Monday, October 24, 2016

നിലാവ് മൌനം പുതച്ചുറങ്ങുമ്പോള്‍......

ഗീതുവിനെ ആദ്യമായി കണ്ട നിമിഷം ഇപ്പോള്‍ കൂടുതല്‍ തെളിമയോടെ ഉണരുകയാണ്... അവളെ സ്വന്തമാക്കണമെന്ന ആഗ്രഹം പീലി നിവര്‍ത്തിയതെപ്പോഴാണ്....

പ്രണയകാലത്തെ ദിനങ്ങള്‍ ..ജീവിതത്തിലെ ഏറ്റവും മനോഹരമായ ജീവസുറ്റ ദിനങ്ങളായിരുന്നു അന്ന്...എപ്പോഴും ശ്വാസനിശ്വാസങ്ങളുടെ ഓരോ മാത്രയിലും അവള്‍ നിറഞ്ഞു നിന്നു...ചെറുകാറ്റില്‍ പോലും പാറി പറക്കുന്ന അവളുടെ അലസമായ മുടിയിഴകള്‍..വിടര്‍ന്ന കണ്ണുകള്‍...വശ്യതയാര്‍ന്ന ചിരി, ഇമ്പമാര്‍ന്ന സ്വരം ഒക്കെ ജീവനില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു...

ഒരു ദിവസം അവളെയൊന്നു കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ മനസ്സാകെ വീര്‍പ്പുമുട്ടലിന്റെ കാര്‍മേഘങ്ങള്‍ നൊമ്പരം വര്‍ഷിക്കുമായിരുന്നു...സ്നേഹം വന്നു പൊതിയുമ്പോഴും ,പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും പിണക്കങ്ങളുടെ കുത്തിയൊലിപ്പിലും അകപ്പെട്ടിട്ടുണ്ട്..
പക്ഷേ, ആ പിണക്കങ്ങളൊക്കെ വീണ്ടുമൊരു സ്നേഹത്തിന്റെ വലയില്‍ വീഴ്ത്താന്‍ ഒരു നോട്ടമോ ഒരു കണ്ണീര്‍ത്തുള്ളിയോ മാത്രം മതിയായിരുന്നു...

അന്ന്, പൊള്ളുന്ന വേനല്‍ പ്രതീക്ഷിക്കാത്തൊരു മഴയായി തീരും പോലെയായിരുന്നു വീട്ടുകാരോട് എത്ര പൊരുതിയിട്ടും കൂട്ടുകാരുടെ മാത്രം സാന്നിധ്യത്തില്‍ ഒരു താലി ചരടില്‍ കോര്‍ത്ത് അവളെ സ്വന്തമാക്കിയത്  ... 
സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും സ്വപ്നസാക്ഷാത്കാരത്തിന്റെ നിര്‍വൃതിയുടെയും മേഘപഞ്ഞിക്കെട്ടുകള്‍  തെളിഞ്ഞ ആകാശത്ത്  ഒഴുകി നടക്കുന്നതു പോലെ ദിനങ്ങളങ്ങനെ ഓടി മറയുകയായിരുന്നു.. 

 മുറ്റത്തെ മൂവാണ്ടന്‍ മാവില്‍ വിരുന്നെത്തുന്ന അണ്ണാറക്കണ്ണന്മാരെ കുറിച്ചും ആദ്യമായി വിരിഞ്ഞ പനിനീര്‍പൂവിനെ കുറിച്ചും അവള്‍ വാചാ‍ലയാകുന്നത്...  ഓര്‍ക്കാപ്പുറത്ത് വിരുന്നെത്തുന്ന മഴയില്‍ കളിവള്ളമുണ്ടാക്കി അവള്‍ രസിക്കുന്നത് കാണുമ്പോള്‍ അവളെ കളിയാക്കുന്നത്..അങ്ങനെയങ്ങനെ ഓര്‍മ്മകളുടെ പടവുകള്‍ കയറിയിറങ്ങുമ്പോള്‍ എന്തെല്ലാം ചിത്രങ്ങളാ മനസ്സില്‍ മറഞ്ഞു കിടക്കുന്നത് കാണുന്നത്...

