള്‍ക്ക് നഷ്ടപ്പെടുത്തിയ നല്ല ദിനങ്ങള്‍ തിരിച്ചു നല്‍കാന്‍ ,അവളെ സ്നേഹം കൊണ്ട് വീര്‍പ്പു മുട്ടിക്കാന്‍,എനിക്ക് കൊതിയായി...അവളുടെ പഴയ ദിനങ്ങളിലേക്ക് അവളെ കൂട്ടികൊണ്ടു വരണം. കഥയും കവിതകളും എഴുതുന്ന പാവം കുട്ടിയായിരുന്നു അവള്‍ ....അവളെ വീണ്ടും പഠിപ്പിക്കണം. അവള്‍ ആഗ്രഹിച്ച പോലെ ഒരു യാത്ര അമ്മയും അവളുമായി ഗുരുവായൂര്‍ക്ക് ... നല്ല ഒരു ഡോക്ടറെ കാണിച്ച് അവള്‍ക്ക് താന്‍ നഷ്ടപ്പെടപ്പെടുത്തിയ ശബ്ദം തിരികെ നല്‍കണം....എന്നൊക്കെ മനസ്സില്‍ കണ്ടു കിടന്നപ്പോള്‍ സമയം പോയതറിഞ്ഞില്ല..

ഭക്ഷണം എടുത്തു വരേണ്ട സമയം കഴിഞ്ഞിട്ടും മാലുവിനെ കാണുന്നില്ലല്ലോ എന്നോര്‍ത്ത് അവളുടെ പദനിസ്വനത്തിനു കാതോര്‍ത്ത് കിടന്ന് മയങ്ങി പോയി..“മോനെ , എഴുന്നേല്‍ക്ക് ഭക്ഷണം കഴിക്ക്..”എന്ന ഗോവിന്ദമാമയുടെ ശബ്ദം കേട്ടാണ് ഉണര്‍ന്നത്. മാലു എവിടെ...?അവളെവിടെ..?മുന്‍പൊന്നും തോന്നാത്ത രീതിയില്‍ അവളെ കാണാന്‍ എന്റെ കണ്ണുകള്‍ വല്ലാതെ കൊതിക്കും പോലെ..

“നീയാരെയാ നോക്കുന്നത് ഇല്ല ...മാലു വന്നിട്ടില്ല..ഇവിടുന്ന് വന്നപ്പോള്‍ കയറി കിടന്നതാ തലവേദനിക്കുന്നൂന്നും പറഞ്ഞ്  ഞാനിങ്ങോട്ട് ഇറങ്ങിയപ്പോള്‍ ശാരദയും രാഘവനും കൂടി അവളെ കരുണാകരന്‍ ഡോക്ടറെ കാണിക്കാന്‍ കൊണ്ടു പോയി..നീ ആഹാരം കഴിക്ക്..ഇന്നിനി എന്നോട് ഇവിടെ നില്‍ക്കാന്‍ പറഞ്ഞിരിക്കയ  ശാരദ.”..

അമ്മയോട് വല്ലാത്ത ദേഷ്യം തോന്നി..എന്തിനാ അവളെ മറ്റൊരിടത്തേക്ക് കൊണ്ടു പോയത് ഇവിടെയും ഉണ്ടായിരുന്നില്ലേ ഡോക്ടര്‍മാര്‍ ഇവിടേക്ക് കൊണ്ടു വരാമായിരുന്നില്ലേ..മനസ്സ് വല്ലാതെ അസ്വസ്ഥമാകും പോലെ..രാത്രിയിലെ നിശ്ശബ്ദതയിലേക്ക് ആശുപത്രിയും പരിസരവും അലിഞ്ഞു ചേര്‍ന്നപ്പോള്‍ മനസ്സില്‍ അവളുടെ ഓര്‍മ്മകള്‍ വല്ല്ലാതെ ശ്വാസതടസ്സം സൃഷ്ടിക്കും പോലെ അനുഭവപ്പെട്ടു....

