Monday, January 22, 2018

കനലെരിയുന്ന മനസ്സുകൾ

 ഇന്നും വൈകിയോ ദൈവമേ!. എന്തു കഷ്ടമാണിതെന്നും ..
ഏതു ദൈവം..എന്ത് ദൈവം...
കണ്ണും പൂട്ടിക്കെട്ടി ഒന്നും മിണ്ടാതെയിരിക്കുന്ന 
ഈ ദൈവങ്ങളോട് 
പരിഭവം പറഞ്ഞിട്ടെന്തു കാര്യം...

വെളുപ്പിനു നാലുമണിക്കു ഉണർന്നതല്ലേ താൻ...
 പ്രാതലും ഉച്ചഭക്ഷണവും ഒക്കെ ഒരുക്കി വച്ചു .. 
അമ്മയ്ക്കു കഴിക്കാനുള്ള മരുന്നും എടുത്തു വച്ചു .
കുട്ടനെ സ്കൂളിൽ വിടാൻ ഒരുക്കാനാ പെടാപ്പാട് .. 
ഇങ്ങോട്ടു വിളിച്ചാൽ ചെക്കൻ അങ്ങോട്ടു ഓടും ... എന്താ ചെയ്ക .
കുളിപ്പിച്ചു കൊണ്ടു വന്നു ഭക്ഷണം നല്കി കഴിയുമ്പോഴേക്ക് 
സമയം ഓടിയങ്ങു പോകും.....

ഇതു വല്ലതും രവിയേട്ടന് അറിയണോ ... 
ഉണർന്നു വന്നാലുടൻ ചൂടുചായ കൈയിൽ കിട്ടണം .
പിന്നെ പേപ്പറിലേക്ക് മിഴിയും നട്ടിരിക്കുന്നതു കാണുമ്പോ 
ഇരച്ചു വരും തനിക്കു ദേഷ്യം..
'പരീക്ഷ എഴുതാൻ പോകുവാണോ രവിയേട്ടാ ഇങ്ങനെ ന്യൂസ് പഠിച്ചിട്ട് .
ആ ചെക്കനെ ഒന്നുണർത്തി കുളിപ്പിച്ച് ഒരുക്കരുതോ '
എന്നൊക്കെ അരിശംമൂത്തു അടുക്കളയിൽ നിന്നു 
താൻ പിറുപിറുത്താലും ആരു കേൾക്കാൻ ...

ദൈവമേ! ഇങ്ങനെയൊരു തലവിധി എന്നു പറഞ്ഞാവും 
പിന്നെ താൻ തനിയെ സമാധാനിക്കുക... 
ഇന്നു ചെക്കനെ കുളിപ്പിച്ച് ഒരുക്കാൻ നേരത്താണ് അടുത്ത ഇടിവെട്ടലുണ്ടായത് .. രവിയേട്ടനിന്നും കാണുമല്ലോ ഓരോ പുതിയ ആവശ്യങ്ങള്‍ ...
 തലസ്ഥാനനഗരിയില്‍ ചലച്ചിത്രോത്സവം തുടങ്ങി പോലും ...
അവിടെ പോകണംപോലും .. 
അവിടെ കൂട്ടുകാരൊക്കെ ഉണ്ടാകും ചെലവുണ്ടാകും 
അതിനായിത്തിരി രൂപ വേണംന്ന് .

ആവശ്യം കേട്ടപ്പോൾ നെഞ്ചിനുള്ളിലൊരു ആളലാ ഉണ്ടായത് .
കറന്റ് കാശ് അടയ്ക്കാനുള്ളത് ബാഗിലുണ്ട്.
ഏട്ടനതു കണ്ടാല്‍ എടുത്തതു തന്നെ.. .
അതെങ്ങനെയാ കാണാണ്ട് ഒളിച്ചുവയ്ക്കുക. 
ഹൃദയമിടിപ്പുകൂടുംപോലെ..
എങ്ങനെയെങ്കിലും ആ രൂപ കുട്ടന്‍റെ ബാഗില്‍ ഒളിപ്പിച്ചപ്പോഴാ സമാധാനമായത് ..


