Saturday, September 23, 2017

ഓര്‍മ്മകളില്‍ ഇന്നലെകള്‍ ഉണരുമ്പോള്‍...

"ഈ ചെക്കനിത് എന്തിന്റെ കേടാണീശ്വരാ, വേല കാണാൻ പോണം പോലും. എഴുത്തും
വായനയും പഠിക്കട്ടേന്ന് കരുതിയാ സ്കൂളോട്ട് വിടണത്. അവിടന്ന് വേണ്ടാത്ത
ഓരോന്നു മനസ്സീ കേറ്റീട്ട് വരും മറ്റുള്ളോരേ ദേഷ്യം പിടിപ്പിക്കാൻ "

ഈ അമ്മ എന്താണിങ്ങനെ.. ഇത്ര കലി തുള്ളാൻ എന്താ ഞാൻ പറഞ്ഞത്..


"എന്താടാ കിനാവ്കണ്ട് നിക്കണത്.. പോയിരുന്ന് പഠിക്കെടാ".. വീണ്ടും

വഴക്കുമായി അമ്മ ഓടി നടക്കുവ.. ഇനി അച്ഛൻ വരുമ്പോഴാവും ഭൂമി കുലുക്കം
ഉണ്ടാവുക.

ഇന്നും ഇന്നലെയുമല്ല എത്ര ദിവസമായി കേൾക്കയ രാമുവിന്റെ വിശേഷങ്ങൾ

..ബഹുകേമമാണത്രേ... കാവിലെ വിളക്കു കാണാൻ .അവന്റെ അമ്മയാണ് അവനെ കൊണ്ടു
പോകുന്നത്

സന്ധ്യയായാൽ വിളക്കുകൾ,വഴിക്കച്ചവടക്കാർ.. ഹോ! എല്ലാം കേൾക്കുമ്പോ മനസ്സ്

വല്ലാതെ മിടിക്കും.. 'നിക്കും പോണം ന്ന്'...

അമ്മയുടെ ശകാരം കേട്ടാവും മണിക്കുട്ടി ചിരിക്കുന്നു. ഓൾക്ക് ഒരു നുള്ളു

കൊടുക്കാനാ തോന്നിയത്. എപ്പോഴുമുള്ളതാ തനിക്ക് വഴക്കു
കിട്ടുമ്പോഴൊക്കെ ഓള്‍ക്കൊരു കളിയാക്കി ചിരി.

കഞ്ഞി കുടിക്കാൻ അമ്മ വന്നു വിളിക്ക്ണ് ....'നിക്ക് വേണ്ട...ന്നെ കാവില്‍

കൊണ്ടോയാല്‍ മതീന്നു പറഞ്ഞു വെറുതെ കണ്ണടച്ചു കിടന്നു

മണിക്കുട്ടിയേ... കുട്ടാ....ഓഹ് ! അച്ഛൻ വന്നു .കണ്ണുകൾ ഒന്നൂടി

ഇറുക്കിയടച്ച് ഉറങ്ങും പോലെ കിടന്നു

അച്ഛൻ അങ്ങനെയാണ് വന്നാലുടൻ മക്കളെ കാണണം..ഓടിച്ചെല്ലുമ്പോ ചേർത്തു

നിർത്തി തലയിൽ തലോടും..
രണ്ടു പേരും അടിക്കൂടിയോന്ന് അന്വേഷിക്കും
ഇല്ലാന്ന് പറയുമ്പോ "എന്റെ മക്കൾ നല്ല കുട്ടികളാ"ന്ന് പറയും

"ദേവൂവേ കുട്ടനെന്തിയേ?"... അച്ഛൻ വീണ്ടും തിരക്കുന്നു

ഒന്നൂടി കണ്ണുകൾ ഇറുക്കിയടച്ചു പായയില്‍ ചുരുണ്ട് കൂടി .
.
ഓൻ ഇത്ര നേരത്തെ കിടന്നോ.. കുട്ടാ... അച്ഛന്റെ വക അന്വേഷണം...
"
വഴക്കിട്ട് കിടക്വാ. ഓന് കാവിലെ വേല കാണാൻ പോണം പോലും.. ചെക്കന്റ ഓരോ
പ്രാന്തുകള്.. ഹും , അമ്മ തീപ്പൊരിയിട്ടു കൊടുത്തിരിക്ക്യാണ്... അടുത്തത്
 അച്ഛന്റെ ഊഴം.. വേണേൽ തിരി കൊളുത്താം കെടുത്താം..