പിറ്റേന്ന് അതിരാവിലെ ഉണര്‍ന്നപ്പോള്‍ തന്നെ മനസ്സില്‍ നിറഞ്ഞത് മാലുവായിരുന്നു ..ഇന്ന് മാലു വരുമ്പോള്‍ ആ നെറ്റിയിലെ മുറിവില്‍ തലോടി  ആശ്വസിപ്പിച്ച്, ചെയ്തു പോയ തെറ്റുകള്‍ക്കെല്ലാം അവളോട് മാപ്പു ചോദിച്ച്, ആ മടിയില്‍ തലചായ്ച്ച് ഒന്നു മയങ്ങണം ഇനിയും അവള്‍ക്ക് എന്റെ സ്നേഹം നിഷേധിച്ചു കൂടാ .അവള്‍ക്കും എനിയ്കും ഇടയിലുള്ള മൌനത്തിന്റെ തിരശ്ശീല എന്റെ സ്നേഹം കൊണ്ട് ഇല്ലാതാക്കണം....

“ആരോ വാതിലില്‍ മുട്ടുന്നുണ്ടല്ലോ..ആരാ ഇത്ര രാവിലെ...?” എന്ന് ചോദിച്ച് അല്പം ഈര്‍ഷ്യയോടെ ഗോവിന്ദമാമന്‍ വാതില്‍ തുറന്നപ്പോഴാണ് കാണുന്നത്   രാഘവനമ്മാവന്‍ .“മോനെ, മാലൂനു തീരെ വയ്യ..അവളെ അവിടെ അഡ്മിറ്റ് ചെയ്തിരിക്കയാണ്.കോലായില്‍ കാലു തെറ്റി അവള്‍ വീണീരുന്നില്ലേ..ആ വീഴ്ചയില്‍ അവള്‍ക്ക് പറ്റിയ തലയിലെ മുറിവ് ..അത് ചെറുതായിരുന്നില്ല മോനേ, അവിടെ രക്തം കട്ട പിടിച്ച് കിടക്കയാ..എന്റെ കുട്ടി ഇത്ര ദിവസം ആ വേദന അനുഭവിക്കയായിരുന്നു.ഞാന്‍ ആശുപത്രിയിലേക്ക് പോവ്വാണ്. അവിടെ തന്നെയായിരുന്നു രാത്രിലും ശാരദ അവിടെയുണ്ട് നിങ്ങളോട് വിവരം അറിയ്ക്കാന്‍ വന്നതാ  ”എന്ന് പറഞ്ഞ് ഉടന്‍ തന്നെ യാത്ര പറഞ്ഞ് രാഘവനമ്മാവന്‍ പോയപ്പോള്‍ എന്റെ നെഞ്ചിലെ സ്വപ്നങ്ങളിലേക്ക് ആരോ കനല്‍ വാരിയിടും പോലെയുള്ള നീറ്റലാണ് ഉണ്ടായത്.എല്ലായ്പോഴും എന്റെ ചിന്തകള്‍ക്ക്  നടുവിലേക്ക് ഏതെങ്കിലും ഒരു തടസ്സം ഞാനറിയാതെ വന്നു വീഴുന്നത് എന്റെ ഒരു നിയോഗം തന്നെയാവാം...

അവളുടെ അരികിലെത്താന്‍ മനസ്സ് വല്ലാതെ വിതുമ്പി..പക്ഷേ...എന്റെ ഈ അവസ്ഥയില്‍ ഞാനെങ്ങനെ അവള്‍ക്കരികിലെത്തും..രണ്ടു മൂന്ന് ദിവസം കഴിഞ്ഞിട്ടും അവളെ കാണാനാകാതെ സ്വസ്ഥത നശിച്ചപ്പോള്‍ അവളുടെ ഓര്‍മ്മകള്‍ ശലഭങ്ങളായി എനിക്ക് ചുറ്റും പറന്ന് എന്നെ വല്ലാതെ ഭ്രമിപ്പിച്ചിരുന്നു....

