Thursday, August 18, 2011

ജീവതാളം......


തുരുമ്പിച്ച ജനലഴികളില്‍ പിടിച്ച് രമേശന്‍ പുറത്തെ കാഴ്ചകളിലേക്ക് നോക്കിയിരുന്നു.അവിടെ , ജീവിതവും ആഗ്രഹങ്ങളും പോലെ സമാന്തരങ്ങളായി പോകുന്ന പാളങ്ങളില്‍ മിഴികള്‍ ഉടക്കി നിന്നു....

അതു വഴി കടന്നു പോകുന്ന ഓരോ തീവണ്ടികളുടെ ഒച്ചയും ഇന്ന്  നെഞ്ചിടിപ്പ് കൂട്ടുന്നതു പോലെ...ഓരോ തീവണ്ടി കടന്നു പോകുമ്പോഴും  ജീവിതയാത്രയുടെ കാതം കുറയ്ക്കും പോലെ തോന്നി...

ഒരിക്കല്‍, ഇതു പോലെ ഒരു തീവണ്ടി കടന്നു പോയപ്പോഴാണ് മാതാപിതാക്കള്‍ ഉപേക്ഷിച്ചതാവുമോ അന്ന്.....എല്ലാവരില്‍ നിന്നും എങ്ങനെയോ ഒറ്റപ്പെട്ടാണ് ചൊവ്വയൂര്‍ ഗ്രാമത്തിലെ റെയില്‍വേ സ്റ്റേഷനില്‍ എത്തപ്പെട്ടത്...

തികച്ചും അപരിചിതമായ അന്തരീക്ഷത്തില്‍ ...ആള്‍ക്കൂട്ടത്തിനു നടുവില്‍ അകപ്പെട്ടു പോയ അഞ്ചു വയസ്സുകാരന്‍ കുട്ടി..  വിശന്നു വലഞ്ഞ്  ഒരു മൂലയില്‍ ഒതുങ്ങി കൂടിയിരുന്നു വിതുമ്പി കരയുന്നത് കണ്ടത് അവിടെ ഒരു ഭക്ഷണശാല നടത്തുന്ന സുപ്പയ്യ ആയിരുന്നു....

ചുവന്നു കലങ്ങിയ കണ്ണുകളും വലിയ മീശയും വലിയ ശരീരവുമുള്ള സുപ്പയ്യയെ കണ്ടപ്പോള്‍...ആ രൂപം അടുത്തടുത്ത് വന്നപ്പോഴേക്കും   പേടിച്ച് ഉറക്കെ നിലവിളിക്കാന്‍ തുടങ്ങിയിരുന്നു...  
എങ്കിലും ,ചൂടു പാറുന്ന ചായയുമായി ഒരു ചെറു പുഞ്ചിരിയോടെ സുപ്പയ്യ വന്നു സ്നേഹത്തോടെ വിളിച്ചപ്പോള്‍ ,കടുത്ത വേനല്‍ ചൂടില്‍ നടന്ന് വരുമ്പോള്‍ അഭയമാ‍യി ഒരു തണല്‍ മരം കിട്ടിയ ആശ്വാസമായിരുന്നു മനസ്സിനു...ആ ആശ്വാസത്തിലാണ് ഭയമെല്ലാം മാറി  സുപ്പായ്യയോടൊപ്പം  ചെന്നത്...

  സുപ്പയ്യ സ്നേഹത്തോടെ നല്‍കിയ പേരാണ് രമേശന്‍ എന്നത്...സുപ്പയ്യ വയറു നിറയെ ഭക്ഷണവും തല ചായ്ചുറങ്ങാന്‍ ഹോട്ടലിന്റെ പിറകില്‍ കുറച്ച് സ്ഥലവും ഒരു കീറ പായയും നല്‍കി.....
 