അച്ഛൻ പെട്ടെന്ന് നിശ്ശബ്ദനായ പോലെ.. ഒന്നും കേട്ടില്ല പിന്നെ..ഒരു

മലവെള്ളപ്പാച്ചില്‍ തന്നെ പ്രതീക്ഷിച്ചിരുന്നു.. എല്ലാം പെട്ടെന്ന്
കെട്ടടങ്ങിയ പോലെ..

പണി കഴിഞ്ഞു വന്നാൽ വിസ്തരിച്ചൊരു കുളി അച്ഛന് പതിവാ.. അതിനായി പോയിട്ടുണ്ടാവും...


"കഞ്ഞി പോലും കുടിക്കാണ്ടാ ചെക്കൻ ഉറങ്ങിയിരിക്കുന്നത്

നിങ്ങളൊന്നു വിളിച്ചാലോ"... അമ്മ വീണ്ടും വിടുന്ന മട്ടില്ല.. കഞ്ഞി
കുടിക്കണില്ലിപ്പോ എന്നു
മനസ്സുറപ്പിച്ചപ്പോഴാ "മോനേ കുട്ടാ എഴുന്നേക്ക് ഇത്തിരി കഞ്ഞി കുടിക്ക്
"എന്നു പറഞ്ഞ് അച്ഛൻ അരികിൽ വന്നിരുന്ന് തട്ടി വിളിച്ച ത്.

നിക്ക് കഞ്ഞി വേണ്ട നിക്ക് വേല കാണാൻ പോയാ മതി... ചിണുങ്ങി കരയാൻ

തുടങ്ങിയപ്പോ "പോകാം കുട്ടാ നീ വാ" ന്ന് പറഞ്ഞ് നിര്‍ബന്ധിച്ചു .പിന്നെ, മെല്ലെ
എഴുന്നേറ്റു ചെന്നു
.
മണ്ണെണ്ണ വിളക്കിന്റെ നേർത്ത വെട്ടത്തിൽ കണ്ടു
മണിക്കുട്ടിക്ക് അമ്മ കഞ്ഞി കോരി കൊടുക്കുന്നു
ഓള് അമ്മയുടെ മടിയിലിരുന്ന് കഞ്ഞി കുടിയ്ക്കുന്നുണ്ടെങ്കിലും
ചിരിക്കുന്നുണ്ട് ... ഓൾക്കെന്താത്ര ചിരിക്കാൻ...

"കുട്ടാ ഇനി രണ്ടു നാളു കൂടിയല്ലേ വേലയുള്ളൂ.. അടുത്ത കൊല്ലം

നമുക്കെല്ലാവർക്കും കൂടി പോകാം ട്ടാ"
തന്റെ മുഖത്തെ പിണക്കം കണ്ടിട്ടാവും അച്ഛൻ ആശ്വസിപ്പിച്ചത്.

"ഒത്തിരി ദൂരമില്ലേ.. എങ്ങനെയാ പോവുക?"

അമ്മയുടെ ചോദ്യം കേട്ടപ്പോൾ ദേഷ്യം തോന്നിയെങ്കിലും ഇത്തിരി
ആശ്വാസത്തിന്റെ നാമ്പുകൾ
എവിടെയോ മൊട്ടിട്ട പോലെ

ഉറക്കത്തിനായി കാത്തു കിടക്കുമ്പോഴാണ് കേട്ടത്

" ആ ചെക്കനിനി അടുത്ത കൊല്ലമാവാൻ കാത്തിരിക്കും
എങ്ങനെയാ നല്ലൊരു ഉടുപ്പു പോലും ഇട്ടോണ്ടു പോകാനില്ലാന്ന് അവനോർക്കണില്യ.
വടക്കേല രാധേടത്തിയുടെ മകന്റെ പഴയ ഉടുപ്പാ കുട്ടനിപ്പോഴും ഇടുന്നത് അവന്
പുതിയതൊന്നു വാങ്ങണം അതെങ്ങനാ വല്ലോം കിട്ടണത് മണിക്കുട്ടിയുടെ മരുന്നിനു
പോലും തെകയണില്ല. ..ഈശ്വരാ ന്റെ കുട്ടികളെ കാത്തോളണേ..."