ആശുപത്രിയില്‍ എന്നെ തനിച്ചാക്കി പോകാന് അന്ന് അവള്‍ക്ക്  ഒട്ടും ഇഷ്ടമില്ലാതിരുന്നിട്ടും എന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് മനസ്സില്ലാമനസ്സോടെ അവള്‍ വീട്ടിലേക്ക് പോയത്. തുടര്‍ച്ചയായ് കുറെയേറെ ദിവസങ്ങളായി ഊണും ഉറക്കവും കൃത്യമായി ഇല്ലാതെ.വല്ലാതെ ക്ഷീണിച്ചിരുന്നു പാവം.
ഒരു സന്ധ്യാ നേരത്ത്  അജിയും മഹിയും  വന്ന് “നമുക്ക് വീട്ടില്‍ പോകാമെടാ എന്ന്  അജി പറഞ്ഞപ്പോള്‍ ...”മനസ്സില്‍ സന്തോഷം തോന്നിയെങ്കിലും പെട്ടെന്നാണ് ഓര്‍ത്തത് “അതെന്താ ഈ നേരത്ത്? ഇപ്പോഴെന്താ? എവിടേക്കാ? നമുക്ക് മാലുവിന്റെ അടുത്തേക്ക് പോയിട്ട് വീട്ടിലേക്ക് പോകാം ..എനിക്കവളെ ഒന്നു കാണണം ...”അപ്പോഴാണ് കണ്ടത് ഗോവിന്ദമാമ ഭിത്തിയില്‍ ചാരി നിന്ന് മുഖമമര്‍ത്തി കരയുന്നു...എല്ലാവരുടെയും മുഖം വല്ലാതെ വിങ്ങുന്നത് കണ്ടപ്പോള്‍ തന്നെ തോന്നി എന്തോ  അഹിതം സംഭവിച്ചു എന്ന്....പിന്നെ ഒന്നും ചോദിച്ചില്ല..മനസ്സില്‍ ചിന്തകള്‍ അലയാഴി പൊലെ ആര്‍ത്തലയ്ക്കും പോലെ... ഒന്നും ഉരിയാടാനാകാതെ അവര്‍ക്കൊപ്പം യാത്രയായി...

വീട്ടിനു മുന്നില്‍ വണ്ടി എത്തിയപ്പോള്‍ കണ്ടു അവിടവിടെയായി എല്ലാരും കൂടി നില്‍ക്കുന്നു...എന്താണ് സംഭവിച്ചത് മഹി...? എന്ന ചോദ്യത്തിനു ഉയര്‍ന്നു കേട്ടത് അമ്മയുടെ നിലവിളിയായിരുന്നു.

“മേനേ, പോയെടാ ...മാലൂ പോയെടാ....” എന്താ ഈ കേള്‍ക്കുന്നത് ....പെട്ടെന്ന്  വല്ലാത്ത ഒരു മരവിപ്പ് ശരീരമാകെ തോന്നി....

“എന്റെ മാലൂ...അവള്‍ക്കെന്താ പറ്റിയത്...? ആരെങ്കിലും ഒന്നു പറയൂ...അവള്‍ എവിടെ..?” വിങ്ങിപൊട്ടുന്ന ശബ്ദത്തില്‍ ഭാസ്കരേട്ടനാണ് പറഞ്ഞത്..“അന്നത്തെ  വീഴ്ചയില്‍ അവള്‍ക്ക് തലയ്ക്കക്കത്ത് ക്ഷതം പറ്റിയിരുന്നു മോനേ..രണ്ടു ദിവസമായി അബോധാവസ്ഥയിലായിരുന്ന മാലൂട്ടി കുറച്ച്  മുമ്പ്....”.

ആ വാക്കുകള്‍ മുള്ളാണി പോലെ മനസ്സില്‍ തറഞ്ഞു കയറി...“യ്യോ! എന്റെ മാലൂ....അവളെ ഞാന്‍ .....” വാക്കുകള്‍ തൊണ്ടയില്‍ കുടുങ്ങുകയാണ്..ഇത്ര വേദന ഉള്ളിലൊതുക്കിയിട്ടും ഒരക്ഷരം പോലും അവള്‍ എനിക്കെതിരായി ആരോടും പറഞ്ഞിട്ടില്ല. സ്നേഹിക്കയായിരുന്നു അവള്‍ എന്നെ. സ്നേഹം കൊണ്ട് തോല്പിച്ചു അവളെന്നെ...

മാലൂനെ കുറിച്ചോര്‍ക്കുമ്പോള്‍....എന്റെയീ കൈകളില്‍ ഒരിറ്റു ശ്വാസത്തിനായി പിടയുന്ന അവളുടെ  ദയനീയമായ മുഖം...സ്വപ്നങ്ങളെല്ലാം ഉള്ളിലൊതുക്കി കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നടുമുറ്റത്ത് അകലേക്ക് നോക്കിയിരിക്കുന്ന മാലുവിന്റെ മുഖം ..അതാണ് ഓര്‍മ്മയില്‍ നിറയുന്നത്....എന്റെ മനസ്സിനെ ശ്വാസം മുട്ടിക്കുന്നത്...അവളുടെ ചിരി കെടുത്തിയത് എന്റെയീ കരങ്ങളാണ് ...ഞാനാണവളെ കൊന്നത്....ഇത്തിരി സ്നേഹം പോലും നല്‍കാതെ എന്റെ മാലൂനെ ഞാന്‍ കൊന്നു...ആഴത്തില്‍ ഞാനവള്‍ക്ക് വേദനയുണ്ടാക്കിയിട്ടും ആരോടും എന്നെ കുറിച്ച് ഒരു പരിഭവവും പറയാതെ എന്നെ സ്നേഹിച്ച് സ്നേഹിച്ച്  അവള്‍ പോയി...