ദിനരാത്രങ്ങള്‍ പലതു പിന്നിട്ടപ്പോള്‍ പയ്യെ പയ്യെ  അറിയുകയായിരുന്നു സുപ്പയ്യയുടെ ചുവന്നു കലങ്ങിയ കണ്ണുകളിലെ സ്നേഹത്തിന്റേയും വാത്സല്യത്തിന്റെയും തിളക്കം...

ദിവസങ്ങള്‍ കൊഴിഞ്ഞു വീന്നപ്പോള്‍ ഏകനായ സുപ്പയ്യക്ക് സ്വന്തം മകനായി തന്നെ മാറുകയായിരുന്നില്ലേ താന്‍....ഒരു മകനു നല്‍കേണ്ട വാത്സല്യമാണ് ആരോരുമില്ലാത്ത തനിക്ക് സുപ്പയ്യ നല്‍കിയത്...
ക്രമേണ സുപ്പയ്യയോടൊപ്പം കടയിലെ കാര്യങ്ങളില്‍ സഹായിക്കാന്‍ തുടങ്ങി....
ചായ കുടിക്കാന്‍ വരുന്നവര്‍ക്ക് ചായ എടുത്തു കൊടുക്കാനും ഗ്ലാസ് കഴുകാനും ക്രമേണ ശീലിച്ചു.പിന്നെ, പിന്നെ , സ്റ്റേഷനില്‍ ഓരോ വണ്ടി എത്തുമ്പോഴും  പലഹാരങ്ങള്‍ വില്‍ക്കാന്‍ പോയി തുടങ്ങി....

ഒരു പ്രഭാതത്തില്‍ കടയില്‍ സുപ്പയ്യയെ കാണാനില്ല.അന്വേഷിച്ചു ചെന്നപ്പോഴാണ് കാണുന്നത്... വഴിയില്‍ എഴുന്നേല്‍ക്കാന്‍ പോലും ആവാതെ സുപ്പയ്യ തളര്‍ന്നു കിടക്കുന്നത് ..
സുപ്പയ്യ കിടപ്പിലായതോടെ കട നടത്തിപ്പിന്റെ ചുമതല കൂടി ഏറ്റെടുക്കേണ്ടതായി വന്നു... സുപ്പയ്യയുടെ അവസ്ഥ ആകെ തളര്‍ത്തി എങ്കിലും സുപ്പയ്യയുടെ വാക്കുകളാണ് അന്ന്  മനോബലം നല്‍കിയത്...

“ ഈ പാളത്തിലൂടെ കടന്നു പോകുന്ന ഓരോ തീവണ്ടിയുമാണു നമ്മുടെ ജീവിതം..കടന്നു വരുന്ന ഓരോ തീവണ്ടിയിലുമാണു നാം നമ്മുടെ സ്വപ്നം വിതയ്ക്കേണ്ടത്.അതിന്റെ സംഗീതമാണ് നമ്മുടെ ജീവതാളം.ആ താളം കാതോര്‍ത്ത് നീ അവിടെ എത്തണം.ഞനില്ല എങ്കിലും പതിവു പോലെ ആഹാരം വില്‍ക്കാന്‍”

സുപ്പയ്യയുടെ ഈ വാക്കുകള്‍ ഒരു മന്ത്രം പോലെ എന്നും മനസ്സില്‍ പ്രതിധ്വനിച്ചു...

അന്നു മുതല്‍ ഓരോ തീവണ്ടി എത്തുന്ന സമയത്തും ആവശ്യമായ ആഹാര സാധനങ്ങളുമായി സ്റ്റേഷനില്‍  എത്തി തുടങ്ങി....
ഒരു മകന്റെ വാത്സല്യത്തോടെ തന്നെ സുപ്പയ്യയ്യെ ശുശ്രൂഷിച്ചു എങ്കിലും , അധികം താമസിയാതെ ഈ ലോകത്തില്‍ വീണ്ടും തന്നെ തനിച്ചാക്കി സുപ്പയ്യ യാത്രയായി...