അമ്മയുടെ വേവലാതികള്‍ കേട്ടിട്ടാവും അച്ഛന്‍ പറഞ്ഞു തുടങ്ങി

.."കുട്ടന്പതിനൊന്നു വയസ്സായില്ലേ ..എത്ര ബുദ്ധിമുട്ടിയിട്ടാണേലും
അവനെയും
മണിക്കുട്ടിയേയും പഠിപ്പിക്കണം ...കുട്ടികള്‍ പഠിച്ച് മിടുക്കരാവുമ്പോ
നമ്മുടെ എല്ലാ സങ്കടങ്ങളും മാറും ദേവു. അടുത്ത കൊല്ലം ഇത്തിരി കടം
വാങ്ങിയെങ്കിലും അവനെ വേല കാണാന്‍ കൊണ്ട് പോകണം... അവരുടെ ആഗ്രഹം
നമ്മളല്ലേ സാധിച്ചു കൊടുക്കേണ്ടത്.. മറ്റാരാ ഉള്ളത് അവർക്ക്.".
...കേട്ടപ്പോള്‍ നല്ല സങ്കടംതോന്നി...ഏതു
നിമിഷത്തിലാവേലകാണാന്‍പോകണമെന്ന്തോന്നിയത്...ഒന്നുംവേണ്ടായിരുന്നു...

എന്നാലും, വേലയെകുറിച്ച് ഓര്‍ക്കുമ്പോള്‍ കാണണമെന്ന ആഗ്രഹവും .. എപ്പോഴോ

ഉറക്കത്തിലേക്ക് വഴുതി വീണു പോയി..

അടുത്ത ദിവസം നേരത്തേ സ്കൂളിലെത്തി

..അടുത്ത്യാണ്ട് വേല കാണാന്‍ ഞാനും പോകും എന്ന് കൂട്ടുകാരോട്പറയാനുള്ള
തിടുക്കമായിരുന്നു മനസ്സില്‍...ബെല്ലടിച്ചിട്ടും രാമുനെ കണ്ടില്ല ..ഇന്ന്
കാവിലെ വേലയുടെ അവസാന ദിവസമാ അതിനാനൽ രാമു വരില്ലാന്ന് രാവുണ്ണി
ടീച്ചറിനോട് പറഞ്ഞു കേട്ടപ്പോൾ ഓര്‍ത്തു പോയി ...അത്ര വലിയ
ആഘോഷമായിരിക്കുമോ ഇന്നവിടെ..ശ്ശോ പോകാന്‍ പറ്റിയെങ്കില്‍ ..മനസ്സില്‍
വീണ്ടും സങ്കടം വന്നു
വളർന്ന പോലെ...

മണിക്കുട്ടിയെ സ്കൂളിൽ ചേര്‍ത്തപ്പോള്‍ അമ്മ വീണ്ടും രാധേടത്തിയുടെ

വീട്ടില്‍ പുറംപണിക്ക് പോകാന്‍ തുടങ്ങി...സ്കൂളിന്ന് ഉച്ച ഭക്ഷണം കിട്ടി
തുടങ്ങിയപ്പോ മണിക്കുട്ടി കുറച്ചു കൂടി ഉഷാറായി ...തനിക്ക്കിട്ടുന്നതില്‍
നിന്നും കുറച്ച് എടുത്തു കരുതി വയ്ക്കും .സ്കൂള്‍ വിട്ടു വരുമ്പോ
മണിക്കുട്ടിക്ക് കൊടുക്കാന്‍ ..അവളത് വളരെ ഇഷ്ടത്തോടെ വാരി
കഴിക്കുന്നത് കാണാന്‍ നല്ല ചേലാണ്.

രാമു പറഞ്ഞപ്പോഴാ വീണ്ടും അറിയണത് കാവില്‍ വേല

കൊടിയേറിയെന്ന്...മനസ്സില്‍ അച്ഛന്‍ തന്ന വാക്കുകള്‍ പുനർജ്ജനിച്ച
പോലെ...

അമ്മ വരാന്‍ കാത്തിരുന്നു...പേടിച്ചാണ് കാര്യം അവതരിപ്പിച്ചത്

.."ഒന്ന് പോ ചെക്കാ അതിനൊക്കെ കായ് വേണ്ടേ...ബസീ കേറി
പോകണ്ടേ.ഭണ്ഡാരത്തില്‍ വല്ലതും കാണിക്ക ഇടണ്ടേ....ഇതിനൊക്കെ എവിടുന്നാ
...നീ നിന്റെ കാര്യം നോക്കി പൊയ്ക്കെ...ചെക്കനും ഒരു വേലയും..."