എന്റെ സ്വപ്നങ്ങള്‍ക്ക് കറുപ്പ് വര്‍ണ്ണം ചാലിച്ചെഴുതിയത് എന്റെ  കരങ്ങളാണ്..ദുഃഖങ്ങളുടെ വലിയ പായ നിവര്‍ത്തി വച്ച് കാറ്റിന്റെ ഗതിക്കൊപ്പം ഇനി എനിക്ക്  എന്റെ യാത്ര തുടരാം.. കണ്ണീരിന്റെ  ഉപ്പുള്ള ചോരപുരണ്ട മനസ്സുമായി ഈ ജന്മശാപമീ കരങ്ങളില്‍ പേറിയിനി എത്രനാള്‍ ഞാന്‍ ജീവിക്കണം.........

Tuesday, March 22, 2011

വിഷുപ്പക്ഷി കണ്‍ തുറന്നപ്പോള്‍...
വീണ്ടും അവധി തീര്‍ന്നു എന്നു ഓര്‍മ്മിപ്പിക്കും വിധം തിരിച്ചു പോകാനുള്ള ടിക്കറ്റ്  കിട്ടിരിക്കുന്നു....

മനസ്സിലെ വീര്‍പ്പുമുട്ടല്‍ പുറത്ത് കാണിക്കാതെ ഒരു പുഞ്ചിരി മുഖത്ത് വരുത്തി  കൈനീട്ടി ആ ടിക്കറ്റ് വാങ്ങിയപ്പോള്‍  തന്റെ കൈകള്‍ വല്ലാതെ വിറച്ചിരുന്നുവോ...
മനസ്സിന് ഒരു വിങ്ങല്‍ അനുഭവപ്പെട്ടിരുന്നത് എന്തുകൊണ്ടാവാം......?
 

എത്ര പെട്ടെന്നാണ് ദിവസങ്ങള്‍ കടന്നു പോയത്..രണ്ടു മാസത്തെ ലീവ് എങ്കിലും കിട്ടുമെന്നായിരുന്നു വിശ്വാസം...  എന്നാല്‍, കിട്ടിയതോ വെറും മുപ്പത് ദിവസത്തെ അവധി മാത്രം... സങ്കടം തോന്നിയെങ്കിലും കൂടെയുള്ളവര്‍ എത്ര പേരാണ് ലീവ് അനുവദിച്ചു കിട്ടാതെ വിഷമിക്കുന്നത്..അവരെ കുറിച്ച് ഓര്‍ത്തപ്പോള്‍ കിട്ടിയ മുപ്പതു ദിവസത്തില്‍ സന്തോഷം തോന്നി...ഇന്ന്...ദിവസങ്ങള്‍ പെട്ടെന്ന് കടന്നു പോയിരിക്കുന്നു....

തിരിച്ചു പോകാന്‍ മനസ്സു അനുവദിക്കുന്നതേയില്ല....എങ്ങനെയാ പോകാതിരിക്കുക...അമ്മുവിന്റെ പഠിപ്പ്, അവളുടെ വിവാഹം,വീടിന്റെ പുതുക്കി പണിയല്‍, അങ്ങനെ ചെയ്തു തീര്‍ക്കാന്‍ ഒരു പാടൊരുപാട് കാര്യങ്ങള്‍..പിന്നെ എങ്ങനെയാ തിരിച്ചു പോകാതിരിക്കുക....

മടുപ്പ് തോന്നുന്ന ദിനങ്ങളാണിനി എന്നെയും കാത്തിരിക്കുന്നത്..