വീണ്ടും അനാഥനായി മാറിയപ്പോള്‍ സുപ്പയ്യയുടെ ഓര്‍മ്മകളിലാണ്ആ കട നടത്തി വന്നത്.
എന്നും നാലു മണിയ്ക്കുള്ള തീവണ്ടി കടന്നു പോകുന്ന ശബ്ദം കേട്ടാണ്  ഉറക്കം ഉണരുക.
അന്നും പതിവു പോലെ തന്നെ ഉണര്‍ന്നു.പക്ഷേ ,ശരീരം അനക്കാന്‍ പോലും  കഴിയുന്നില്ല. മേലാസകലം വേദന കൊണ്ട് പുളയും പോലെ തോന്നി.

തീരെ അവശത തോന്നിയതിനാലാണ് അപ്പോള്‍ തന്നെ അടുത്തുള്ള വൈദ്യരെ പോയി കണ്ടത്.വൈദ്യരാണ് ടൌണിലെ വലിയ ആശുപത്രിയിലേക്ക്  കടലാസ്സ് തന്ന് വിട്ടത്.അവിടെ വച്ചായിരുന്നു ആ ഞെട്ടിക്കുന്ന സത്യം അറിഞ്ഞത്....

തനിക്കിനി ഈ യാത്ര അധികം ഇല്ല..ഏതു നേരത്തും മരിച്ചു പോകാം.തന്റെ മജ്ജയിലാകെ അര്‍ബുദം എന്ന മാരക രോഗം പടര്‍ന്നിരിക്കുന്നു .....ദൈവത്തോട് വല്ലാത്ത ഒരു പകയാണ് അപ്പോള്‍ തോന്നിയത്....

ആശുപത്രി കിടക്കയിലായപ്പോഴും തീവണ്ടിയുടെ സംഗീതം കാതുകളില്‍ വന്നലച്ചു കൊണ്ടിരുന്നു...ഇപ്പോള്‍ ഇവിടെ ഈ മരുന്നുകളുടെ ഗന്ധം ശ്വസിച്ച് നിമിഷങ്ങള്‍ എണ്ണി തീര്‍ക്കുമ്പോള്‍ അതു വഴി കടന്നു പോകുന്ന ഓരോ തീവണ്ടിയുടെ ചൂളം വിളിയിലൂടെയും തന്റെ ജീവിത ചക്രം നീങ്ങുന്നതറിയുന്നുണ്ട്....

കടന്നു പോകുന്ന ഓരോ തീവണ്ടികളുടെ താളവും തന്റേ നെഞ്ചിടിപ്പിന്റെ.....
ജീവന്റെ താളമായി തോന്നുകയാണ്....അല്ല അത് കുറയുന്ന ശ്വാസ വേഗതയുടെ താളമായി ഏറ്റുവാങ്ങുകയാണ്...

Monday, August 15, 2011

പിന്നെയും പിറക്കാത്തൊരു സന്ധ്യയിലേക്ക്....

രഘുനും വേണൂനും വേണ്ടി വിശദമായ ഒരു കത്ത് തന്നെ എഴുതി ഡയറിയില്‍ വച്ചു.


ഓ..! സമയം രണ്ടു മണി കഴിഞ്ഞിരിക്കുന്നു...ഉച്ചയൂണു കഴിഞ്ഞ് രാമേട്ടന്‍ തിരികെ വന്നുവോ ? രാമേട്ടന്‍ തിരികെ വരും മുമ്പ് കട പൂട്ടിയിറങ്ങണമെന്നു കരുതിയതാണല്ല്ലോ ..ഇനിയെന്താണു ചെയ്യുക...
ഓരോന്ന് ചിന്തിച്ച് കത്ത് എഴുതിയിരുന്നപ്പോള്‍ സമയം നീങ്ങിയതറിഞ്ഞില്ല.. 
ഇനിയിപ്പോള്‍ കടയടയ്ക്കുന്നതു കാണുമ്പോള്‍ രാമേട്ടന്റെ വക സ്നേഹാന്വേഷണമുണ്ടാകും എന്നാലും വേണ്ടില്ല..തനിക്ക് പോയേ മതിയാവൂ..


