Monday, March 9, 2015

ശിവാനിയും ഡയറികുറിപ്പും ....


ഈ താളില്‍ ഇന്നിനി എന്താണ് എഴുതുക ....

                    ഇത്ര ദിവസവും എഴുതാന്‍ എത്ര കണക്കുകള്‍ ആയിരുന്നു ..
വീട്ടുവാടക,പത്രം,കറന്റ്,പലചരക്ക് കടയിലെ കുടിശ്ശിക, ബസ് ഫീസ്, 
സ്കൂള്‍ഫീസ് ഓരോന്നിനുമായി പകുത്തു നല്‍കുമ്പോള്‍ ...
തെറ്റാത്ത വാക്കായി മാറുമ്പോള്‍ ..
വല്ലാത്തൊരു അഭിമാനം തോന്നാറുണ്ട്...

                            ഹോ!, ഈ ഡയറി താളുകള്‍ ഇല്ലായിരുന്നെങ്കില്‍...
ഈ ഭാരമൊക്കെ ഇറക്കി വച്ച് ആശ്വാസത്തിന്‍റെ നിശ്വാസം കണ്ടെത്തുക 
എവിടെയാവും....എത്ര നാള്‍ ഇങ്ങനെ മുന്നോട്ടു പോകാനാവും ...അങ്ങനെ ഓര്‍ക്കുമ്പോള്‍ വല്ലാത്ത ഒരു ഭയം വിഴുങ്ങാനടുക്കും പോലെ...

                       ഇപ്പോള്‍ തന്നെ കാലു വേദനയൊക്കെ വല്ലാതെ പിന്തുടരുന്നുണ്ട് 
അതെങ്ങനെയാ..പുതുക്കിയ ബസ് ചാര്‍ജ്ജ് വര്‍ദ്ധന പിറന്നതോടെ  
നടപ്പ് തന്നെ ആരോഗ്യത്തിനു ഗുണം എന്ന കണ്ടെത്തലില്‍ 
രാവിലെയും വൈകിട്ടും ഓഫീസിലേക്ക് നടന്നു പോകാന്‍ തുടങ്ങിയതല്ലേ
ആ വക എത്ര രൂപയാ മിച്ചം വയ്ക്കാന്‍ കഴിഞ്ഞത്...മാത്രമോ...
വല്ലപ്പോഴും ചിന്നു മോള്‍ക്ക് അവള്‍ ആവശ്യപ്പെടുന്ന ബിസ്ക്കറ്റും കേക്കും ഒക്കെ വാങ്ങിച്ചു കൊടുക്കാനും കഴിയുന്നുണ്ടല്ലോ ...അതൊരു ആശ്വാസം തന്നെ ...ആ ഓര്‍മ്മ മതി എല്ലാ ക്ഷിണവും വേദനകളും സഹിക്കാന്‍ ,,,

                               ഇത്തവണയെങ്കിലും പുതിയ ഒരു ചെരുപ്പും ബാഗും വാങ്ങണമെന്നും കേടായ മിക്സിക്ക് പകരം മറ്റൊന്നു വാങ്ങണമെന്നും ഒക്കെ മനക്കോട്ട കെട്ടിയതായിരുന്നു ..ചെരുപ്പിന്‍റെ അവസ്ഥ ഓര്‍ക്കാതിരിക്കയാ നല്ലത് ..ഒരു അമ്പലത്തില്‍ ചെന്നാല്‍ പോലും ഊരിയിടാന്‍ നാണമാകും..പിന്നെ, അമ്പലമല്ലേ ചെരുപ്പ് മോഷ്ടാക്കളെ ഭയന്ന്‍ പഴയത് ഇട്ടതാകും എന്ന്‍ കരുതിക്കൊള്ളും എന്നങ്ങു വിചാരിക്കുമ്പോള്‍ അതും ആശ്വാസം...

                                   ഒരിക്കല്‍ ലക്ഷ്മി ചോദിക്കയും ചെയ്തു .."ഈ ചെരുപ്പ് ന്താ ങ്ങനെന്ന്"..ആ ഇപ്പോ ഇങ്ങനെയാ ,,,അമ്പലമല്ലേ പെണ്ണെ എന്ന് പറഞ്ഞു 
തടിത്തപ്പി.


                                 അങ്ങുമിങ്ങും ഒക്കെ പിഞ്ഞിതുടങ്ങിയിരിക്കുന്നു ബാഗ്.... വാങ്ങിയപ്പോള്‍ അറകളൊക്കെ എണ്ണി നോക്കി ഇഷ്ടപ്പെട്ട് വാങ്ങി ,,പക്ഷെ, പറഞ്ഞ്ട്ടെന്തു കാര്യം.. ഇപ്പൊ സംഗതി വളരെ എളുപ്പമായി ...ഏതു അറ തുറന്നു എന്തിട്ടാലും പേടിക്കണ്ട... തിടുക്കത്തില്‍ ആയാലും പരതേണ്ട കാര്യമില്ല ,,ഏതു അറ തുറന്നാലും എളുപ്പത്തില്‍ എടുക്കാമെന്നായിട്ടുണ്ട്...

അതിനെ പറഞ്ഞിട്ട് കാര്യമില്ല...കൊല്ലം നാലാകാന്‍ പോകുന്നു അത് വാങ്ങിട്ട്,


ഇന്നലെ കൂടി റിമ ചോദിച്ചതെയുള്ളൂ ടീ, നീയാണോ പിശുക്ക് കണ്ടു പിടിച്ചതെന്ന് ,,, 

ഓരോ വക ചിന്തകളിലേക്ക്പോയപ്പോള്‍  
ഡയറിത്താള്‍ മറന്നു ഒന്നും എഴുതിയില്ലല്ലോ ...എന്തെഴുതാന്‍... 
മിച്ചം 850 രൂപ എന്ന് എഴുതാം ...നാളെ മുതല്‍ ഇതിലും കുറഞ്ഞു വരില്ലേ  ,,
അപ്പോള്‍ പിന്നെ എഴുതാന്‍ ധാരാളമുണ്ടാകും 
ഷിംനയോടും അനിതയോടും ഒക്കെ  കടം ചോദിച്ചു നടന്ന കഥയും..
അടുത്ത ശമ്പളദിവസത്തെക്കുള്ള കാത്തിരിപ്പിന്‍റെ വേവുകളും....1 comment:

  1. നേരിന് നേരെ പിടിച്ച ഒരു കണ്ണാടി........

    മാസം തോറും എണ്ണി ചുട്ട അപ്പം ശംബളം വാങ്ങുന്ന ഒരു സാധാരണ വീട്ടമ്മയുടെ കണ്ണീരും കിനാവും ആകുലതകളും നെടുവീർപ്പുകളും ഒട്ടും ചൂരും ചൂടും നഷ്ടം ആകാതെ ഒപ്പിയെടുക്കുന്നതിൽ കഥാകാരി അസമാന്യ വിജയം അനായാസം കരസ്ഥമാക്കി എന്ന് സംശയ ലേശ മന്യേ ആർക്കും പറയാവുന്ന ഒരു കൊച്ചു സുന്ദര കഥ.............
    ആ വീട്ടമ്മയുടെ ദയനീയ അവസ്ഥ നമുക്ക് കാണിച്ച് തരാനായി തിരഞ്ഞെടുത്ത ചെരുപ്പും പിന്നെ ബാഗും ഹോ പറയാൻ വാക്കുകൾ ഇല്ല

    പ്രിയ കഥാകാരിക്ക് ആത്മാർഥമായ ആശംസകൾ നേരുന്നു...........

    ReplyDelete