 " ജീവിതത്തോടു ഒരു ഉത്തരവാദിത്തവുമില്ലാതെ 
കൂട്ടുകാരുമായി തിമിർത്തു നടക്കുന്ന ഒരാളെ എന്തിനാ ഇങ്ങനെ നീ ചുമക്കുന്നത് " എന്ന് 
രാധു എപ്പോഴും തന്റെ സങ്കടങ്ങൾ കേൾക്കുമ്പോ ചോദിക്കാറുണ്ട്..ഒക്കെ വിധി....എന്‍റെയീ കഷ്ടപാട് ദൈവം കാണാതിരിക്കില്ലല്ലോ.... 
എന്ന തന്‍റെ മറുപടി കേൾക്കുമ്പോ അവൾക്കു അരിശമാ വരിക ..
"ഒന്നു പോടീ....ദൈവം...അവരും ഇപ്പോള്‍ പണക്കാര്‍ക്കൊപ്പമാ...
 നീ കൊടുക്കുന്ന പിച്ചകാശല്ല പണക്കാര്‍ അവര്‍ക്ക് കൊടുക്കുന്നത് 
അപ്പോള്‍ പിന്നെ നിന്‍റെ ആവലാതികള്‍ കേള്‍ക്കുമോ അവര്‍ 
ഒന്നോര്‍ത്താല്‍  അവള്‍ പറയുന്നതും ശരി തന്നെ ....
ജീവനുള്ള ഒരു മനുഷ്യരില്ല സഹായത്തിനു പിന്നെയല്ലേ 
പാറയില്‍ തപസിരിക്കുന്ന ദൈവം .... 

"മണിമംഗലത്തു നിന്നു വന്ന ആലോചനയാ 
നമ്മുടെ ഭാഗ്യമാ , നമുക്കിതു ഗൗരിക്കു എങ്ങനെയെങ്കിലും നടത്താം ഭാനു" 
എന്നമ്മയോടു അച്ഛൻ പറയുന്നതു കേട്ടപ്പോഴെ താൻ പറഞ്ഞതാ 
'ഇപ്പോ വേണ്ടച്ഛാ, അച്ഛനിനിയും കൂടുതൽ കടക്കാരനാകണ്ട .
ചേച്ചിയുടെ കല്യാണാവശ്യത്തിനായി 
വല്യമ്മയുടെ കൈയിൽ നിന്നു വാങ്ങിയതുപോലും കൊടുത്തു തീർക്കാൻ 
അച്ഛനു കഴിഞ്ഞിട്ടില്ല അതിന്റെ കൂടെ ഇതെങ്ങനെയാ .. 
ഇപ്പോ വേണ്ട കല്യാണം 'ന്ന് ..എത്ര താനന്നു എതിർപ്പു പറഞ്ഞു .
വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ ....
"ഞങ്ങളുടെ നെഞ്ചിലെയീ നീറ്റൽ പെൺമക്കളുള്ള ഓരോ അച്ഛനമ്മമാരുടെയും നീറ്റലാണു മോളേ.. വരുന്ന ധനുവിൽ നിനക്ക് ഇരുപത്തിയൊമ്പത് വയസ്സാവും .. ഇനിയും നടന്നില്ലെങ്കിൽ ശരിയാവില്ല ഗൗരി "എന്നായിരുന്നന്ന് അമ്മയുടെ പക്ഷം .
എത്ര കരയേണ്ടി വന്നിട്ടും അച്ഛന്‍ വീടു വല്യമ്മയ്ക്ക് എഴുതി കൊടുത്തു 
ബാക്കി രൂപകൂടി വാങ്ങിയാണീ കല്യാണം നടത്തിയത് .

കല്യാണം കഴിഞ്ഞയുടൻ തന്നെ വീടു മാറാൻ വല്യമ്മ ആവശ്യപ്പെട്ടില്ലേ.. 
അച്ഛന്റെ കാലംവരെ അവിടെ താമസിക്കാൻ 
വല്യമ്മ അനുവദിക്കുമെന്ന അച്ഛന്റെ കണക്കുകൂട്ടൽ തെറ്റിയപ്പോ.. 
ആരോടും മിണ്ടാതെ തലയ്ക്കുകൈയും കൊടുത്തിരിക്കുന്ന 
അച്ഛനെ കണ്ടപ്പോള്‍ അന്ന് ആദ്യമായി എനിക്ക് എന്നോട് തന്നെയാ ദേഷ്യം തോന്നിയത്...
പെണ്‍ജന്മത്തിന്റെ ശാപങ്ങള്‍ തന്നെയാ 
ഈ വിധമുള്ള മനസ്സെരിഞ്ഞുള്ളകാഴ്ചകള്‍ കാണേണ്ടി വരിക എന്നത് ...
ഇപ്പോഴുമെന്നും വല്ലാതെ നീറ്റുന്ന ഒരോർമ്മയാണത് ....

കാലത്തിന്റെ മാറ്റത്തിനനുസരിച്ച് 
ബന്ധങ്ങളിലും വിള്ളൽ വീഴുമെന്ന സത്യം തിരിച്ചറിഞ്ഞപ്പോൾ 
അച്ഛനും അമ്മയുമന്ന് എത്ര സങ്കടപ്പെട്ടു . 