കട പൂട്ടുമ്പോള്‍ പ്രതീക്ഷിച്ചതു പോലെ തന്നെ സംഭവിച്ചു “എവിടേക്ക്യാ പ്രഭാകരാ നീയ്..തിരിച്ചു വരില്ലേ ഇന്നിനി? രാമേട്ടനാണ്...“ഇല്ല്യാ.രാമേട്ടാ ..ഞാന്‍ അഞ്ജുവിന്റെ സ്കൂള്‍ വരെ ഒന്നു പോകയാ... അവിടെയിന്ന് രക്ഷാകര്‍ത്താക്കളുടെ ഒരു മീറ്റിങ് ഉണ്ട്”.കള്ളം പറഞ്ഞതു കൊണ്ടാവാം ആകെ ഒരു വിരയല്‍..പെട്ടെന്ന് ശരീരത്തിനു വല്ലാതെ ഭാരം നഷ്ടപ്പെട്ടപോലെ ഒരു തോന്നല്‍..പറഞ്ഞത്
രാമേട്ടന്‍ വിശ്വസിച്ചിട്ടുണ്ടാകുമോ ..ആവോ..
മുഖമുയര്‍ത്തി ഒന്നു നോക്കാന്‍ പോലും നിന്നില്ല..


ആ മുഖത്ത് നോക്കി കള്ളം പറയാന്‍ തനിക്കാവില്ല...കുട്ടിക്കാലം മുതല്‍ കാണുന്നതാണ് രാമേട്ടനെ.പല പ്രതിസന്ധി ഘട്ടങ്ങളിലും താങ്ങും തണലുമായി നിന്നയാളാണ്.നിനച്ചിരിക്കാതെ പെട്ടെന്ന് ആകാശത്തില്‍ നക്ഷത്രകൂട്ടങ്ങള്‍ക്കിടയില്‍ അച്ഛന്‍ അലിഞ്ഞു ചേര്‍ന്നപ്പോള്‍ വല്ലാതെ പകച്ചു പോയിരുന്നു...
അറിയാത്ത ദിക്കില്‍ ഒറ്റപ്പെട്ടു പോയ ഒരു കുട്ടിയുടെ മനസ്സായിരുന്നു അന്ന് എനിക്ക്. 
അച്ഛന്റെ ഓര്‍മ്മയില്‍ കണ്ണീരുമായി കഴിയുന്ന അമ്മ..അച്ഛന്റെ വേര്‍പാട് മനസ്സിലാക്കാന്‍ പ്രായമാകാത്ത രഘുവും വേണുവും..
“നീ തളരാന്‍ പാടില്ല..ഇളയതുങ്ങടെ ചുമതല ഇനി നീയാണ് ഏല്‍ക്കേണ്ടത് “ എന്നൊക്കെ പറഞ്ഞ് അന്ന് രാമേട്ടനാണ് പേപ്പര്‍ കൊണ്ടിടുന്ന ജോലിയും മറ്റു ചെറിയ ചില ജോലികള്‍ തരപ്പെടുത്തി തന്നത്.


പത്താം ക്ലാസ്സില്‍ വച്ച് പഠിപ്പു നിര്‍ത്തുന്നതില്‍ ഏറെ വിഷമം തോന്നിയിരുന്നെങ്കിലും അതൊന്നും പുറത്തു കാട്ടിയില്ല..മനസ്സു തുറക്കുന്നത് അന്നൊക്കെ രാമേട്ടനോടു മാത്രമായിരുന്നു...


