Sunday, September 10, 2017

ചിന്തകള്‍ വലകള്‍ തീര്‍ക്കുമ്പോള്‍ .....


ഓഫീസിലെത്തിയാല്‍ സൗമിനിക്ക് പറയാന്‍ ഏറെ വിശേഷങ്ങള്‍ എന്നുമുണ്ടാകും  . ഓരോന്ന് ഓര്‍മ്മയിലെത്തിയാലുടന്‍ സീറ്റില്‍ നിന്നെഴുന്നേറ്റു വന്നു എന്നോട്പറഞ്ഞിട്ടേ അവള്‍ക്ക് സമാധാനമുള്ളൂ. പലപ്പോഴും വല്ലാത്ത ദേഷ്യം തോന്നുമെങ്കിലും ഒരിക്കല്‍ പോലും വെറുപ്പ് ഞാന്‍ പുറമേ കാട്ടിയിരുന്നില്ല.


"ദേ, പെണ്ണേ, ഞാന്‍ ക്യാഷിലാണേ എന്‍റെ കണക്ക് തെറ്റിക്കല്ലേ ..." എന്നൊക്കെ കളിയായി പറയുമെങ്കിലും അവളുടെ ആ സംസാരം എപ്പോഴൊക്കെയോ ഞാന്‍ വല്ലാതെ ഇഷ്ടപ്പെട്ടു പോയിരുന്നു...അല്ല അവളെയുള്ളല്ലോ .. ഈ വലിയനഗരത്തില്‍ തനിക്കു ഒന്നു ചിരിക്കാനും മിണ്ടാനും ഒക്കെ ....
.
"വെയില്‍ പോലെയാണ് നിന്റെ ചിരി..പെട്ടെന്ന് ചിരിവന്നു എവിടേക്കോ പെട്ടെന്ന് മാഞ്ഞു പോകും പോലെ...എന്താനീയിങ്ങനെ മനസ്സു തുറന്നു ഒന്ന് ചിരിച്ചൂടെ , ചത്തു പോകുന്ന മനുഷ്യരല്ലേ നമ്മള്‍..." എന്നൊക്കെ പറഞ്ഞു അവള്‍ ഒരു നല്ല ഉപദേശകയാകും കൂടെകൂടെ...

പലപ്പോഴും നാടിനെയും വീടിനെയും കുറിച്ച് അവള്‍ ചോദിച്ചിട്ടുണ്ടെങ്കിലും ഒന്നുംപറയാന്‍ ഇതുവരെ തോന്നിയിട്ടില്ല...വീട്ടില്‍ എല്ലാവരും ഉണ്ട്...
എല്ലാവര്‍ക്കും സുഖം എന്ന ഒറ്റ ഉത്തരത്തില്‍ അവള്‍ ഒരിക്കലും സംതൃപ്തയായിരുന്നില്ല എന്നാലും, അവള്‍ പിന്നെ ഒന്നും ചോദിക്കാറില്ല..

ഇനി എങ്ങനെയാ പറയുക. ഇന്നലെ പിരിയുമ്പോഴും മകളുടെ ഭാവികാര്യങ്ങള്‍ എന്തെല്ലാമോ അവള്‍ സംസാരിച്ചിരുന്നു, 'എല്‍കെജി പഠിക്കുന്നതല്ലേയുള്ളൂ മോള്, എന്തിനാ ഇത്ര വേവലാതി' എന്ന് ചോദ്യംകേട്ട് ഒക്കെ കരുതലിനു ഞാന്‍ അല്ലേയുള്ളൂന്ന്‍ പറഞ്ഞ് ഒരു പൊട്ടിച്ചിരിയായിരുന്നു മറുപടിയായി അവള്‍ തന്നത്

"എന്താണ് കുട്ടിയ്യേയ്...കേട്ടത് നേരാണോ? നമ്മുടെ സൌമിനി എന്തിനാ ഈ കടുംകൈ ചെയ്തത്..? കുട്ടിക്ക് വല്ലതും അറിയ്യോ..രണ്ടാളും നല്ല കൂട്ടായിരുന്നല്ലോ"... തൂപ്പുകാരി മല്ലികചേച്ചിയതാ ചോദ്യവുമായി മുന്നില്‍..

എന്താപറയുക,,,സൗമിനിയുടെ വേര്‍പാട് ..അതിപ്പോഴും വിശ്വസിക്കാനാവാതെ ആയിരം ചോദ്യവുമായി ചിന്തകള്‍ക്ക്മുന്നില്‍ എട്ടുകാലികളെപോലെ വലകള്‍ തീര്‍ത്ത് ...

Monday, October 24, 2016

നിലാവ് മൌനം പുതച്ചുറങ്ങുമ്പോള്‍......

ഗീതുവിനെ ആദ്യമായി കണ്ട നിമിഷം ഇപ്പോള്‍ കൂടുതല്‍ തെളിമയോടെ ഉണരുകയാണ്... അവളെ സ്വന്തമാക്കണമെന്ന ആഗ്രഹം പീലി നിവര്‍ത്തിയതെപ്പോഴാണ്....

പ്രണയകാലത്തെ ദിനങ്ങള്‍ ..ജീവിതത്തിലെ ഏറ്റവും മനോഹരമായ ജീവസുറ്റ ദിനങ്ങളായിരുന്നു അന്ന്...എപ്പോഴും ശ്വാസനിശ്വാസങ്ങളുടെ ഓരോ മാത്രയിലും അവള്‍ നിറഞ്ഞു നിന്നു...ചെറുകാറ്റില്‍ പോലും പാറി പറക്കുന്ന അവളുടെ അലസമായ മുടിയിഴകള്‍..വിടര്‍ന്ന കണ്ണുകള്‍...വശ്യതയാര്‍ന്ന ചിരി, ഇമ്പമാര്‍ന്ന സ്വരം ഒക്കെ ജീവനില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു...

ഒരു ദിവസം അവളെയൊന്നു കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ മനസ്സാകെ വീര്‍പ്പുമുട്ടലിന്റെ കാര്‍മേഘങ്ങള്‍ നൊമ്പരം വര്‍ഷിക്കുമായിരുന്നു...സ്നേഹം വന്നു പൊതിയുമ്പോഴും ,പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും പിണക്കങ്ങളുടെ കുത്തിയൊലിപ്പിലും അകപ്പെട്ടിട്ടുണ്ട്..
പക്ഷേ, ആ പിണക്കങ്ങളൊക്കെ വീണ്ടുമൊരു സ്നേഹത്തിന്റെ വലയില്‍ വീഴ്ത്താന്‍ ഒരു നോട്ടമോ ഒരു കണ്ണീര്‍ത്തുള്ളിയോ മാത്രം മതിയായിരുന്നു...