അവിടെ, ചെറിയ മുറികളില്‍ പത്തും പതിനഞ്ചും പേര്‍ ഒരുമിച്ച് ഉറ്റവര്‍ക്ക് വേണ്ടി വിയര്‍പ്പൊഴുക്കാന്‍ പലനാട്ടില്‍ നിന്നുമായി എത്തിരിക്കുന്നവര്‍..ഭാഷയിലും വിശ്വാസത്തിലും ആചാരങ്ങളിലും വ്യത്യസ്തരാണെങ്കിലും എല്ലാവരും പ്രാരാബ്ധങ്ങളിലും കെട്ടുപാടുകളിലുമായി കുരുങ്ങി കിടക്കുന്നു എന്ന കാര്യത്തില്‍ എല്ലാവരും തുല്യരാണ്..


ഒരിക്കല്‍ ,ഖാദര്‍ തന്റെ കുടുംബത്തിന്റെ അവസ്ഥയെ കുറിച്ച്  പറഞ്ഞ് വിഷമം പങ്കു വച്ചപ്പോള്‍, രാമുവേട്ടന്‍ തന്റെ കൂടപ്പിറപ്പുകളുടെ ഭാവിയെ  കുറിച്ചു പറഞ്ഞപ്പോള്‍ തോന്നി..
എല്ലാവര്‍ക്കുമുണ്ട് വേദനകള്‍....അതില്‍ നിന്ന്‍ ജന്മമെടുക്കുന്ന സ്വപ്നങ്ങള്‍..

പക്ഷേ, ഓരോരുത്തരുടെയും കിനാവില്‍ തെളിയുന്നത് സഹോദരങ്ങളുടെയും കുട്ടികളുടെയും പഠിത്തവും, സഹോദരിയുടെ വിവാഹവും,കടകെണിയില്‍ നിന്നു മുക്തരാകുന്ന ഒരു ദിവസവും, സ്വന്തമായി ഒരു കിടപ്പാടം തന്റെ കുടുംബത്തിനായി കെട്ടിപ്പടുക്കുന്നതിന്റെ ചിത്രങ്ങളും മാത്രമാണ്.....

നാട് വിട്ട് നിന്ന് വര്‍ഷങ്ങളായി ചോര നീരാക്കി പണിതുയര്‍ത്തിയ വീട്ടില്‍ ഇതു വരെ സമാധാനമായൊന്നു ആശ തീരും വരെ അന്തിയുറങ്ങാന്‍ അവസരം ലഭിക്കാത്ത വേദനയെ കുറിച്ച്  രാഘവേട്ടന്‍ പറഞ്ഞു കണ്ണിരൊഴുക്കിയപ്പോള്‍  അതിയായ സങ്കടം തോന്നി...


സ്വന്തം അധ്വാനത്തിന്റെ ...വിയര്‍പ്പിന്റെ... ഉപ്പു കൊണ്ട് കെട്ടിപ്പടുക്കുന്ന മണിമാളികയില്‍ അന്തിയുറങ്ങി കൊതി തീര്‍ന്നവരായ ഒരു പ്രവാസിയെങ്കിലും ഉണ്ടാകുമോ...?

കുടുംബത്തിനായി തന്റെ ഇഷ്ടങ്ങള്‍ മാറ്റി വയ്ക്കുന്നവര്‍ക്ക് എങ്ങനെയാണ് സ്വന്തം സുഖത്തെ സ്വപ്നം കാണാന്‍ കഴിയുക...

നഷ്ട ജീവിതത്തിന്റെ നിശ്വാസങ്ങള്‍ മാത്രം സ്വന്തമായുള്ളവള്ളവരാണ് പ്രവാസികള്‍ എന്ന് പറയുന്നതാവും കൂടുതല്‍ ശരി..


മുറിയില്‍ കൂട്ടുകാര്‍ ഒരുപാട് ഉണ്ടായിരുന്നെങ്കിലും ഓരോരുത്ത
രും ഷിഫ്റ്റ് വര്‍ക്ക് ചെയ്യുന്നവരായതിനാല്‍ ജോലി കഴിഞ്ഞു തളര്‍ന്ന് വന്നപാടെ ചിലര്‍ കിടന്നുറങ്ങും...അവരുടെ ഉറക്കത്തിനു ഭംഗം വരാതെയിരിക്കാനായി ഒരു മൂളി പാട്ടു പോലും പാടാതെ മറ്റുള്ളവര്‍ കരുതേണ്ടതുണ്ട്....