കടകളില്‍ ജോലിക്ക് നിന്നും പേപ്പര്‍ ജോലി തുടര്‍ന്നും അനിയന്മാരെ പഠിപ്പിച്ചു. അവരുടെ ജീവിതം പച്ച പിടിച്ചു കാണണം എന്നു മാത്രമായിരുന്നു അന്ന് ആഗ്രഹിച്ചിരുന്നത്..


രഘുവിനു വിദേശത്തു പോകണമെന്ന ആഗ്രഹം പറഞ്ഞപ്പോള്‍ അതാണ് നല്ലത് എന്നു തോന്നി..
“അവന്‍ പോയി നല്ല ജോലിയായാല്‍ നിന്റെ ഭാരം ഇത്തിരി കുറയുമല്ലോ” എന്ന് രാമേട്ടനും കൂടി പറഞ്ഞപ്പോള്‍ ആദ്യമായി കടക്കാരനാവുകയായിരുന്നു.  വീട് പണയം വച്ചു കിട്ടിയ രൂപ കൊണ്ടാണ് അന്ന് അവനെ വിദേശത്തേക്ക് അയച്ചത്..
വല്ലപ്പോഴും എത്തുന്ന ഒരു ഫോണ്‍ വിളി മാത്രമായിരുന്നു പിന്നെ രഘുവില്‍ നിന്നുണ്ടായത്.


സി എ യ്ക്ക് പഠിക്കണമെന്ന വേണുവിന്റെ ആഗ്രഹവും നിറവേറ്റാന്‍ സാധിച്ചു..അതിനിടയില്‍ എപ്പോഴോ വേനലിലെ മഴ പോലെ മനസ്സിനെ ഒന്നു സാന്ത്വനിപ്പിക്കാന്‍ രഘു ഒന്നു വന്നു പോയി...
ജോലി ഭാരത്തെ കുറിച്ചും സാമ്പത്തിക മാന്ദ്യതയില്‍ ജോലി നഷ്ടമാകാവുന്നതിനെ കുറിച്ചുമുള്ള അവന്റെ ആവലാതികള്‍ക്കിടയില്‍ കടങ്ങള്‍ തീര്‍ക്കുന്നതിനെ കുറിച്ച് പറഞ്ഞ എന്റെ വാക്കുകള്‍ എല്ലാം തന്നെ ആമ്പലിലയില്‍ പതിച്ച ജലകണങ്ങള്‍ പോലെയായിതീര്‍ന്നു..എന്നാലും വളരെ നാളുകള്‍ക്ക് ശേഷം അവനെ കാണാന്‍ കഴിഞ്ഞ സന്തോഷമായിരുന്നു...


“മക്കളെ കണ്ടും മാമ്പൂ കണ്ടും ആശിക്കരുത് എന്നു കേട്ടിട്ടില്ലേ പ്രഭാകരാ നീയ്.....അവരെ നിന്റെ മക്കളെ പോലെയല്ലേ വളര്‍ത്തിയത്..അവരു നന്നാവട്ടെടാ.. നീയതോര്‍ത്ത് ആശ്വസിക്ക് ” എന്ന് പറഞ്ഞ് അന്നും രാമേട്ടന്‍ ഒപ്പം കൂടി.അതിനു ശേഷം ഇന്നേവരെ തന്റെ ഒരാവശ്യത്തിനും സഹോദരങ്ങള്‍ക്ക് നേരെ കൈനീട്ടിയിട്ടില്ല....


അമ്മയുടെ ചികിത്സയ്ക്ക് ഏറേ കടം വാങ്ങേണ്ടി വന്നു..പലിശയ്ക്ക് കടം വാങ്ങുമ്പോള്‍ അറിയാമായിരുനു വല്ലാതെ വിങ്ങേണ്ടി വരുമെന്ന്...ഇടയ്ക്കിടയ്ക്ക് ബാങ്കിന്റെ ഭീഷണി കൂടിയായപ്പോള്‍ സുമയുടെ സ്വര്‍ണ്ണവും വില്‍ക്കേണ്ടി വന്നു..