എല്ലാം എത്ര വേഗമാണ് മാറി മറിഞ്ഞത്...ശ്രീക്കുട്ടിയുടെ വരവാണോ അവളെ തന്നില്‍ നിന്നും അകറ്റിയത്..അമ്മയായപ്പോള്‍ അവളുടെ സ്നേഹം നഷ്ടപ്പെട്ടിരുന്നോ തനിക്ക്...അങ്ങനെ പറഞ്ഞൊഴിയാന്‍ കഴിയുമോ.? ഓഫീസില്‍ നിന്നും കൊണ്ടു വരുന്ന ഫയലുകളുടെയും കമ്പ്യൂട്ടറിന്റെയും  ടി വിയുടെയും മുന്നിലായി സമയം മാറ്റി വച്ചപ്പോള്‍ അവളെ കുറിച്ച് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല എന്നതല്ലേ വാസ്തവം..
അപ്പോഴൊക്കെ,  അവള്‍ വിശേഷങ്ങള്‍ പങ്കിടാന്‍ അടുത്ത് എത്തുമ്പോള്‍ ഒരു തരം ഈര്‍ഷ്യായിരുന്നില്ലേ മനസ്സില്‍ തോന്നിയിരുന്നത്.സ്നേഹമൊക്കെ കാറ്റിലൊരില പോലെ പറന്നകലുകയായിരുന്നില്ലേ.... “ഈ കുഞ്ഞിനെ എങ്കിലും ഇത്തിരി നേരം നോക്കരുതോ രവിയേട്ടാ“ എന്നവള്‍ പരിഭവം പറയുമ്പോഴൊക്കെ “നിനക്ക് പിന്നെയെന്താ പണി” എന്ന് പകരത്തിനു പകരമായി നല്‍കിയല്ലേ അവളെ നിശ്ശബ്ദയാക്കിരുന്നത്.

വല്ലാത്ത ക്ഷീണം തീരെ വയ്യാത്തതു പോലെ നമുക്കൊന്ന് ആശുപത്രി വരെ പോയാലോ  രവിയേട്ടാ എന്നവള്‍ ആവശ്യപ്പെട്ടപ്പോഴും “എനിക്ക് ലീവെടുക്കാന്‍ കഴിയില്ല നീ അപ്പുറത്തെ ശാന്തചേച്ചിയുമായി പോയി വാ” എന്നല്ലേ അന്ന് മറുപടി നല്‍കിയത്..പിന്നെ , അസുഖത്തെ കുറിച്ച് അവള്‍ പറയുമ്പോഴൊക്കെ “ഒക്കെ നിന്റെ തോന്നലാ നിനക്കൊന്നും ഇല്ല” എന്ന് പറഞ്ഞൊഴിഞ്ഞത് എന്തിനായിരുന്നു....അതില്‍ പിന്നെ ഒന്നും അവള്‍ പറഞ്ഞതുമില്ലല്ലോ..അല്ല, അവളോട് തിരക്കിയതുമില്ല എന്ന് പറയുന്നതാവില്ലേ അതിന്റെ ശരി...

പ്രണയത്തിന്റെ നാളുകളില്‍ അവള്‍ക്ക് ഒരു ചെറിയ തല വേദന എന്ന് കേട്ടാല്‍ പോലും ഉടനെ ഡോക്ടനെ കാണാന്‍ പോകാമെന്ന് പറഞ്ഞ് വാശി പിടിച്ചയാളായിരുന്നില്ലേ എന്നോര്‍ത്തപ്പോള്‍ വല്ലാത്ത ഒരു സങ്കടവും കുറ്റബോധവും കലര്‍ന്ന മലവെള്ളപാച്ചിലില്‍ അകപ്പെട്ടപോലെയായി...

ചെറിയ കാര്യങ്ങള്‍ക്ക് പോലും തുടരെ തുടരെ ഓഫീസിലേക്ക് വിളിക്കുന്ന ശീലം അവള്‍ക്ക്  പിടിപ്പെട്ടപ്പോഴാണ് വീട്ടിലെ നമ്പര്‍ കണ്ടാലും ഫോണ്‍ അറ്റന്‍ഡ് ചെയ്യാതെ ആയത്..രണ്ടു വിളിയില്‍ കൂടുതല്‍ വരുമ്പോള്‍ ഫോണ്‍ സൈലന്റിലേക്ക് മാറ്റുകയായിരുന്നു പതിവ്...