ആകെ ഒഴിവു കിട്ടുന്നത് വെള്ളിയാഴ്ചയാണ്....അന്നാണ് കൂട്ടുകാരുമായി ഒന്നു ഒത്തു കൂടുക...

ആ ദിവസം മാത്രമേയുള്ളൂ മനസ്സു തുറന്ന് ഒന്ന് സന്തോഷിക്കാന്‍ കഴിയൂ..ചിലപ്പോള്‍ ഒരു സിനിമയും കണ്ട് കൂട്ടുകാരുടെ താവളങ്ങളില്‍ ചെന്ന് ഒരു പാര്‍ട്ടിയും കൂടി തിരിച്ചു വരുമ്പോഴേക്ക് ആ ദിവസവും തീര്‍ന്നിരിക്കും...

ജോലി ചെയ്ത് തളര്‍ന്നു വന്ന് ആഹാരം ഉണ്ടാക്കുമ്പോഴാവും മനസ്സ് നാട്ടിലെ കൊച്ചു വീട്ടിലെ അകത്തളങ്ങളില്‍ എത്തുക ...

ഉദ്ദേശിച്ചതൊന്നും ആവില്ല വേവിച്ചിറക്കുക...സാമ്പാര്‍ മനസ്സില്‍ കണ്ടു കൊണ്ടാവും പാചകം തുടങ്ങുക..പക്ഷേ, ഒടുവിലത് രസം പോലെ ആയി തീരും...അങ്ങനെ പുളിയും എരിവും ഉപ്പും ചേരാത്ത കറി കൂട്ടി ഓരോ ഉരുള ചോറും വായിലെത്തിക്കുമ്പോള്‍ എത്രയെത്ര ചിത്രങ്ങളാണ് മനസ്സിന്റെ ചില്ലു പാളിയില്‍ തെളിയുക..

കുട്ടിക്കാലത്ത്
ചോറും കറിയും വിളമ്പി അമ്മ കാത്തിരിക്കുന്നതും ..അതു തന്നെ കഴിക്കാന്‍ മടി പിടിക്കുമ്പോള്‍ സ്വാദുള്ള കറികളുമായി വാത്സല്യത്തോടെ അമ്മ ചോറു വാരി തരുന്നതും,  അമ്മയോട് കറികള്‍ നന്നായില്ല എന്ന പരാതി നിരത്തുന്നതും ..അങ്ങനെ ...അങ്ങനെ...

വിഷുവിനു നാട്ടില്‍ ഉണ്ടാവണം എന്നു നേരത്തെ നിശ്ചയിച്ചതായിരുന്നു ..അതിനു വേണ്ടി തന്നെ രണ്ടു വര്‍ഷം
ലീവെടുക്കാതെ പണിയെടുക്കേണ്ടിയും വന്നു. ലീവ് അപ്രൂവ് ആയി എന്ന് അറിഞ്ഞപ്പോള്‍ മനസ്സില്‍ എന്തു സന്തോഷമായിരുന്നു...
പിന്നെയങ്ങോട്ട് മനസ്സിനൊരു പുത്തന്‍ ഉണര്‍വ്വായിരുന്നു...ഓരോ ശ്വാസത്തിലും നാടും വീടും മാത്രമായിരുന്നു.....

നാട്ടിലെത്തിയപ്പോള്‍ ഏറ്റവും അതിശയിപ്പിച്ചത് നേരത്തേ പൂത്ത് വിഷുവിന്റെ ആഗമനം കാത്തു നില്‍ക്കുന്ന കണിക്കൊന്നകള്‍ തന്നെയാണ്... വിഷു കൂടാന്‍ വന്ന തന്നെ സ്വീകരിക്കാന്‍ നില്‍ക്കും
പോലെയായിരുന്നു എങ്ങും കണിക്കൊന്നകള്‍ പാതയോരത്ത് മഞ്ഞപന്തല്‍ ഒരുക്കിയിരുന്നത്...