പാവമായിരുന്നു അവള്‍..ആകെ ഉണ്ടായിരുന്ന ഇത്തിരി പൊന്ന് തരുമ്പോള്‍ അവളുടെ കണ്ണുകള്‍ ഈറനാകുന്നത് കണ്ടില്ലെന്ന് നടിക്കേണ്ടി വന്നു...


രാമേട്ടന്റെ ഉപദേശപ്രകാരമാണ് പറമ്പില്‍ കുറച്ച് കൃഷി തുടങ്ങിയത്..ഒന്നും കൈയ്യിലുണ്ടായിട്ടല്ല.. കൃഷിവായ്പയില്‍ നിന്നുമാണ് രാമേട്ടന്‍ അതിനുള്ള പണം കണ്ടെത്തി തന്നത് ...ചെടികള്‍ നനയ്ക്കാനും മറ്റും സുമയും ഒപ്പം കൂടിയപ്പോള്‍ വല്ലാത്തൊരു ധൈര്യം തോന്നിയിരുന്നു അന്നു..ഒക്കെ ഒന്നു പച്ച പിടിച്ച് കടങ്ങളില്‍ നിന്ന് മുക്തി നേടുന്നത് സ്വപ്നം കണ്ട് ഉറങ്ങുമായിരുന്നു അന്നൊക്കെ...
പക്ഷേ, കാലം തെറ്റി പെയ്ത മഴ സ്വപ്നങ്ങളെ കടപ്പുഴക്കിയപ്പോള്‍ ചെന്നു പതിച്ചത് മറ്റൊരു കടക്കെണിയിലായിരുന്നു.....


ഇടിച്ചു ഇടിച്ചില്ല എന്ന രീതിയില്‍ ഒരു വാന്‍ വന്ന് ബ്രേക്കിട്ടു പിറകില്‍ നിന്നപ്പോഴാണ് ഓര്‍മ്മകളില്‍ നിന്നുണര്‍ന്നത്..“ഇതെന്ത് മനുഷ്യന്‍ ചാകാനിറങ്ങിയതാണോ” ഡ്രൈവറിന്റെ ചോദ്യം കേട്ട് തലയുയര്‍ത്തി അയാളെ നോക്കി വെറുതെ ഒന്നു മന്ദഹസിച്ചു..


എന്തു തിരക്കണ് ഈ തെരുവില്‍..ഒറ്റ സുഹൃത്തുക്കളെയും വഴിയില്‍ കണ്ടുമുട്ടരുതേ എന്ന് പ്രാര്‍ത്ഥിച്ചു നടന്നു.വഴിയോരത്ത് കണ്ടുമുട്ടുന്ന ഈ മനുഷ്യരെ കണ്ടപ്പോള്‍ ശ്രദ്ധിച്ചു അവരുടെ മനസ്സുകളും ഒച്ചയുണ്ടാക്കാതെ നിലവിളിക്കുണ്ടോ..?


അഞ്ജുവിനൊരു പുത്തന്‍ ഉടുപ്പ് വാങ്ങണം .കഴിഞ്ഞ ദിവസം അവളുമായി പോയപ്പോള്‍ കടയിലേക്ക് ചൂണ്ടിക്കാട്ടി അവള്‍ പറഞ്ഞതാണ് “അച്ഛാ അച്ഛാ ആ ഉടുപ്പ് വാങ്ങി തര്വോ...അതു പോലെ ഉടുപ്പ് രേഷ്മയ്ക്കും ലക്ഷ്മിയ്ക്കുമൊക്കെയുണ്ട് അച്ഛാ എന്ന്..”. 
കടയില്‍ കണ്ണാടി കൂട്ടില്‍ തൂക്കിയിട്ടിക്കുന്ന കറുത്ത വരകളുള്ള ഒരു ഉടുപ്പ്..അവള്‍ ആശിച്ചതാണത്...അത് അവിടെ തന്നെ കിടപ്പുണ്ട്...ഉടുപ്പും വാങ്ങി ഇറങ്ങുമ്പോള്‍ ഓര്‍ത്തു..
ഇതു കാണുമ്പോള്‍ എന്തു സന്തോഷമാവും ആ കുഞ്ഞി കണ്ണുകളില്‍..പലവിധ അലച്ചിലുകള്‍ക്കിടയില്‍ അവളെ ഒന്നു താലോലിക്കാന്‍ പോലും സമയം ഉണ്ടായിട്ടില്ല..
ഇന്നിനി അവള്‍ക്കിഷ്ടമുള്ള ഭക്ഷണമായ ബിരിയാണിയും ജ്യൂസും കൂടി വാങ്ങണം...