അന്ന്, പൊള്ളുന്ന വേനല്‍ പ്രതീക്ഷിക്കാത്തൊരു മഴയായി തീരും പോലെയായിരുന്നു വീട്ടുകാരോട് എത്ര പൊരുതിയിട്ടും കൂട്ടുകാരുടെ മാത്രം സാന്നിധ്യത്തില്‍ ഒരു താലി ചരടില്‍ കോര്‍ത്ത് അവളെ സ്വന്തമാക്കിയത്  ... 
സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും സ്വപ്നസാക്ഷാത്കാരത്തിന്റെ നിര്‍വൃതിയുടെയും മേഘപഞ്ഞിക്കെട്ടുകള്‍  തെളിഞ്ഞ ആകാശത്ത്  ഒഴുകി നടക്കുന്നതു പോലെ ദിനങ്ങളങ്ങനെ ഓടി മറയുകയായിരുന്നു.. 

 മുറ്റത്തെ മൂവാണ്ടന്‍ മാവില്‍ വിരുന്നെത്തുന്ന അണ്ണാറക്കണ്ണന്മാരെ കുറിച്ചും ആദ്യമായി വിരിഞ്ഞ പനിനീര്‍പൂവിനെ കുറിച്ചും അവള്‍ വാചാ‍ലയാകുന്നത്...  ഓര്‍ക്കാപ്പുറത്ത് വിരുന്നെത്തുന്ന മഴയില്‍ കളിവള്ളമുണ്ടാക്കി അവള്‍ രസിക്കുന്നത് കാണുമ്പോള്‍ അവളെ കളിയാക്കുന്നത്..അങ്ങനെയങ്ങനെ ഓര്‍മ്മകളുടെ പടവുകള്‍ കയറിയിറങ്ങുമ്പോള്‍ എന്തെല്ലാം ചിത്രങ്ങളാ മനസ്സില്‍ മറഞ്ഞു കിടക്കുന്നത് കാണുന്നത്...

എല്ലാം എത്ര വേഗമാണ് മാറി മറിഞ്ഞത്...ശ്രീക്കുട്ടിയുടെ വരവാണോ അവളെ തന്നില്‍ നിന്നും അകറ്റിയത്..അമ്മയായപ്പോള്‍ അവളുടെ സ്നേഹം നഷ്ടപ്പെട്ടിരുന്നോ തനിക്ക്...അങ്ങനെ പറഞ്ഞൊഴിയാന്‍ കഴിയുമോ.? ഓഫീസില്‍ നിന്നും കൊണ്ടു വരുന്ന ഫയലുകളുടെയും കമ്പ്യൂട്ടറിന്റെയും  ടി വിയുടെയും മുന്നിലായി സമയം മാറ്റി വച്ചപ്പോള്‍ അവളെ കുറിച്ച് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല എന്നതല്ലേ വാസ്തവം..
അപ്പോഴൊക്കെ,  അവള്‍ വിശേഷങ്ങള്‍ പങ്കിടാന്‍ അടുത്ത് എത്തുമ്പോള്‍ ഒരു തരം ഈര്‍ഷ്യായിരുന്നില്ലേ മനസ്സില്‍ തോന്നിയിരുന്നത്.സ്നേഹമൊക്കെ കാറ്റിലൊരില പോലെ പറന്നകലുകയായിരുന്നില്ലേ.... “ഈ കുഞ്ഞിനെ എങ്കിലും ഇത്തിരി നേരം നോക്കരുതോ രവിയേട്ടാ“ എന്നവള്‍ പരിഭവം പറയുമ്പോഴൊക്കെ “നിനക്ക് പിന്നെയെന്താ പണി” എന്ന് പകരത്തിനു പകരമായി നല്‍കിയല്ലേ അവളെ നിശ്ശബ്ദയാക്കിരുന്നത്.

വല്ലാത്ത ക്ഷീണം തീരെ വയ്യാത്തതു പോലെ നമുക്കൊന്ന് ആശുപത്രി വരെ പോയാലോ  രവിയേട്ടാ എന്നവള്‍ ആവശ്യപ്പെട്ടപ്പോഴും “എനിക്ക് ലീവെടുക്കാന്‍ കഴിയില്ല നീ അപ്പുറത്തെ ശാന്തചേച്ചിയുമായി പോയി വാ” എന്നല്ലേ അന്ന് മറുപടി നല്‍കിയത്..പിന്നെ , അസുഖത്തെ കുറിച്ച് അവള്‍ പറയുമ്പോഴൊക്കെ “ഒക്കെ നിന്റെ തോന്നലാ നിനക്കൊന്നും ഇല്ല” എന്ന് പറഞ്ഞൊഴിഞ്ഞത് എന്തിനായിരുന്നു....അതില്‍ പിന്നെ ഒന്നും അവള്‍ പറഞ്ഞതുമില്ലല്ലോ..അല്ല, അവളോട് തിരക്കിയതുമില്ല എന്ന് പറയുന്നതാവില്ലേ അതിന്റെ ശരി...

പ്രണയത്തിന്റെ നാളുകളില്‍ അവള്‍ക്ക് ഒരു ചെറിയ തല വേദന എന്ന് കേട്ടാല്‍ പോലും ഉടനെ ഡോക്ടനെ കാണാന്‍ പോകാമെന്ന് പറഞ്ഞ് വാശി പിടിച്ചയാളായിരുന്നില്ലേ എന്നോര്‍ത്തപ്പോള്‍ വല്ലാത്ത ഒരു സങ്കടവും കുറ്റബോധവും കലര്‍ന്ന മലവെള്ളപാച്ചിലില്‍ അകപ്പെട്ടപോലെയായി...

ചെറിയ കാര്യങ്ങള്‍ക്ക് പോലും തുടരെ തുടരെ ഓഫീസിലേക്ക് വിളിക്കുന്ന ശീലം അവള്‍ക്ക്  പിടിപ്പെട്ടപ്പോഴാണ് വീട്ടിലെ നമ്പര്‍ കണ്ടാലും ഫോണ്‍ അറ്റന്‍ഡ് ചെയ്യാതെ ആയത്..രണ്ടു വിളിയില്‍ കൂടുതല്‍ വരുമ്പോള്‍ ഫോണ്‍ സൈലന്റിലേക്ക് മാറ്റുകയായിരുന്നു പതിവ്...