വൈകിട്ട് ഒരു മീറ്റിങില്‍ പങ്കെടുക്കുമ്പോഴാണ് അവളുടെ വിളി വന്നത്. പെട്ടെന്ന് ഫോണ്‍ സൈലന്റിലേക്ക് മാറ്റി.. മീറ്റിംഗ് തീര്‍ന്ന ശേഷവും വീട്ടിലേക്ക് ഒന്ന് തിരിച്ചു വിളിക്കാന്‍ ഓര്‍ത്തില്ല...അവള്‍ തന്നു വിടുന്ന ലിസ്റ്റിലെ സാധങ്ങളോ മരുന്നോ വാങ്ങാന്‍ പറയാ‍നാവും വിളിച്ചതെന്നു മനസ്സില്‍ കണ്ടു..“അല്ലെങ്കിലും വീട്ടില്‍ നിന്നിറങ്ങിയാല്‍ പിന്നെ വീട്ടിലുള്ളവരെപ്പറ്റി ഒരു ചിന്തയുമില്ല“ എന്നുള്ളൊരു  പരിഭവം അവള്‍ക്ക് നിലവിലുണ്ടായിരുന്നല്ലോ എപ്പോഴും ..

വീട്ടുവാതിക്കല്‍ എത്തിയപ്പോഴെ അവളോട് വല്ലാത്ത ദേഷ്യമാ തോന്നിയത്..സന്ധ്യ കഴിഞ്ഞിട്ടും വിളക്ക് തെളിയിക്കാതെ ഇവള്‍ ശാന്ത ചേച്ചിയോട് കാര്യം പറഞ്ഞിരിക്കുന്നുണ്ടാവും ..അപ്പോഴാണ് ഗായത്രി  ഓടി വന്നു പറയുന്നത് “അമ്മയും ഗീത്വേച്ചിയും വൈകിട്ട് എ കെ ആശുപത്രിയില്‍ പോയതാ ഇതു വരെ വന്നില്ല”..വന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ തൊണ്ട ഇടറി പോയിരുന്നുവോ...അവരിപ്പോഴിങ്ങെ 
ത്തും എന്ന ചിന്തയായിരുന്നുവോ എന്നിട്ടും അവിടം വരെ ഒന്നു പോകാന്‍ വീണ്ടും വൈകിയത്...

ഐ സി യൂവിനു മുന്നില്‍ വിതുമ്പി നില്‍ക്കുന്ന ശാന്തചേച്ചി “എനിക്കൊന്നും അറിയില്ല മോനേ“ എന്ന് പറഞ്ഞ് ഉറക്കെ കരയാന്‍ തുടങ്ങിയപ്പോള്‍ ഒന്നും മനസ്സിലാകാത്ത ഒരു കൊച്ചുകുട്ടിയുടെ ഭാവത്തില്‍ പകച്ചു  നില്‍ക്കാനേ കഴിഞ്ഞുള്ളൂ...

”രോഗത്തിന്റെ അവസ്ഥ നിങ്ങളെ അറിയ്ക്കാന്‍ വേണ്ടിയാണ് നിങ്ങളെ കാണണം, നിങ്ങളെയും കൂട്ടിയേ ഇനി വരാവൂ എന്ന് ഞാന്‍ ഗീതുവിനോട് പറഞ്ഞത് , മരുന്ന് പോലും മുടങ്ങരുത് എന്ന് ഞാന്‍ അവരോട് പറഞ്ഞിരുന്നതാണല്ലോ...“ ഡോക്ടര്‍ വീണ്ടും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു...ഓക്സിജന്‍ ട്യൂബിന്റെ സഹായത്തോടെ വാടിത്തളര്‍ന്ന് ഒരു പരാതി പോലും പറയുവാന്‍ ശക്തിയില്ലാതെ അവള്‍ കിടക്കുന്നത് കണ്ടപ്പോള്‍ മനസ്സ് കുറ്റബോധത്തിന്റെ ശരപഞ്ജരത്തില്‍ കുടുങ്ങി പോയി കഴിഞ്ഞിരുന്നു .

തിരക്കുകള്‍ക്കിടയ്ക്ക് പലപ്പോഴും അവളോടു കാണിച്ച അവഗണനയാവും ഒന്നും പറയാതെ സ്വയം സഹിച്ച് അവളെ നിശ്ശബ്ദയാക്കിയത് ..ഓര്‍ക്കുമ്പോള്‍ അവളോട് അകാരണമായ ഒരു ദേഷ്യം തോന്നും പോലെ..ഒന്നുറക്കെ കരയാന്‍ പോലും കഴിയുന്നില്ലല്ലോ  ഇപ്പോള്‍... കത്തിയെരിയുന്ന ഓര്‍മ്മകള്‍ ഒരു ആര്‍ത്തനാദമായി മാറുമ്പോള്‍ അങ്ങ് അകലെ നിലാപുഞ്ചിരി തൂകി ആകാശത്തിലെ  നക്ഷത്രകൂട്ടങ്ങള്‍ക്കിടയില്‍ ഗീതു എന്ന നക്ഷത്രവും ഒളിഞ്ഞു നോക്കുന്നുണ്ടായിരുന്നു...