അച്ഛനോട് പറഞ്ഞത് മണിക്കുട്ടിയാണ് .. അതു കേട്ട് അമ്മ തുടങ്ങി..."ദേ, ഈ

ചെക്കന്‍ വീണ്ടും
തുടങ്ങീട്ടുണ്ട് ട്ടാ, കാവില്‍ കൊടിയേറി പോലും.. ഓനു പിണക്കംണ്ട്" ..

"കൊടിയേറിയതല്ലേയുള്ളൂ ...ഇനിയും നാലു

നാളില്ലേ....അവസാന ദിനം നമുക്ക് പോകാം..." അല്പം വിഷാദം കലര്‍ന്ന
സ്വരമായിരുന്നുവോ അച്ഛന്

."നിങ്ങളിതെന്തു ഭാവിച്ചാ ...എങ്ങനെ

പോകൂന്നാ ..." അമ്മയ്ക്ക് ആകെ ആശങ്കയായ പോലെ...

"സാരമില്ലന്നേ കുട്ടീടെ ഒരാഗ്രഹമല്ലേ... ഗോപാല പണിക്കരുടെ കൈയില്‍ നിന്നല്പം രൂപ

കടം വാങ്ങാം .വേലയുംകാണാം ഒരീസം അമ്മൂന്റെ വീട്ടില്‍ തങ്ങുകയും ചെയ്യാം, എന്നിട്ട്
അടുത്ത ദിവസം മടങ്ങി വരാം ..കേട്ടപ്പോ നല്ല സന്തോഷം തോന്നി...അമ്മായിയെ
കണ്ടിട്ട് എത്ര നാളായി ...വേലയും കാണാം അമ്മായിയെയും കാണാം...
സന്തോഷത്തിനു ഇരട്ടി മധുരം വന്ന പോലെ...

എന്നാലും പേടിയുണ്ടായിരുന്നു ഇനിയും അച്ഛന്‍ വാക്ക് മാറ്റുമോന്ന്..നാലാം

നാള്‍ അച്ഛന്‍ പുത്തന്‍ ഉടുപ്പുകളുമായിട്ടാണ് വന്നത്..ചുവപ്പില്‍
വെള്ളപ്പൂക്കള്‍ ഉള്ള ഫ്രോക്ക് മണിക്കുട്ടിക്ക് ..എനിക്കായി കറുത്ത വരയന്‍
ഷര്‍ട്ടും കറുത്ത ട്രൌസറും...ഇട്ടു നോക്കിയപ്പോ രണ്ടാള്‍ക്കും നല്ല പാകം
..".രണ്ടാളുടെയും സന്തോഷം കണ്ടോ ദേവൂ ഇതില്‍ കൂടുതല്‍ എന്താ വേണ്ടത്?"
എന്ന അച്ഛന്റെ ചോദ്യത്തിനും അമ്മയ്ക്ക് പരാതി
തന്നെയായിരുന്നു ...
"
ഒന്നും വേണ്ടായിരുന്നു ..കടം വാങ്ങി ഒരു യാത്ര.
അമ്മ വേവലാതികള്‍ പറഞ്ഞു കൊണ്ടേയിരുന്നു ...അച്ഛനോട് വല്ലാത്ത ഒരു ഇഷ്ടം തോന്നി ...

എന്ത് നല്ല അച്ഛന്‍ ല്ലേ മണിക്കുട്ടി ...അത് കേട്ട് ഓളും ചിരിച്ചു ..



ഉറക്കം കിട്ടിയതെയില്ല്യ ...തിരിഞ്ഞും മറിഞ്ഞും കിടന്നു ..മനസ്സ് നിറയെ

ബസ് യാത്രയും അമ്മായിയും വേലയും ഒക്കെ ആയിരുന്നു

മൂന്നുമണി ബസിലാണ് പുറപ്പെട്ടത്..മണിക്കുട്ടിയെ അമ്മ മടിയില്‍

ഇരുത്തി.താന്‍ അച്ഛന്റെ മടിയിലുമിരുന്നു പുറം കാഴ്ചകള്‍
കണ്ടിരുന്നപ്പോള്‍ മയങ്ങി
പോയതറിഞ്ഞില്ല ..അച്ഛന്റെ വിളി കേട്ടാണ് ഉണര്‍ന്നത് .
അമ്മായിയുടെ വീട്ടില്‍ ചെന്ന് അമ്മായിയും മക്കളെയും കൂട്ടിയാണ് വേല കാണാന്‍ പോയത്