വിഷുകാലത്തിന്റെ ഓര്‍മ്മകള്‍ നിരവധിയാണ്...
പണ്ട്, കൂട്ടുകാരുമൊത്ത്
കണി കാണുന്നതിനായി  കണിക്കൊന്ന കൈക്കലാകാന്‍ വേണ്ടി ഓടി നടക്കുമായിരുന്നു...തൊടിയിലും വഴിയോരത്തും ധാരാളം കൊന്ന പൂത്തു കിടന്നാലും വിഷുവിന്റെ തലേന്ന് അതെല്ലാം ആളുകള്‍ പോയിരിക്കും...
  കണി ഒരുക്കുന്നത് അമ്മയാണ്..
ഞങ്ങള്‍ കുട്ടികള്‍ അമ്മയെ സഹായിക്കാന്‍ ചെല്ലുമ്പോള്‍‘ഒരു സഹായവും വേണ്ടാട്ടൊ‘ എന്നു പറഞ്ഞ് അമ്മ ഞങ്ങളെ പായിക്കും .... ..കാരണമെന്തെന്നോ, കണിയൊരുക്കാന്‍ വാങ്ങുന്ന ആപ്പിള്‍, ഓറഞ്ച്, പഴുത്ത മാമ്പഴം, മുന്തിരി ,പഴം...എന്നിവയിലൊക്കെയാവും എന്റെയും ഏട്ടന്റെയും അമ്മുവിന്റെയും കണ്ണുകള്‍...“കണികണ്ടു കഴിഞ്ഞേ ഇതില്‍ നിന്നും എന്തും എടുത്തു കഴിക്കാവ്വൂ ട്ടോ”എന്ന് അമ്മ മുന്നറിയിപ്പു തന്നാലും എട്ടന്‍ അമ്മ കാണാതെ മുന്തിരി കൈക്കലാക്കും ..അമ്മയോടു പറയാതിരിക്കാന്‍ എനിക്കും അമ്മൂനും അതിലൊരു പങ്ക്   തരാറുണ്ടായിരുന്നു.. 

വിഷു ദിവസം അതിരാവിലെ അമ്മ വിളക്കു കൊളുത്തിയതിനു ശേഷം ആദ്യം വിളിച്ചുണര്‍ത്തുന്നത് എന്നെ തന്നെയായിരുന്നു..പിന്നെയാണ് അമ്മുവിനെ വിളിക്കുക ..അതു കഴിഞ്ഞേ ഏട്ടനെ വിളിച്ചുണര്‍ത്തൂ ,കാരണം,അതി രാവിലെ എഴുന്നേല്‍ക്കുക എന്നത് ഏട്ടനു ഇഷ്ടമായിരുന്നില്ല..ഒരുപാടു പണിപ്പെട്ടായിരുന്നു അമ്മ അന്നൊക്കെ ഏട്ടനെ ഉണര്‍ത്തിയിരുന്നത്..

അമ്മയുടെ നനുത്ത കൈകള്‍ കൊണ്ട് എന്റെ കണ്ണുകള്‍ പൊത്തി , വിളിച്ചുണര്‍ത്തി..എങ്ങും തട്ടാതെ, സൂക്ഷിച്ചായിരുന്നു അമ്മ എന്നെ കണികാണിക്കാന്‍ കൊണ്ടു പോയിരുന്നത് ....അമ്മയുടെ ആ നനുത്ത വിരലുകളുടെ സ്പര്‍ശം ഇപ്പോഴും കണ്‍ തടങ്ങളില്‍ ഉള്ളതു പോലെ.....

കുളിച്ച് വിഷുക്കോടിയണിഞ്ഞ് അമ്മയില്‍ നിന്നും കൈനീട്ടം വാങ്ങുമ്പോള്‍ എന്തു സന്തോഷമായിരുന്നു അന്ന് മനസ്സില്‍..പിന്നെ, ഞങ്ങള്‍ മൂവരും നേരെ പോകുന്നത് അമ്മാവന്റെ വീട്ടിലേക്ക് ആയിരുന്നു...അവിടെചെല്ലുമ്പോള്‍ അവിടുന്നും വിഷുകൈനീട്ടം കിട്ടിയിരുന്നു .അന്ന് മുഴുവന്‍ മൂവരും കൈനീട്ടമായി കിട്ടിയ ചില്ലറകളുടെ ഗമയിലാവും ...അന്നൊക്കെ  വിഷു ...മനസ്സിന്റെ ഉത്സവമായിരുന്നു....
 
ഏട്ടന്‍ പാവമായിരുന്നു...പഠിക്കാന്‍ മിടുക്കനായതിനാല്‍ പഠിച്ചിറങ്ങിയ ഉടന്‍ തന്നെ ഏട്ടന് ജോലിയും ലഭിച്ചു.ഏട്ടനു നിയമന ഉത്തരവു ലഭിച്ച ദിവസം എന്തു സന്തോഷമായിരുന്നു എല്ലാവര്‍ക്കും...