Monday, September 12, 2016

മാവേലിക്ക് ഒരു കത്ത്.

പ്രിയപ്പെട്ട മാവേലി ,

                       എനിക്കറിയാം നിങ്ങളിപ്പോ ചിങ്ങത്തേരിലേറി മലയാളക്കരയിലെത്താൻ തിടുക്കം കൂട്ടി കാത്തിരിക്കയാണെന്ന്. അതെ ,നിങ്ങൾ കരുതും പോലെ കഴിഞ്ഞ വർഷം കണ്ടു പോയ നാടല്ല ട്ടാ ഇപ്പോ ഇവിടം.

                  ഭരണം മാറി കഥ മാറി. ഞങ്ങൾ വരും എല്ലാം ശരിയാക്കുമെന്ന് പറഞ്ഞവർ വന്നു ,പക്ഷേങ്കിൽ പറഞ്ഞ പോലെ തന്നെ അവശ്യസാധനങ്ങളൊക്കെ ധാരാളം കിട്ടുന്നുണ്ട് പിന്നെയിത്തിരി വില കൂടുതലാണെന്നു മാത്രം. വിഷം കുത്തി നിറച്ച കായ്കനികളും മത്സ്യ മാംസാദികളും കഴിച്ചുകഴിച്ച് എല്ലാരും രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നതിനാൽ ഉള്ളതു പറയണമല്ലോ നാട്ടിലിപ്പോ കൂണുകൾ പോലെ ആശുപത്രികളുമായി.


                                     പിന്നെ ഒരു കാര്യം , ഇനി നിങ്ങൾ പഴയ പോലെ പൂക്കളമിടലും. തുമ്പിതുള്ളലും .. ചെമ്പഴുക്കകളിയും. ഊഞ്ഞാലാട്ടവും തിരുവാതിരക്കളിയും ഒക്കെ കണ്ടു രസിക്കാമെന്ന് കരുതി ഇങ്ങോട്ട് വരണ്ട ട്ടാ .. വല്ല തലപ്പന്തോ... ഓലപ്പന്തോ...കരടിയോ.. കടുവയോ..കുമ്മാട്ടിയോ.. പുലികളിയോ ഒക്കെ കാണാനാണെങ്കിൽ മാത്രം വന്നാൽ മതി.. ( ഇതൊക്കെ കാണാൻ മാത്രം വരണോ വേണ്ടയോ എന്ന് നിങ്ങൾ ചിന്തിക്ക് ) കാരണം ഈ പൂക്കളവും തുമ്പിതുള്ളലും ചെമ്പഴുക്കകളിയും ഊഞ്ഞാലാട്ടവും തിരുവാതിരയും ഒക്കെ കണ്ടു നിന്നാലേ നിങ്ങളെ പോലീസ് പിടിക്കും.. അതേ , 14 സെക്കൻറ് സമയം കൊണ്ട് ഇതൊന്നും തീരൂല്ലല്ലോ...

                    പിന്നെ ,മറ്റൊരു കാര്യം വരുമ്പോൾ കാലിൽ മെതിയടിയൊന്നും വേണ്ടാ ട്ടോ.. വല്ല ലൂണാറോ മറ്റോ ഒന്ന് തരപ്പെടുത്ത് . ഇവിടെ തെരുവു നായ്ക്കളുടെ ശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്ക്യ നാട്ടാര്....
വെറുതെ നിങ്ങളെന്തിനാ വർഷത്തിലൊരിക്ക വന്നിട്ട് നായ്ക്കളുടെ കടി ഏൽക്കണത്.. നല്ലതു പോലെ ഓടാൻ പഠിച്ചിട്ടൊക്കെ വന്നാ മതി..

                              പണ്ട് ശ്രീരാമൻ 14 വർഷം കാട്ടിൽ പോയിയെന്നാലും ഞങ്ങൾക്കൊക്കെ രാമൻ ഇപ്പോഴും ശ്രീരാമൻ തന്നെയാ..എന്നാൽ ഈ 14 സെക്കന്റ് നിങ്ങൾക്ക് ചീത്ത പേരുണ്ടാക്കും.. ഇതു വരെ സമ്പാദിച്ച പേരിനെയത് മോശമാക്കും...
അറിക്കാനുള്ളത് അറിയിച്ചു' ഇനി നിങ്ങളുടെ വിധി...

എന്ന് ,
സ്നേഹപൂർവം
..............