വൈകിട്ട് ഒരു മീറ്റിങില്‍ പങ്കെടുക്കുമ്പോഴാണ് അവളുടെ വിളി വന്നത്. പെട്ടെന്ന് ഫോണ്‍ സൈലന്റിലേക്ക് മാറ്റി.. മീറ്റിംഗ് തീര്‍ന്ന ശേഷവും വീട്ടിലേക്ക് ഒന്ന് തിരിച്ചു വിളിക്കാന്‍ ഓര്‍ത്തില്ല...അവള്‍ തന്നു വിടുന്ന ലിസ്റ്റിലെ സാധങ്ങളോ മരുന്നോ വാങ്ങാന്‍ പറയാ‍നാവും വിളിച്ചതെന്നു മനസ്സില്‍ കണ്ടു..“അല്ലെങ്കിലും വീട്ടില്‍ നിന്നിറങ്ങിയാല്‍ പിന്നെ വീട്ടിലുള്ളവരെപ്പറ്റി ഒരു ചിന്തയുമില്ല“ എന്നുള്ളൊരു  പരിഭവം അവള്‍ക്ക് നിലവിലുണ്ടായിരുന്നല്ലോ എപ്പോഴും ..

വീട്ടുവാതിക്കല്‍ എത്തിയപ്പോഴെ അവളോട് വല്ലാത്ത ദേഷ്യമാ തോന്നിയത്..സന്ധ്യ കഴിഞ്ഞിട്ടും വിളക്ക് തെളിയിക്കാതെ ഇവള്‍ ശാന്ത ചേച്ചിയോട് കാര്യം പറഞ്ഞിരിക്കുന്നുണ്ടാവും ..അപ്പോഴാണ് ഗായത്രി  ഓടി വന്നു പറയുന്നത് “അമ്മയും ഗീത്വേച്ചിയും വൈകിട്ട് എ കെ ആശുപത്രിയില്‍ പോയതാ ഇതു വരെ വന്നില്ല”..വന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ തൊണ്ട ഇടറി പോയിരുന്നുവോ...അവരിപ്പോഴിങ്ങെ 
ത്തും എന്ന ചിന്തയായിരുന്നുവോ എന്നിട്ടും അവിടം വരെ ഒന്നു പോകാന്‍ വീണ്ടും വൈകിയത്...

ഐ സി യൂവിനു മുന്നില്‍ വിതുമ്പി നില്‍ക്കുന്ന ശാന്തചേച്ചി “എനിക്കൊന്നും അറിയില്ല മോനേ“ എന്ന് പറഞ്ഞ് ഉറക്കെ കരയാന്‍ തുടങ്ങിയപ്പോള്‍ ഒന്നും മനസ്സിലാകാത്ത ഒരു കൊച്ചുകുട്ടിയുടെ ഭാവത്തില്‍ പകച്ചു  നില്‍ക്കാനേ കഴിഞ്ഞുള്ളൂ...

”രോഗത്തിന്റെ അവസ്ഥ നിങ്ങളെ അറിയ്ക്കാന്‍ വേണ്ടിയാണ് നിങ്ങളെ കാണണം, നിങ്ങളെയും കൂട്ടിയേ ഇനി വരാവൂ എന്ന് ഞാന്‍ ഗീതുവിനോട് പറഞ്ഞത് , മരുന്ന് പോലും മുടങ്ങരുത് എന്ന് ഞാന്‍ അവരോട് പറഞ്ഞിരുന്നതാണല്ലോ...“ ഡോക്ടര്‍ വീണ്ടും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു...ഓക്സിജന്‍ ട്യൂബിന്റെ സഹായത്തോടെ വാടിത്തളര്‍ന്ന് ഒരു പരാതി പോലും പറയുവാന്‍ ശക്തിയില്ലാതെ അവള്‍ കിടക്കുന്നത് കണ്ടപ്പോള്‍ മനസ്സ് കുറ്റബോധത്തിന്റെ ശരപഞ്ജരത്തില്‍ കുടുങ്ങി പോയി കഴിഞ്ഞിരുന്നു .

തിരക്കുകള്‍ക്കിടയ്ക്ക് പലപ്പോഴും അവളോടു കാണിച്ച അവഗണനയാവും ഒന്നും പറയാതെ സ്വയം സഹിച്ച് അവളെ നിശ്ശബ്ദയാക്കിയത് ..ഓര്‍ക്കുമ്പോള്‍ അവളോട് അകാരണമായ ഒരു ദേഷ്യം തോന്നും പോലെ..ഒന്നുറക്കെ കരയാന്‍ പോലും കഴിയുന്നില്ലല്ലോ  ഇപ്പോള്‍... കത്തിയെരിയുന്ന ഓര്‍മ്മകള്‍ ഒരു ആര്‍ത്തനാദമായി മാറുമ്പോള്‍ അങ്ങ് അകലെ നിലാപുഞ്ചിരി തൂകി ആകാശത്തിലെ  നക്ഷത്രകൂട്ടങ്ങള്‍ക്കിടയില്‍ ഗീതു എന്ന നക്ഷത്രവും ഒളിഞ്ഞു നോക്കുന്നുണ്ടായിരുന്നു...

Monday, September 12, 2016

മാവേലിക്ക് ഒരു കത്ത്.

പ്രിയപ്പെട്ട മാവേലി ,

                       എനിക്കറിയാം നിങ്ങളിപ്പോ ചിങ്ങത്തേരിലേറി മലയാളക്കരയിലെത്താൻ തിടുക്കം കൂട്ടി കാത്തിരിക്കയാണെന്ന്. അതെ ,നിങ്ങൾ കരുതും പോലെ കഴിഞ്ഞ വർഷം കണ്ടു പോയ നാടല്ല ട്ടാ ഇപ്പോ ഇവിടം.

                  ഭരണം മാറി കഥ മാറി. ഞങ്ങൾ വരും എല്ലാം ശരിയാക്കുമെന്ന് പറഞ്ഞവർ വന്നു ,പക്ഷേങ്കിൽ പറഞ്ഞ പോലെ തന്നെ അവശ്യസാധനങ്ങളൊക്കെ ധാരാളം കിട്ടുന്നുണ്ട് പിന്നെയിത്തിരി വില കൂടുതലാണെന്നു മാത്രം. വിഷം കുത്തി നിറച്ച കായ്കനികളും മത്സ്യ മാംസാദികളും കഴിച്ചുകഴിച്ച് എല്ലാരും രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നതിനാൽ ഉള്ളതു പറയണമല്ലോ നാട്ടിലിപ്പോ കൂണുകൾ പോലെ ആശുപത്രികളുമായി.