”രഘുവിനു ജോലി ആയില്ലേ, ഇനി ഭാനുവമ്മ രക്ഷപ്പെട്ടുവല്ലോ ‘എന്ന് പലരും അമ്മയോടു പറഞ്ഞു കേട്ടിട്ടുണ്ട്...അപ്പോഴെല്ലാം അത് ശരിയാണെന്ന് തനിക്കും തോന്നിയിരുന്നു...കാരണം, അച്ഛന്‍ മരിച്ചതില്‍ പിന്നെ, പശു, കോഴി എന്നിവയൊക്കെ വളര്‍ത്തിയും പറമ്പില്‍ നിന്നു ലഭിക്കുന്ന തുച്ഛമായ വരുമാനവും കൊണ്ടാണ് അമ്മ ഞങ്ങളെ മൂന്നു പേരെയും ഒരു അല്ലല്ലുമറിയിക്കാതെ പോറ്റിയിരുന്നത്...

വിധിയെ തടുക്കാന്‍ ആര്‍ക്കാ കഴിയുക...അല്ലെങ്കില്‍ , ജോലിക്കു പോകാനായി ഏട്ടന്‍ ബസ് കാത്തു നിന്ന സ്റ്റോപ്പിലേക്ക് നിയന്ത്രണം വിട്ട വണ്ടി പാഞ്ഞ് കയറുമായിരുന്നോ...

ഏട്ടന്റെ വേര്‍പാടാണ് കുടുംബത്തിന്റെ ചുമതല എന്നില്‍ ഏല്പിച്ചത്..ഗള്‍ഫിലേക്ക് ഒരു വിസ തരപ്പെടുത്തി തരാന്‍ സഹായിച്ചതും അമ്മാവന്‍ തന്നെയായിരുന്നു..അമ്മയേയും അമ്മൂനെയും ഒറ്റയ്ക്കാക്കി പോകാന്‍ വിഷമം അന്ന് മനസ്സ് അനുവദിച്ചിരുന്നില്ല...പക്ഷേ, കുടുംബത്തിന്റെ സ്ഥിതിയോര്‍ത്തപ്പോള്‍ പോകേണ്ടി വന്നു....

“എവിടെക്കാ നന്ദന്‍കുട്ടിയ്യ്യ് പോയി വരുന്നത് ...മഴ വരണത് കണ്ടില്ല്യാന്നുണ്ടോ..” നാണിത്തള്ളയുടെ ചോദ്യം കേട്ടപ്പോഴാണ്  ചിന്തയില്‍ നിന്നുണര്‍ന്നത്.

ആഹാ, വേനല്‍ മഴയും വന്നെയിരിക്കുന്നു...
ഒരു മഴ കാണാന്‍ കൂടി കൊതിച്ച് വന്ന തനിക്ക് എന്തായാലും ഈ യാത്രയില്‍ ഒരു മഴ കൂടി ലഭിച്ചിരിക്കുന്നു..വേനല്‍ ചൂടിന്റെ കാഠിന്യം കൂടിയപ്പോള്‍ അമ്മ ഇന്നലെ വിധിച്ചതാണ് “എന്താ ഒരു ചൂട് ...രണ്ടൂസത്തിനകം മഴയുണ്ടാകും..“എന്ന്..

ഗള്‍ഫിലേക്കു മടങ്ങാനുള്ള ടിക്കറ്റ് ഓക്കെയായി കിട്ടിയിരിക്കുന്നു ..ഇനി മൂന്നു ദിവസത്തിനകം മടങ്ങി പോകണമെന്ന് അമ്മയോടു പറയാന്‍ തന്നെ ഒരു വിഷമം...എങ്ങെന്യാ പറയുക കേള്‍ക്കുമ്പോള്‍ തന്നെ അമ്മയുടെ കണ്ണുകള്‍ നിറയും അതു തീര്‍ച്ച...
മനസ്സിലെ വിങ്ങലിനു ആശ്വാസമേകും പോലെ ചാറ്റല്‍ മഴ പെയ്തു തുടങ്ങീയിരിക്കുന്നു.....

ആ മഴത്തുള്ളികള്‍ ഏറ്റു വാങ്ങി വിങ്ങുന്ന മനസ്സുമായി വീട്ടിലേക്കുള്ള ഒറ്റയടി പാതയിലൂടെ നടന്നു.....