പെട്ടെന്ന് മറ്റൊരു ലോകത്ത് എത്തപ്പെട്ട പോലെ തോന്നി.... ഇരു വശത്തും

വഴിയോരക്കച്ചവടക്കാര്‍ .പൊരി..നിലക്കടല, ബലൂണുകള്‍..കുപ്പിവളകള്‍
...കണ്ണാടി ...എന്ന് വേണ്ട എല്ലാം ഉണ്ട്

ആളുകളുമായി ആകാശമുട്ടെ കറങ്ങുന്ന വലിയ ചക്രം .കണ്ടപ്പോള്‍ അത്ഭുതം തോന്നി

.ചക്രം കറങ്ങുമ്പോള്‍ അതിലിരിക്കുIന്ന ചിലര്‍ നിലവിളിക്കുന്നു ചിലര്‍
വിളിച്ച് കൂകുന്നു ... എന്താ രസം.. പേടി തോന്നാതിരുന്നില്ല

പെട്ടെന്നാണ് അടുത്തു കൂടി കുമിളകള്‍ പാറി പറന്നു വന്നത് ...ഹായ് ..എന്ത്

ഭംഗിയായിത് .സോപ്പ് വെള്ളം നിറച്ച കുഞ്ഞു കുപ്പികള്‍ അതില്‍ അറ്റത്ത്
കമ്പി വളയമുള്ള കോല് മുക്കി ഊതുമ്പോഴാണു കുമിളകള്‍ പാറുന്നത് ...വല്ലാത്ത
സന്തോഷം തോന്നി.. കൌതുകത്തോടെ അതു തന്നെ നോക്കി നിന്നതു കൊണ്ടാവും അച്ഛൻ
അതൊരെണ്ണം വാങ്ങി തന്നു
മണിക്കുട്ടിക്ക് ഒരു പാവബലൂണും പീപ്പിയും ...

നടയ്ക്കിരുവശമായി ആനകള്‍ നിരന്നു നില്‍ക്കുന്നു ... ഒന്ന്... രണ്ട്...

മൂന്ന്...യ്യോ പത്ത് ആന വീതം ഓരോ വശത്തും നെറ്റിപ്പട്ടവും വെഞ്ചാമരവും
മുത്തുക്കുടയുമൊക്കെയായി വലിയ ചെവിയാട്ടി നിൽക്കുന്ന ആനകൾ. ..ഒരു
ഭയവുമില്ലാതെ ആളുകള്‍ ആനകൾക്കരികിലൂടെ നടക്കുകയാണ് .

ചെണ്ട മേളം ...എന്താ രസം...കുട മാറ്റം തുടങ്ങുകയായി എന്ന

ഉച്ചഭാഷിണിയില്‍ അറിയിച്ചപ്പോള്‍
നല്ലസന്തോഷമായി...ആദ്യമായികാണുകയാഎല്ലാം.. ...അതാ വര്‍ണ്ണ കുടകള്‍ ഓരോ
വശത്തും ആനകള്‍ക്ക് മുകളില്‍ നിവര്‍ത്തുന്നു ...ഇരു വശവും ആനകളെ
നിർത്തിരിക്കുന്നത് കുട മാറ്റ മത്സരത്തിനു വേണ്ടിയാണ് പോലും ..വിവിധ
നിറത്തിനും ആകൃതിയിലും കുടകള്‍ നിവരുകയാണ്‌ ...

സന്ധ്യയായപ്പോള്‍ വിളക്കുകള്‍ വിസ്മയക്കാഴ്ച്ചകളായി .ആകാശത്തെ നക്ഷത്രം

പോലെ....മിന്നാമിന്നി പോലെ... കണ്‍ ചിമ്മി മോലോട്ടും താഴോട്ടും ഓടി
കളിക്കണ
വൈദ്യുതി വിളക്കുകള്‍ ...ഹോ!....കാഴ്ചകളോരോന്നും കാണാന്‍ രണ്ടു കണ്ണുകള്‍
മതിയാകാത്ത പോലെ
...ഓരോ കാഴ്ചകളും അതിശയത്തിന്റെ പാരമ്യത്തില്‍ ഉള്ളതായിരുന്നു

മണിക്കുട്ടി ഉറങ്ങി തുടങ്ങിയപ്പോ അമ്മയാണ് പറഞ്ഞത് ..കണ്ടത് മതി ഇനി

മടങ്ങാമെന്ന് ...വേണ്ടച്ഛാ...എനിക്ക് എല്ലാം കാണണം നമുക്ക്
പോകണ്ടാന്അച്ഛനോട് ചിണുങ്ങിയപ്പോൾ എന്തായാലും പോന്നതല്ലേ എല്ലാം
കണ്ടു മടങ്ങാമെന്നു അച്ഛനും സമ്മതിച്ചു ..