                                     പിന്നെ ഒരു കാര്യം , ഇനി നിങ്ങൾ പഴയ പോലെ പൂക്കളമിടലും. തുമ്പിതുള്ളലും .. ചെമ്പഴുക്കകളിയും. ഊഞ്ഞാലാട്ടവും തിരുവാതിരക്കളിയും ഒക്കെ കണ്ടു രസിക്കാമെന്ന് കരുതി ഇങ്ങോട്ട് വരണ്ട ട്ടാ .. വല്ല തലപ്പന്തോ... ഓലപ്പന്തോ...കരടിയോ.. കടുവയോ..കുമ്മാട്ടിയോ.. പുലികളിയോ ഒക്കെ കാണാനാണെങ്കിൽ മാത്രം വന്നാൽ മതി.. ( ഇതൊക്കെ കാണാൻ മാത്രം വരണോ വേണ്ടയോ എന്ന് നിങ്ങൾ ചിന്തിക്ക് ) കാരണം ഈ പൂക്കളവും തുമ്പിതുള്ളലും ചെമ്പഴുക്കകളിയും ഊഞ്ഞാലാട്ടവും തിരുവാതിരയും ഒക്കെ കണ്ടു നിന്നാലേ നിങ്ങളെ പോലീസ് പിടിക്കും.. അതേ , 14 സെക്കൻറ് സമയം കൊണ്ട് ഇതൊന്നും തീരൂല്ലല്ലോ...

                    പിന്നെ ,മറ്റൊരു കാര്യം വരുമ്പോൾ കാലിൽ മെതിയടിയൊന്നും വേണ്ടാ ട്ടോ.. വല്ല ലൂണാറോ മറ്റോ ഒന്ന് തരപ്പെടുത്ത് . ഇവിടെ തെരുവു നായ്ക്കളുടെ ശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്ക്യ നാട്ടാര്....
വെറുതെ നിങ്ങളെന്തിനാ വർഷത്തിലൊരിക്ക വന്നിട്ട് നായ്ക്കളുടെ കടി ഏൽക്കണത്.. നല്ലതു പോലെ ഓടാൻ പഠിച്ചിട്ടൊക്കെ വന്നാ മതി..

                              പണ്ട് ശ്രീരാമൻ 14 വർഷം കാട്ടിൽ പോയിയെന്നാലും ഞങ്ങൾക്കൊക്കെ രാമൻ ഇപ്പോഴും ശ്രീരാമൻ തന്നെയാ..എന്നാൽ ഈ 14 സെക്കന്റ് നിങ്ങൾക്ക് ചീത്ത പേരുണ്ടാക്കും.. ഇതു വരെ സമ്പാദിച്ച പേരിനെയത് മോശമാക്കും...
അറിക്കാനുള്ളത് അറിയിച്ചു' ഇനി നിങ്ങളുടെ വിധി...

എന്ന് ,
സ്നേഹപൂർവം
..............

Monday, March 9, 2015

ശിവാനിയും ഡയറികുറിപ്പും ....


ഈ താളില്‍ ഇന്നിനി എന്താണ് എഴുതുക ....

                    ഇത്ര ദിവസവും എഴുതാന്‍ എത്ര കണക്കുകള്‍ ആയിരുന്നു ..
വീട്ടുവാടക,പത്രം,കറന്റ്,പലചരക്ക് കടയിലെ കുടിശ്ശിക, ബസ് ഫീസ്, 
സ്കൂള്‍ഫീസ് ഓരോന്നിനുമായി പകുത്തു നല്‍കുമ്പോള്‍ ...
തെറ്റാത്ത വാക്കായി മാറുമ്പോള്‍ ..
വല്ലാത്തൊരു അഭിമാനം തോന്നാറുണ്ട്...

                            ഹോ!, ഈ ഡയറി താളുകള്‍ ഇല്ലായിരുന്നെങ്കില്‍...
ഈ ഭാരമൊക്കെ ഇറക്കി വച്ച് ആശ്വാസത്തിന്‍റെ നിശ്വാസം കണ്ടെത്തുക 
എവിടെയാവും....എത്ര നാള്‍ ഇങ്ങനെ മുന്നോട്ടു പോകാനാവും ...അങ്ങനെ ഓര്‍ക്കുമ്പോള്‍ വല്ലാത്ത ഒരു ഭയം വിഴുങ്ങാനടുക്കും പോലെ...

                       ഇപ്പോള്‍ തന്നെ കാലു വേദനയൊക്കെ വല്ലാതെ പിന്തുടരുന്നുണ്ട് 
അതെങ്ങനെയാ..പുതുക്കിയ ബസ് ചാര്‍ജ്ജ് വര്‍ദ്ധന പിറന്നതോടെ  
നടപ്പ് തന്നെ ആരോഗ്യത്തിനു ഗുണം എന്ന കണ്ടെത്തലില്‍ 
രാവിലെയും വൈകിട്ടും ഓഫീസിലേക്ക് നടന്നു പോകാന്‍ തുടങ്ങിയതല്ലേ
ആ വക എത്ര രൂപയാ മിച്ചം വയ്ക്കാന്‍ കഴിഞ്ഞത്...മാത്രമോ...
വല്ലപ്പോഴും ചിന്നു മോള്‍ക്ക് അവള്‍ ആവശ്യപ്പെടുന്ന ബിസ്ക്കറ്റും കേക്കും ഒക്കെ വാങ്ങിച്ചു കൊടുക്കാനും കഴിയുന്നുണ്ടല്ലോ ...അതൊരു ആശ്വാസം തന്നെ ...ആ ഓര്‍മ്മ മതി എല്ലാ ക്ഷിണവും വേദനകളും സഹിക്കാന്‍ ,,,

                               ഇത്തവണയെങ്കിലും പുതിയ ഒരു ചെരുപ്പും ബാഗും വാങ്ങണമെന്നും കേടായ മിക്സിക്ക് പകരം മറ്റൊന്നു വാങ്ങണമെന്നും ഒക്കെ മനക്കോട്ട കെട്ടിയതായിരുന്നു ..ചെരുപ്പിന്‍റെ അവസ്ഥ ഓര്‍ക്കാതിരിക്കയാ നല്ലത് ..ഒരു അമ്പലത്തില്‍ ചെന്നാല്‍ പോലും ഊരിയിടാന്‍ നാണമാകും..പിന്നെ, അമ്പലമല്ലേ ചെരുപ്പ് മോഷ്ടാക്കളെ ഭയന്ന്‍ പഴയത് ഇട്ടതാകും എന്ന്‍ കരുതിക്കൊള്ളും എന്നങ്ങു വിചാരിക്കുമ്പോള്‍ അതും ആശ്വാസം...

                                   ഒരിക്കല്‍ ലക്ഷ്മി ചോദിക്കയും ചെയ്തു .."ഈ ചെരുപ്പ് ന്താ ങ്ങനെന്ന്"..ആ ഇപ്പോ ഇങ്ങനെയാ ,,,അമ്പലമല്ലേ പെണ്ണെ എന്ന് പറഞ്ഞു 
തടിത്തപ്പി.