സുമ ചോദിക്കുമായിരിക്കും ഇന്ന് എന്ത് പറ്റിയെന്ന്.എന്നാലും സാരമില്ല...അവള്‍ക്കും സന്തോഷമാകട്ടെ....


ഗെയിറ്റ് തുറന്ന് പടി വാതിക്കലെത്തി മെല്ലെ നോക്കി ..
സുമ വന്നിട്ടില്ല..അവള്‍ അഞ്ചുമണി കഴിഞ്ഞേ ജോലി കഴിഞ്ഞെത്തു.പണ്ട് ജോലിക്ക് പോകാന്‍ വലിയ മടിയായിരുന്നു അവള്‍ക്ക്.
തന്റെ ഓരോ സാമ്പത്തിക വിഷമങ്ങള്‍ കൂടികൂടി വന്നപ്പോള്‍ അവള്‍ കൂടി ജോലിക്ക് പോകുന്നത് തെല്ലൊരു ആശ്വാസമാകുമെന്നൊക്കെ അവള്‍ പറഞ്ഞു കേട്ടപ്പോള്‍ അതു ശരിയാണെന്ന് തോന്നി..അങ്ങനെയാണ് അവള്‍ക്ക് ജോലിക്ക് പോകാന്‍ അന്ന് സമ്മതം നല്‍കിയത്...
 
അഞ്ജു സ്കൂളില്‍ നിന്നു വരുമ്പോള്‍ അപ്പുറത്ത് വല്യമ്മയുടെ വീട്ടില്‍ വന്നു നില്‍ക്കുകയാണ് പതിവ്..അവിടുന്ന് അവളെയും  കൂട്ടിയേ സുമ വരാറുള്ളൂ 


അഞ്ജു വന്നു കാണുമിപ്പോള്‍..“എന്നാലും വേണ്ട. രണ്ടാളും ഒന്നിച്ചു വരട്ടെ...അതു കാണണം...“
ഒന്നു കുളിച്ച് വന്നപ്പോഴേക്ക് സുമയും മോളും എത്തി..


“ന്ന് എന്തേ നേരത്തേ..സുഖമില്ലാന്നുണ്ടോ..സുഖമില്ലാന്നുച്ചാല്‍ എന്തിനാ ഈ നേരത്ത് തലകുളിച്ചേ...” സുമയുടെ അന്വേഷണമായി...
എനിക്ക് ഒന്നൂല്ലാ...ഇന്ന് വെറുതെ ഇത്തിരി നേരത്തെ പോന്നു എന്ന് പറഞ്ഞ് പുത്തന്‍ ഉടുപ്പും ബിരിയാണി പൊതിയും മോള്‍ക്ക് നല്‍കി...


അവള്‍ സന്തോഷത്തോടെ ഓടി വന്ന് പൊതി വാങ്ങി അകത്തേക്ക് പോയപ്പോള്‍ സുമ വീണ്ടും നിഴല്‍ വീഴ്ത്തുന്ന ചോദ്യവുമായെത്തി...
“ഇതതെന്താ ഇന്ന് ഇങ്ങനെയൊക്കെ ..എന്താ വിശേഷിച്ച്...എന്താ ഉണ്ടായത്...?അവളുടെ കണക്കു കൂട്ടലുകള്‍ക്ക് പിടി കൊടുക്കാതെ ഒരു ഒളിച്ചോട്ടം പോലെ പെട്ടെന്ന് വീടിനു പുറത്തിറങ്ങി...


