Monday, September 12, 2016

മാവേലിക്ക് ഒരു കത്ത്.

പ്രിയപ്പെട്ട മാവേലി ,
എനിക്കറിയാം നിങ്ങളിപ്പോ ചിങ്ങത്തേരിലേറി മലയാളക്കരയിലെത്താൻ തിടുക്കം കൂട്ടി കാത്തിരിക്കയാണെന്ന്. അതെ ,നിങ്ങൾ കരുതും പോലെ കഴിഞ്ഞ വർഷം കണ്ടു പോയ നാടല്ല ട്ടാ ഇപ്പോ ഇവിടം.
ഭരണം മാറി കഥ മാറി. ഞങ്ങൾ വരും എല്ലാം ശരിയാക്കുമെന്ന് പറഞ്ഞവർ വന്നു ,പക്ഷേങ്കിൽ പറഞ്ഞ പോലെ തന്നെ അവശ്യസാധനങ്ങളൊക്കെ ധാരാളം കിട്ടുന്നുണ്ട് പിന്നെയിത്തിരി വില കൂടുതലാണെന്നു മാത്രം. വിഷം കുത്തി നിറച്ച കായ്കനികളും മത്സ്യ മാംസാദികളും കഴിച്ചുകഴിച്ച് എല്ലാരും രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നതിനാൽ ഉള്ളതു പറയണമല്ലോ നാട്ടിലിപ്പോ കൂണുകൾ പോലെ ആശുപത്രികളുമായി.
പിന്നെ ഒരു കാര്യം , ഇനി നിങ്ങൾ പഴയ പോലെ പൂക്കളമിടലും. തുമ്പിതുള്ളലും .. ചെമ്പഴുക്കകളിയും. ഊഞ്ഞാലാട്ടവും തിരുവാതിരക്കളിയും ഒക്കെ കണ്ടു രസിക്കാമെന്ന് കരുതി ഇങ്ങോട്ട് വരണ്ട ട്ടാ .. വല്ല തലപ്പന്തോ... ഓലപ്പന്തോ...കരടിയോ.. കടുവയോ..കുമ്മാട്ടിയോ.. പുലികളിയോ ഒക്കെ കാണാനാണെങ്കിൽ മാത്രം വന്നാൽ മതി.. ( ഇതൊക്കെ കാണാൻ മാത്രം വരണോ വേണ്ടയോ എന്ന് നിങ്ങൾ ചിന്തിക്ക് ) കാരണം ഈ പൂക്കളവും തുമ്പിതുള്ളലും ചെമ്പഴുക്കകളിയും ഊഞ്ഞാലാട്ടവും തിരുവാതിരയും ഒക്കെ കണ്ടു നിന്നാലേ നിങ്ങളെ പോലീസ് പിടിക്കും.. അതേ , 14 സെക്കൻറ് സമയം കൊണ്ട് ഇതൊന്നും തീരൂല്ലല്ലോ...
പിന്നെ ,മറ്റൊരു കാര്യം വരുമ്പോൾ കാലിൽ മെതിയടിയൊന്നും വേണ്ടാ ട്ടോ.. വല്ല ലൂണാറോ മറ്റോ ഒന്ന് തരപ്പെടുത്ത് . ഇവിടെ തെരുവു നായ്ക്കളുടെ ശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്ക്യ നാട്ടാര്....
വെറുതെ നിങ്ങളെന്തിനാ വർഷത്തിലൊരിക്ക വന്നിട്ട് നായ്ക്കളുടെ കടി ഏൽക്കണത്.. നല്ലതു പോലെ ഓടാൻ പഠിച്ചിട്ടൊക്കെ വന്നാ മതി..
പണ്ട് ശ്രീരാമൻ 14 വർഷം കാട്ടിൽ പോയിയെന്നാലും ഞങ്ങൾക്കൊക്കെ രാമൻ ഇപ്പോഴും ശ്രീരാമൻ തന്നെയാ..
എന്നാൽ ഈ 14 സെക്കന്റ് നിങ്ങൾക്ക് ചീത്ത പേരുണ്ടാക്കും.. ഇതു വരെ സമ്പാദിച്ച പേരിനെ യത് മോശമാക്കും...
അറിക്കാനുള്ളത് അറിയിച്ചു' ഇനി നിങ്ങളുടെ വിധി...
എന്ന് ,
സ്നേഹപൂർവം
..............