                                 അങ്ങുമിങ്ങും ഒക്കെ പിഞ്ഞിതുടങ്ങിയിരിക്കുന്നു ബാഗ്.... വാങ്ങിയപ്പോള്‍ അറകളൊക്കെ എണ്ണി നോക്കി ഇഷ്ടപ്പെട്ട് വാങ്ങി ,,പക്ഷെ, പറഞ്ഞ്ട്ടെന്തു കാര്യം.. ഇപ്പൊ സംഗതി വളരെ എളുപ്പമായി ...ഏതു അറ തുറന്നു എന്തിട്ടാലും പേടിക്കണ്ട... തിടുക്കത്തില്‍ ആയാലും പരതേണ്ട കാര്യമില്ല ,,ഏതു അറ തുറന്നാലും എളുപ്പത്തില്‍ എടുക്കാമെന്നായിട്ടുണ്ട്...

അതിനെ പറഞ്ഞിട്ട് കാര്യമില്ല...കൊല്ലം നാലാകാന്‍ പോകുന്നു അത് വാങ്ങിട്ട്,


ഇന്നലെ കൂടി റിമ ചോദിച്ചതെയുള്ളൂ ടീ, നീയാണോ പിശുക്ക് കണ്ടു പിടിച്ചതെന്ന് ,,, 

ഓരോ വക ചിന്തകളിലേക്ക്പോയപ്പോള്‍  
ഡയറിത്താള്‍ മറന്നു ഒന്നും എഴുതിയില്ലല്ലോ ...എന്തെഴുതാന്‍... 
മിച്ചം 850 രൂപ എന്ന് എഴുതാം ...നാളെ മുതല്‍ ഇതിലും കുറഞ്ഞു വരില്ലേ  ,,
അപ്പോള്‍ പിന്നെ എഴുതാന്‍ ധാരാളമുണ്ടാകും 
ഷിംനയോടും അനിതയോടും ഒക്കെ  കടം ചോദിച്ചു നടന്ന കഥയും..
അടുത്ത ശമ്പളദിവസത്തെക്കുള്ള കാത്തിരിപ്പിന്‍റെ വേവുകളും....


Thursday, April 19, 2012

ഭാമേടത്തിയും പിന്നെ ഞാനും........


എന്തെന്നില്ലാത്ത ദേഷ്യവും സങ്കടവും തോന്നി . തിരിഞ്ഞും മറിഞ്ഞും കിടക്കാന്‍ തുടങ്ങീട്ട് നേരം എത്രയായെന്നോ...?

ഉറക്കം കിട്ടുന്നേയില്ല..സ്ഥലം മാറി കിടന്നതു കൊണ്ടാണെന്ന് പറയാന്‍ കഴിയുമോ..
ഇതിനു മുമ്പ് എത്രയോ തവണ ഈ വീട്ടില്‍ അന്തിയുറങ്ങീയിരിക്കുന്നു.

പക്ഷേ, അന്നൊക്കെ , ഈ വീടിന്റെ ഇടനാഴികളില്‍ അകത്തളങ്ങളില്‍ നിശ്ശബ്ദതയും ഇരുട്ടും ഇങ്ങനെ കട്ടിപിടിച്ചിട്ടുണ്ടായിരുന്നില്ല..
അന്നൊന്നും ഒരിക്കലും ശ്വാസത്തിനിത്ര കനം തോന്നിയിരുന്നുമില്ല..
ഒരാശ്വാസത്തിനായി ജനാല മെല്ലെ തുറന്നു..

മുറ്റം നിറയെ ഭാമേടത്തിയുടെ കൂട്ടുകാരായ പരിജാതവും കുടമുല്ലയും നമ്പ്യാര്‍വട്ടവും കനകാംബരവും എന്തിനോടോ പിണങ്ങി നില്‍ക്കും പോലെ...

കണ്ണുകളെ മെല്ലെ ആകാശത്തിലേക്ക് പായിച്ചു . 
ഒഴുകി നടക്കുന്ന മേഘചിന്തുകളില്‍ ആട്ടിന്‍ കൂട്ടങ്ങളെയും ആനക്കൂറ്റന്മാരെയും കുതിരയെയും കാണാന്‍ പഠിപ്പിച്ചത് പണ്ട് ഭാമേടത്തിയായിരുന്നു... 

ഇന്ന് അവയെ ഒന്നും കാണാന്‍ കഴിയുന്നേയില്ല...ആകാശത്തും  മേഘക്കീറുകള്‍ ചെന്നായയുടെ രൂപം കൊത്തി മിനുക്കും പോലെയാ തോന്നുന്നത്..ഒരു നക്ഷത്രം പോലുമില്ലാത്തെ കറുത്ത രാവ് പേടിയുണര്‍ത്തും പോലെ..
 
വല്ലാത്തൊരു സങ്കടം തോന്നി ..
കരച്ചിലിന്റെ വക്കിലൂടെ മനസ്സ് നടന്നു പോകുമ്പോള്‍ കാണുന്നത് ഭാമേടത്തിയുടെ മുഖമാണ്..

പുറം കവിഞ്ഞു കിടക്കുന്ന ഈറന്‍ തലമുടി വിടര്‍ത്തിയിട്ട് തുമ്പു മാത്രം കെട്ടി അതിലൊരു കൃഷ്ണതുളസി ചൂടി, നെറ്റിയില്‍ ഭസ്മം കൊണ്ടൊരു കുറി വരച്ച് , ചിരിയ്ക്കുമ്പോള്‍ നുണക്കുഴികള്‍ തെളിയുന്ന കവിളുകളുള്ള  ഭാമേടത്തി. 
വല്ലപ്പോഴുമെത്തുമ്പോള്‍ ഭാമേടത്തി പറയുന്ന കഥകളിലൂടെയും കവിതകളിലൂടെയും പിച്ച വച്ചാണ് താനിന്ന് സാഹിത്യ ലോകത്ത് പാറിക്കളിക്കുന്നത് എന്നു കൂടി ഓര്‍ത്തപ്പോള്‍ നിര്‍മ്മലയ്ക്ക് സങ്കടം സഹിക്കാനായില്ല..ആ ഓര്‍മ്മകളില്‍ കണ്ണുകള്‍ കൂടുതല്‍ കൂടുതല്‍ ഈറനണിയുകയാണ്.
 
ഒരിക്കല്‍ വല്ലാതെ മോഹിച്ച ഒരു ജോലി നഷ്ടപ്പെട്ടു പോയതിനെ കുറിച്ച്  പറഞ്ഞ് സങ്കടപ്പെട്ടപ്പോള്‍ ഭാമേടത്തി നല്‍കിയ  ആശ്വാസവാക്കുകളാണ് ഓര്‍മ്മയില്‍ തെളിയുന്നത്... 
 