തന്റെ ജോലികളെല്ലാം തീര്‍ത്ത സന്തോഷത്തോടെ പടിഞ്ഞാറന്‍ ചെരുവില്‍ മുങ്ങി താഴാന്‍ വെമ്പി നില്‍ക്കുന്ന സൂര്യനെ കണ്ട് ദിക്കുകള്‍ ചുവന്നു തുടുത്തിരിക്കുന്നു.ആ സന്ധ്യയെ മറ്റൊരിക്കലും കണ്ടിട്ടില്ലാത്ത ഭാവത്തില്‍ ഞാന്‍ ഉറ്റുനോക്കി....


മനസ്സിന്റെ ചില്ലുപാളികള്‍ തുറന്ന് എല്ലാം എങ്ങനെ സുമയോട് പറയും...വന്യവും ഭീകരവുമായ ഒരുപാട് സ്വപ്നങ്ങളിലൂടെ യാത്ര ചെയ്ത് ഒടുവില്‍ മഴ പെയ്തു നനഞ്ഞ ഭൂമിയില്‍ ജലത്തുള്ളികള്‍ ഇറ്റുവീഴുന്ന ഒരു വലിയ തണല്‍മരത്തിനരികെ ശാശ്വതമായ ഒരഭയം കണ്ടെത്തിയ വിശ്വാസമാണ് ഈ സന്ധ്യ എനിക്ക് നല്‍കുന്നത്.


പോക്കറ്റില് നിന്നു മൊബൈല്‍ എടുത്ത് ഓഫ് ചെയ്തു... 
ജീവിതമാകുന്ന പകല്‍ നഷ്ടപ്പെടുന്നതറിയുന്നുണ്ട് എന്നാലും മനസ്സ് തളരാന്‍ പാടില്ല... പണം കടം നല്‍കിയവര്‍ ഇനിയും അവധി തരില്ല..കടയിലും സുമയുടെ ഓഫീസിലും ചെന്ന് അവര്‍ ഭീഷണി മുഴക്കിയിരിക്കുന്നു...ഇനിയും പിടിച്ചു നില്‍ക്കാന്‍ തനിക്കാവില്ല. സുമയും മോളും മറ്റുള്ളവര്‍ക്ക് ഒരിക്കലും ഒരു ബാധ്യതയായിക്കൂടാ...


അഞ്ജു ..അവളുടെ തിങ്ങുന്ന കണ്ണുകളില്‍ നേടുവാന്‍ ഇനിയും ഒരുപാട് സ്വപ്നങ്ങളുണ്ടാകും...അവള്‍ പുത്തന്‍നുടുപ്പണിഞ്ഞ് ഇപ്പോള്‍ ആ ഭക്ഷണം സുമയുമായി കഴിക്കും...അവര്‍ക്ക് പിറകെ ഞാനും.
അതില്‍ താന്‍ ചേര്‍ത്തിരിക്കുന്നതെന്തെന്നറിയാതെ ഭക്ഷണം പങ്കു വച്ച് സുമ വിളിക്കയാണ്..
ജീവിതത്തിനും മരണത്തിനും ഇടയില്‍ എത്തി നില്ക്കുന്ന സൂര്യനെ പോലെ ആ വീട്ടിലേക്ക് ഞങ്ങളുടേതായ ലോകത്തിലേക്ക് സുമയേയും അഞ്ജുവിനെയും കൂട്ടി യാത്രയാവാന്‍ മെല്ലെ വീട്ടിനുള്ളിലേക്ക് കയറി....