അകംപൊള്ളുന്ന ഓര്‍മ്മകളില്‍...

ഒഹ്, സമയം ഒന്‍പതു കഴിഞ്ഞിരിക്കുന്നു. ഇന്നിനി എന്തായാലും വീട്ടിലേക്ക് വിളിക്കുന്നില്ല. വിളിച്ചാലും മരുന്നു തീരാറായാതിന്റെയും അമ്മുവിന്‍റെ ഫീസ്‌അടയ്ക്കാറാവുന്നതിന്റെയും ആവലാതികള്‍ മാത്രമേ അമ്മയ്ക്ക് പറയാനുണ്ടാവൂ
"ന്നാ വരുന്നേനീയ്.." എന്ന് ചോദ്യവും ഒരിക്കല്‍ എങ്കിലും ചേച്ചിയോ അമ്മയോ ചോദിച്ചിരുന്നെങ്കില്‍ എന്ന് പലവട്ടം ആഗ്രഹിച്ചിട്ടുണ്ട്.
താമസം എങ്ങനെ സുഖമാണോ, ജോലിയില്‍ ബുദ്ധിമുട്ടു വല്ലതുമുണ്ടോ ,കൂട്ടുകാര്‍ നല്ലവരാണോ? ഇല്ല ഇത്യാദിചോദ്യങ്ങള്‍ ഒന്നും ഒരിക്കലും ഉണ്ടാവില്ലന്നറിയാം എങ്കിലും വെറുതെ ആശിച്ചു പോകയാണ്.
ജീവിതം യാന്ത്രികമായി പോകുന്ന പോലെ..ഒരു മാറ്റവും ഇല്ലാത്ത ദിനങ്ങള്‍..അകലേക്ക് സ്ഥലമാറ്റം ചോദിച്ചത് കിട്ടിയപ്പോള്‍ മനസ്സില്‍ വല്ലാത്ത ആഹ്ലാദം തോന്നിയിരുന്നു.
ചുമച്ചും കിതച്ചും മദ്യലഹരിയില്‍ ഇഴഞ്ഞെത്തുന്ന അച്ഛന്‍റെ അലര്‍ച്ച കേള്‍ക്കണ്ടല്ലോ "എന്നാതിനാടിയേ വേലയ്ക്ക് പോകുന്നേ കാകാശിന്‍റെ സഹായം എനിക്കുണ്ടോടിയേ നിന്നെകൊണ്ട് " എന്ന് പറഞ്ഞു കാശിനു വേണ്ടി വഴക്കിനു തിരികൊളുത്തുന്ന അച്ഛന്റെ ശബ്ദം ഇപ്പോഴും ഒരു പേടിസ്വപ്നം തന്നെയാ...
വെള്ളി മുതല്‍ ഓണാവധി തുടങ്ങുകയായി, ഇവിടേക്കാ അവധിതീരുംവരേയ്ക്കും ഒന്ന് ഓടിഒളിക്കുക?
ഒപ്പംജോലിചെയ്യുന്ന ശാരദേച്ചി കുടുംബവുമായി ഗുരുവായൂര്‍ പോകുംപോലും, ശ്യാമളയാവട്ടെ വിവാഹസ്വപ്നങ്ങളും കണ്ടു ഓണത്തെ വരവേല്‍ക്കുന്നു..
ഓരോരുത്തരും വല്ലാത്ത ആവേശത്തിലാ..എല്ലാവര്ക്കും ഇപ്പൊ എന്നുംപറയാന്‍ ഓണക്കോടിയും സദ്യയും വിരുന്നുപോകലും ഒക്കെതന്നെ...
ഇതിനിടയില്‍പ്പെട്ട് ചിലനേരങ്ങളില്‍ കണ്ണില്‍ കാര്‍മേഘം ഉരുണ്ടു കൂടുംപോലെ..സാരമില്ല, വെള്ളിയാഴ്ച രാവിലെതന്നെ ഒപ്പംതാമസിക്കുന്ന ലക്ഷ്മി ഓണം കൊള്ളാന്‍പോകും..
പിന്നെ,വിസ്തരിച്ച് സമയം ഉണ്ടല്ലോ എനിക്ക്മാത്രമായി ..എന്‍റെ മാത്രംലോകം...ഉരുണ്ടു കൂടുന്ന കാര്‍മേഘത്തിനൊപ്പം ധാരാളം പെയ്തുതോരാം....