“ഒക്കെ ഓരോ ജീവിതമാണ് കുട്ടിയേ, ഇതിനൊന്നും ഒരിക്കലും കരയേണ്ട കാര്യമേയില്ല..എന്തിനെയും മുന്‍ കൂട്ടി കാണാന്‍ പഠിക്കണം .എന്നിട്ട്, മനസ്സിനെ ധൈര്യപ്പെടുത്തണം..നമ്മുടെ കണ്ണുനീര്‍ അത് വെറുതെ കളയാനുള്ളതല്ല.. ജീവിതത്തില്‍ നമുക്ക് കൂട്ടായി സന്തോഷത്തിലും സങ്കടത്തിലും ഒപ്പം ഉണ്ടാവുക എന്നും കണ്ണുനീരു മാത്രമായിരിക്കുമെന്നേ..സ്വന്തംനിഴല്‍ പോലും കണ്ണീരിനൊപ്പമാകില്ല..കാരണം നിഴലിനു കൈതാങ്ങായി വെളിച്ചമുണ്ടാകണ്ടേ..അതുകൊണ്ട് കണ്ണീരിനു മുന്തിയ സ്ഥാനം തന്നെ നീ നല്‍കണം..അതങ്ങനെ പാഴാക്കരുത്.. 
സ്വപ്നങ്ങള്‍ ധാരാളം കാണണം. സ്വപ്നങ്ങളെ ഉളം കൈയിലിട്ട് നീ അമ്മാനമാടണം... ഒരിക്കല്‍  കണ്ട സ്വപ്നങ്ങള്‍ തന്നെ നാം വീണ്ടും കണ്ടെന്ന് വരില്ല..അതിനാല്‍ ഓരോ സ്വപ്നങ്ങളേയും മനസ്സു കൊണ്ട് താലോലിക്കണം... 
 
 ചില സ്വപ്നങ്ങള്‍  കൈയില്‍ നിന്ന് വഴുതി വീണ് നഷ്ടപ്പെട്ടേക്കാം . എങ്കിലും ,അവയ്ക്കായി കണ്ണീര്‍ പൊഴിക്കരുത്...”
ഭാമേടത്തിയുടെ ഈ വാക്കുകള്‍ക്ക് അന്ന്  മൂര്‍ച്ചയായിരുന്നു ..മനസ്സില്‍ വളരെ ആഴത്തില്‍ സ്പര്‍ശിക്കുന്ന സ്വരമായിരുന്നു അത്..മറ്റൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു തെളിച്ചമായിരുന്നു അന്ന് ഭാമേടത്തിയുടെ കണ്ണുകള്‍ക്ക്....


എന്നും ഭാമേടത്തിയുടെ ആശ്വാസവചനങ്ങള്‍ക്ക് ഒരു ചാറ്റല്‍ മഴ നനയുന്നതിന്റെ സുഖമുണ്ടായിരുന്നു...
പക്ഷേ,ഇന്ന് ഭാമേടത്തിയുടെ മനസ്സിനു ആശ്വാസത്തിന്റെ ഒരു കുളിര്‍മ നിറയ്ക്കാന്‍  വാക്കുകളുടെ ഒരു പേമാരി  പെയ്യിച്ചാലും മതിയാകില്ലല്ലോ...
 
“ഭാമേടത്തിക്ക് ന്റെ നന്ദിനിക്കുട്ടീയെ ഒന്നു കാണണം നീ വരില്ലേ താമസിയാതെ.” എന്ന് രണ്ടു വരിയില്‍ ഒതുക്കിയ കത്ത് കിട്ടിയപ്പോള്‍ മനസ്സിനൊരു വല്ലാത്ത ആധിയായിരുന്നു എന്താവാം കാര്യമെന്ന് പലവുരു ചിന്തിച്ചു ... 
 
ലീവ് കിട്ടണമെങ്കില്‍ ഏറെ പ്രയാസം തന്നെയായിരുന്നു...അന്നു മുതല്‍ പിന്നെ ആഴ്ചാവസാനം ആവാനുള്ള കാത്തിരിപ്പായിരുന്നു...
 
ചാരിയിരുന്ന വാതില്‍ മെല്ലെ  തുറന്ന് ശബ്ദം വയ്ക്കാതെ വീടിനുളളിലേക്ക് കയറിയത് ഭാമേടത്തിയെ ഒന്ന് പേടിപ്പിക്കാമെന്ന് കരുതി തന്നെയായിരുന്നു...
 തെക്കേ മുറിയുടെ അടുത്ത് ഒച്ചയുണ്ടാക്കാതെ നടന്നത് കണ്ടിട്ട് ഭാമേടത്തിയുടെ ഓമനപ്പൂച്ച വരെ അസൂയയോടെ നോക്കും പോലെ തോന്നി . തെക്കേമുറിയിലേക്ക് പതിയെ നോക്കിയപ്പോള്‍ കണ്ട രൂപം....
 
ഹോ ! അത് മനസ്സില്‍ നിന്ന് പറിച്ചു കളയാന്‍ പറ്റണില്ല  ..    ‘ന്താ ഇങ്ങനെ’   ‘ എന്താ പറ്റിയത് ന്റെ ഭാമേടത്തിയേ ’എന്ന് അറിയാതെ നിലവിളിച്ചു പോയി......
 
“ഒന്നുമില്ലെന്റെ കുട്ടിയ്യ്യേ. ശാസ്ത്രത്തിന്റെ  ചില കൈവേലകളാണ്..രണ്ടു മൂന്ന് കീമോ കഴിഞ്ഞപ്പോള്‍ ഇങ്ങനെയായതാണ്. 

അല്ലേലും ഇനി എന്തിനാണെന്റെ  കുട്ടിയേ പഴുത്തു തുടങ്ങുന്ന ഈ തലയ്ക്ക് അലങ്കാരമായി തലമുടിയൊക്കെ.. ഒക്കെ കൊഴിഞ്ഞു പോകയാണ് ന്റെ കുട്ടിയേ ,ദിനങ്ങളും സമയവും എല്ലാം . നീ വന്നൂല്ലോ...എനിക്ക് കാണാന്‍ കഴിയൂന്ന് നിരീച്ചതല്ല. യാത്രാക്ഷീണമുണ്ടാകും ന്റെ കുട്ടിക്ക്, പോയി കുളിച്ച് ആഹാരം കഴിച്ചു വരൂ..എനിക്ക് നിന്നോട് ഒരുപാട് സംസാരിക്കണം .”