വിവാഹം കഴിഞ്ഞേറെ കഴിയും മുമ്പ് തന്നെ മനസ്സിലായി 
രവിയേട്ടന്റെ സ്വഭാവം .
എന്തിനുമേതിനും ദേഷ്യം , 
ട്രാസ്പോര്‍ട്ട് ബസിലെ കണ്ടക്ടര്‍ അല്ലേ..
ഇടയ്ക്കു കിട്ടുന്ന അവധിയൊക്കെ കൂട്ടുകാരുമായി കറങ്ങിനടന്നു കാശൊക്കെ തീര്‍ക്കും ..
വീട്ടുകാര്യങ്ങളെക്കുറിച്ചു ചിന്തയേയില്ല...
കഴിക്കാന്‍ വന്നിരിക്കുമ്പോള്‍ വിഭവങ്ങള്‍ ഇല്ലെങ്കില്‍ 
എല്ലാം വലിച്ചെറിഞ്ഞു ഇല്ലാത്ത ബഹളം തുടങ്ങും ..
'ഒക്കെ വാങ്ങി വാ സദ്യ തന്നെ ആവാല്ലോന്ന്‍ ' ഒരിക്കല്‍ പറഞ്ഞതിന് 
മുടിക്ക് കുത്തിപ്പിടിച്ച് എത്രയാ അന്നു തല്ലിയത്..

കുട്ടനെപ്പോലുമൊന്നു ശ്രദ്ധിക്കുകയില്ല .
രവിയേട്ടന്റെ അച്ഛനുംഅമ്മയും പ്രായമേറിയവരാണ് .. 
ഏട്ടനോടു അവരെന്തു പറഞ്ഞാലും പിന്നെ വലിയ വഴക്കിലെ കലാശിക്കൂ ...

ഇതൊന്നും തന്‍റെ അച്ഛനെയും അമ്മയെയും ഇതുവരെ അറിയിച്ചിട്ടില്ല ..
അവിടെ രണ്ടു വയറിനു കഴിഞ്ഞു കൂടാനുള്ളതും 
വീട്ടു വാടകയ്ക്കുള്ളതുമുണ്ടാക്കാന്‍ അച്ഛന്‍ ഇപ്പോഴും പണിക്ക് പോകയാണ് ..
അവരെ ഒന്ന് കാണാന്‍ പോകാനുള്ള അനുവാദം പോലുമില്ല ...
അവരെ ഓര്‍ക്കുമ്പോള്‍ അറിയാണ്ട് കണ്ണുകൾ നിറയുകയാണ് ..

ഓരോന്നോര്‍ത്തു നടന്നപ്പോ സ്കൂളില്‍ എത്തിയതു അറിഞ്ഞതേയില്ല ..
ഓഹ്! ആശ്വാസം ബെല്ലടിക്കാറാകുന്നതേയുള്ളൂ ..
ഈ ജോലി കൂടി ഇല്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു ദൈവമേ എന്റെ ജീവിതം...

 ആശടീച്ചർ പറയുമ്പോലെ .. 
"ഓരോ മനസ്സും ഇവിടെ പ്രകാശം വിതറി എരിഞ്ഞുതീരുന്ന മെഴുകുതിരി പോലെയാണ് ഗൗരി ..മനസ്സെരിഞ്ഞു നീറുമ്പോഴും എത്ര നന്നായി ചിരിച്ചു അഭിനയിച്ചു എല്ലാവരുടെയും മുന്നിലൂടെ നീ മുന്നോട്ടു പോകുന്നു ,എത്ര വെയിലേറ്റങ്ങളെ ശിരസ്സില്‍ വഹിച്ചിട്ടാ വൃക്ഷം മറ്റുള്ളവയ്ക്ക് തണലു നല്‍കുന്നത് .. അങ്ങനെയാണിവിടെ ഓരോ ജീവിതവും ...ഇവിടെ ഓരോരുത്തരും ഒപ്പമുള്ളവരുടെ സന്തോഷത്തിനായി എരിയുന്ന മനസ്സിലും പുഞ്ചിരി പൊഴിച്ചു പോകയാണ് ..തനിക്ക് വേണ്ടിയല്ല ...ഒപ്പമുള്ളവര്‍ക്കായ്...
                                               
                                                     ആശടീച്ചറിന്റെ വാക്കുകളെത്ര സത്യമാ... ടീച്ചറിനെപോലുള്ള കൂട്ടുകാർ ഒരു ഭാഗ്യം തന്നെയാ .. ഓ ,ബെല്ലടിച്ചു ഇനി എല്ലാ വേദനകൾക്കുമൊരു ചെറിയ ഇടവേള നല്കി കുട്ടികളോടൊപ്പം കഴിയാം .. "എന്താ ഗൗരി പോകുന്നില്ലേ ക്ലാസ്സിലേക്ക് "ദേ ,വരുന്നു ന്ന് പറഞ്ഞ് ആശടീച്ചർക്കൊപ്പം ക്ലാസ്സിലേക്കു പോകുമ്പോഴും മനസ്സിലൊരു കനമങ്ങനെ......

No comments:

Post a Comment