ഞാനിതൊക്കെ കണ്ടു മടുത്തതാണ് ഞാന്‍ മണിക്കുട്ടിയെ കൊണ്ട് പോകാം നിങ്ങള്‍

എല്ലാം കണ്ടു കഴിഞ്ഞു വന്നാല്‍ മതിന്നു പറഞ്ഞു അമ്മായി മണിക്കുട്ടിയെ
കൊണ്ട് പോയിക്കഴിഞ്ഞപ്പോഴാണ് ഇത്തിരി ദൂരെ ഒരു കടയുടെ അരമതിലില്‍
ഇരിക്കാന്‍ ഇത്തിരി ഇടം കിട്ടിയത് ..

അടുത്തതായി നടക്കാന്‍ പോകുന്ന പരിപാടികളുടെ ഓരോ അറിയിപ്പും

കേള്‍ക്കുമ്പോള്‍ അവിടുന്നു പിന്നെ എഴുന്നേല്‍ക്കാന്‍ തോന്നിയതേയില്ല..
..
.എല്ലാം കണ്ടും കേട്ടും അവിടെ ഇരുന്നപ്പോള്‍ പൊരിയും നിലക്കടലയും ഒക്കെ
വാങ്ങി തന്നു അച്ഛൻ ..

അതൊക്കെ കഴിച്ചത് കൊണ്ടാവും വല്ലാത്ത ദാഹം തോന്നി ...അമ്മയ്ക്കും ദാഹം

ഉണ്ടെന്നു പറഞ്ഞപ്പോഴാണ് അച്ഛൻ വിളിച്ചത് "വാ കുട്ടാ നമ്മുക്ക് ആ കടേന്നു
കട്ടന്‍ കാപ്പി വാങ്ങാം. അച്ഛനു മൂന്നു ഗ്ലാസുമായി വരാന്‍ പറ്റില്ലാ .വാ
മോനെ" ന്നു പറഞ്ഞു നിര്‍ബന്ധിച്ചിട്ടും ...എന്തോ
എഴുന്നേല്‍ക്കാന്‍ തോന്നിയില്ല ...നിക്ക് വയ്യ...നിങ്ങള്‍ പോയിട്ട്
വാ...ഞാനിവിടെ തന്നെ ഇരിക്കാം ന്നു വാശി പറഞ്ഞപ്പോള്‍
മനസ്സില്ലാമനസ്സോടെയാണ് അച്ഛനും അമ്മയും സമ്മതിച്ചത്....

ഞങ്ങള്‍ വരുന്നത് വരെ എഴുന്നേല്‍ക്കല്ലേ...എങ്ങോട്ടും പോകല്ലേ....ഇപ്പൊ

വാങ്ങി വരാം ന്നു
പറഞ്ഞു പോയതാ രണ്ടാളും ...പാതി വഴി ചെന്ന് രണ്ടാളും തിരിഞ്ഞു നോക്കിയപ്പോ
ഞാന്‍ ടാറ്റയും പറഞ്ഞു...

മേലനക്കാന്‍ വയ്യ....വല്ലാത്ത ദാഹം.യ്യോ...എനിക്ക് വയ്യായേ...എന്താ

കുട്ടി.....നിന്റെ പേരെന്താണ്...വീട് എവിടെയാ....ആരോ താങ്ങിയിരുത്തിയപ്പോ
കണ്ടു .പാതി വെന്തും വേവാതെയും കുറെ മനുഷ്യ ശരീരങ്ങള്‍ ....യ്യോ....ന്റെ
അച്ഛന്‍ അമ്മ.....

പെട്ടെന്ന് ഓര്‍മ്മയില്‍ വന്നു...വലിയൊരു തീഗോളം പിടച്ചിലുകള്‍

നിലവിളികള്‍ ...ഇരുന്നിടത്തു നിന്ന് ആരോ എടുത്തെറിഞ്ഞപോലെ ദൂരേക്ക്
തെറിച്ചത്

ആ നിമിഷം മാത്രമാ  ഇപ്പോ ബാക്കിയുള്ളൂ മനസ്സില്‍ ...തിരിഞ്ഞു നോക്കുന്ന

അമ്മയുടെയും അച്ഛന്റെയും മുഖം...എഴുന്നേല്‍ക്കല്ലേ എന്ന് പറയുന്ന
അച്ഛന്റെ ശബ്ദം....

No comments:

Post a Comment