നിറഞ്ഞു കവിയുന്ന കണ്ണുകളെ ഒളിപ്പിക്കാനായി...
പെട്ടെന്ന് മനസ്സിന്റെ മൂലയിലേക്ക് ഒതുങ്ങി കൂടാനായി ..ഏകാന്തതയിലേക്ക് മടങ്ങി പോകാനായി...ഒഴിവാക്കാന്‍ പറയുന്നതു പോലെ തോന്നി ഭാമേടത്തിയുടെ ആ വാക്കുകള്‍.
 
എങ്കിലും , ഭാമേടത്തിയുടെ മുഖം വിറയാര്‍ന്ന കൈകളാല്‍ പിടിച്ചുയര്‍ത്തിയപ്പോള്‍ കണ്ടു , ആദ്യമായി ഭാമേടത്തിയുടെ കണ്ണുകള്‍ നനയുന്നത്.
 
വടക്കിനിയിലേക്ക് ചെന്നപ്പോള്‍ ദേവകിയമ്മയാണ് ഭാമേട്ടത്തിയുടെ അവസ്ഥയെ കുറിച്ച് വിസ്തരിച്ച് പറഞ്ഞത്..‘ഒക്കെ അറിഞ്ഞിട്ടും കൊണ്ടു നടക്കായായിരുന്നൂന്ന് ആരോടും പറയാതെ..ഒക്കെ വൈകി പോയീന്നാ ഡോക്ടര്‍ പറയുന്നേ ’എന്ന് കൂടി കേട്ടപ്പോള്‍  ദൈവങ്ങള്‍ കാട്ടുന്ന ക്രൂരതയോര്‍ത്ത് അവിടിരുന്ന് ദൈവങ്ങളെ ശപിച്ചു പോയി...
കുറെ കഴിഞ്ഞ് മനസ്സൊന്ന് പാകപ്പെടുത്തി കുളിച്ച് വന്നപ്പോഴേക്കും ഭാമേടത്തി മയക്കത്തിലായി...
വിളിച്ചുണര്‍ത്താന്‍ തോന്നിയില്ല...
 
ഇപ്പോഴും ഭാമേട്ടത്തി സ്വപ്നങ്ങള്‍ കാണുന്നുണ്ടാകുമോ....?? 
 
ഇനിയും ദേശാടനപക്ഷികളെ പോലെ സ്വപ്നങ്ങള്‍ പറന്ന് വന്ന് ആ മനസ്സിലിപ്പോഴും കൂടു കൂട്ടി തിരിച്ചു പോയിരിക്കുമോ  തിരിച്ചു വരാത്ത അതിഥികളെ പോലെ....
പാവം ഭാമേടത്തി ഇന്ന്  മരണത്തിലേക്ക് ഒഴുകി പോകുന്ന ഒരു രൂപമായി മാറിയ പോലെ.. ...

Thursday, August 18, 2011

ജീവതാളം......


തുരുമ്പിച്ച ജനലഴികളില്‍ പിടിച്ച് രമേശന്‍ പുറത്തെ കാഴ്ചകളിലേക്ക് നോക്കിയിരുന്നു.അവിടെ , ജീവിതവും ആഗ്രഹങ്ങളും പോലെ സമാന്തരങ്ങളായി പോകുന്ന പാളങ്ങളില്‍ മിഴികള്‍ ഉടക്കി നിന്നു....

അതു വഴി കടന്നു പോകുന്ന ഓരോ തീവണ്ടികളുടെ ഒച്ചയും ഇന്ന്  നെഞ്ചിടിപ്പ് കൂട്ടുന്നതു പോലെ...ഓരോ തീവണ്ടി കടന്നു പോകുമ്പോഴും  ജീവിതയാത്രയുടെ കാതം കുറയ്ക്കും പോലെ തോന്നി...

ഒരിക്കല്‍, ഇതു പോലെ ഒരു തീവണ്ടി കടന്നു പോയപ്പോഴാണ് മാതാപിതാക്കള്‍ ഉപേക്ഷിച്ചതാവുമോ അന്ന്.....എല്ലാവരില്‍ നിന്നും എങ്ങനെയോ ഒറ്റപ്പെട്ടാണ് ചൊവ്വയൂര്‍ ഗ്രാമത്തിലെ റെയില്‍വേ സ്റ്റേഷനില്‍ എത്തപ്പെട്ടത്...

തികച്ചും അപരിചിതമായ അന്തരീക്ഷത്തില്‍ ...ആള്‍ക്കൂട്ടത്തിനു നടുവില്‍ അകപ്പെട്ടു പോയ അഞ്ചു വയസ്സുകാരന്‍ കുട്ടി..  വിശന്നു വലഞ്ഞ്  ഒരു മൂലയില്‍ ഒതുങ്ങി കൂടിയിരുന്നു വിതുമ്പി കരയുന്നത് കണ്ടത് അവിടെ ഒരു ഭക്ഷണശാല നടത്തുന്ന സുപ്പയ്യ ആയിരുന്നു....

ചുവന്നു കലങ്ങിയ കണ്ണുകളും വലിയ മീശയും വലിയ ശരീരവുമുള്ള സുപ്പയ്യയെ കണ്ടപ്പോള്‍...ആ രൂപം അടുത്തടുത്ത് വന്നപ്പോഴേക്കും   പേടിച്ച് ഉറക്കെ നിലവിളിക്കാന്‍ തുടങ്ങിയിരുന്നു...  
എങ്കിലും ,ചൂടു പാറുന്ന ചായയുമായി ഒരു ചെറു പുഞ്ചിരിയോടെ സുപ്പയ്യ വന്നു സ്നേഹത്തോടെ വിളിച്ചപ്പോള്‍ ,കടുത്ത വേനല്‍ ചൂടില്‍ നടന്ന് വരുമ്പോള്‍ അഭയമാ‍യി ഒരു തണല്‍ മരം കിട്ടിയ ആശ്വാസമായിരുന്നു മനസ്സിനു...ആ ആശ്വാസത്തിലാണ് ഭയമെല്ലാം മാറി  സുപ്പായ്യയോടൊപ്പം  ചെന്നത്...

  സുപ്പയ്യ സ്നേഹത്തോടെ നല്‍കിയ പേരാണ് രമേശന്‍ എന്നത്...സുപ്പയ്യ വയറു നിറയെ ഭക്ഷണവും തല ചായ്ചുറങ്ങാന്‍ ഹോട്ടലിന്റെ പിറകില്‍ കുറച്ച് സ്ഥലവും ഒരു കീറ പായയും നല്‍കി.....
 
ദിനരാത്രങ്ങള്‍ പലതു പിന്നിട്ടപ്പോള്‍ പയ്യെ പയ്യെ  അറിയുകയായിരുന്നു സുപ്പയ്യയുടെ ചുവന്നു കലങ്ങിയ കണ്ണുകളിലെ സ്നേഹത്തിന്റേയും വാത്സല്യത്തിന്റെയും തിളക്കം...

ദിവസങ്ങള്‍ കൊഴിഞ്ഞു വീന്നപ്പോള്‍ ഏകനായ സുപ്പയ്യക്ക് സ്വന്തം മകനായി തന്നെ മാറുകയായിരുന്നില്ലേ താന്‍....ഒരു മകനു നല്‍കേണ്ട വാത്സല്യമാണ് ആരോരുമില്ലാത്ത തനിക്ക് സുപ്പയ്യ നല്‍കിയത്...
ക്രമേണ സുപ്പയ്യയോടൊപ്പം കടയിലെ കാര്യങ്ങളില്‍ സഹായിക്കാന്‍ തുടങ്ങി....
ചായ കുടിക്കാന്‍ വരുന്നവര്‍ക്ക് ചായ എടുത്തു കൊടുക്കാനും ഗ്ലാസ് കഴുകാനും ക്രമേണ ശീലിച്ചു.പിന്നെ, പിന്നെ , സ്റ്റേഷനില്‍ ഓരോ വണ്ടി എത്തുമ്പോഴും  പലഹാരങ്ങള്‍ വില്‍ക്കാന്‍ പോയി തുടങ്ങി....

ഒരു പ്രഭാതത്തില്‍ കടയില്‍ സുപ്പയ്യയെ കാണാനില്ല.അന്വേഷിച്ചു ചെന്നപ്പോഴാണ് കാണുന്നത്... വഴിയില്‍ എഴുന്നേല്‍ക്കാന്‍ പോലും ആവാതെ സുപ്പയ്യ തളര്‍ന്നു കിടക്കുന്നത് ..
സുപ്പയ്യ കിടപ്പിലായതോടെ കട നടത്തിപ്പിന്റെ ചുമതല കൂടി ഏറ്റെടുക്കേണ്ടതായി വന്നു... സുപ്പയ്യയുടെ അവസ്ഥ ആകെ തളര്‍ത്തി എങ്കിലും സുപ്പയ്യയുടെ വാക്കുകളാണ് അന്ന്  മനോബലം നല്‍കിയത്...

“ ഈ പാളത്തിലൂടെ കടന്നു പോകുന്ന ഓരോ തീവണ്ടിയുമാണു നമ്മുടെ ജീവിതം..കടന്നു വരുന്ന ഓരോ തീവണ്ടിയിലുമാണു നാം നമ്മുടെ സ്വപ്നം വിതയ്ക്കേണ്ടത്.അതിന്റെ സംഗീതമാണ് നമ്മുടെ ജീവതാളം.ആ താളം കാതോര്‍ത്ത് നീ അവിടെ എത്തണം.ഞനില്ല എങ്കിലും പതിവു പോലെ ആഹാരം വില്‍ക്കാന്‍”

സുപ്പയ്യയുടെ ഈ വാക്കുകള്‍ ഒരു മന്ത്രം പോലെ എന്നും മനസ്സില്‍ പ്രതിധ്വനിച്ചു...

അന്നു മുതല്‍ ഓരോ തീവണ്ടി എത്തുന്ന സമയത്തും ആവശ്യമായ ആഹാര സാധനങ്ങളുമായി സ്റ്റേഷനില്‍  എത്തി തുടങ്ങി....
ഒരു മകന്റെ വാത്സല്യത്തോടെ തന്നെ സുപ്പയ്യയ്യെ ശുശ്രൂഷിച്ചു എങ്കിലും , അധികം താമസിയാതെ ഈ ലോകത്തില്‍ വീണ്ടും തന്നെ തനിച്ചാക്കി സുപ്പയ്യ യാത്രയായി...

വീണ്ടും അനാഥനായി മാറിയപ്പോള്‍ സുപ്പയ്യയുടെ ഓര്‍മ്മകളിലാണ്ആ കട നടത്തി വന്നത്.
എന്നും നാലു മണിയ്ക്കുള്ള തീവണ്ടി കടന്നു പോകുന്ന ശബ്ദം കേട്ടാണ്  ഉറക്കം ഉണരുക.
അന്നും പതിവു പോലെ തന്നെ ഉണര്‍ന്നു.പക്ഷേ ,ശരീരം അനക്കാന്‍ പോലും  കഴിയുന്നില്ല. മേലാസകലം വേദന കൊണ്ട് പുളയും പോലെ തോന്നി.

തീരെ അവശത തോന്നിയതിനാലാണ് അപ്പോള്‍ തന്നെ അടുത്തുള്ള വൈദ്യരെ പോയി കണ്ടത്.വൈദ്യരാണ് ടൌണിലെ വലിയ ആശുപത്രിയിലേക്ക്  കടലാസ്സ് തന്ന് വിട്ടത്.അവിടെ വച്ചായിരുന്നു ആ ഞെട്ടിക്കുന്ന സത്യം അറിഞ്ഞത്....

തനിക്കിനി ഈ യാത്ര അധികം ഇല്ല..ഏതു നേരത്തും മരിച്ചു പോകാം.തന്റെ മജ്ജയിലാകെ അര്‍ബുദം എന്ന മാരക രോഗം പടര്‍ന്നിരിക്കുന്നു .....ദൈവത്തോട് വല്ലാത്ത ഒരു പകയാണ് അപ്പോള്‍ തോന്നിയത്....

ആശുപത്രി കിടക്കയിലായപ്പോഴും തീവണ്ടിയുടെ സംഗീതം കാതുകളില്‍ വന്നലച്ചു കൊണ്ടിരുന്നു...ഇപ്പോള്‍ ഇവിടെ ഈ മരുന്നുകളുടെ ഗന്ധം ശ്വസിച്ച് നിമിഷങ്ങള്‍ എണ്ണി തീര്‍ക്കുമ്പോള്‍ അതു വഴി കടന്നു പോകുന്ന ഓരോ തീവണ്ടിയുടെ ചൂളം വിളിയിലൂടെയും തന്റെ ജീവിത ചക്രം നീങ്ങുന്നതറിയുന്നുണ്ട്....

കടന്നു പോകുന്ന ഓരോ തീവണ്ടികളുടെ താളവും തന്റേ നെഞ്ചിടിപ്പിന്റെ.....
ജീവന്റെ താളമായി തോന്നുകയാണ്....അല്ല അത് കുറയുന്ന ശ്വാസ വേഗതയുടെ താളമായി ഏറ്റുവാങ്ങുകയാണ്...