Tuesday, April 10, 2018

ഗൃഹാതുരത്വമുണര്‍ത്തുന്ന ചിരിയോര്‍മ്മകള്‍"


താളം തെറ്റി കടന്നുപോകുന്ന കാറ്റിനോടു കലഹിച്ചു തലമുടിയിഴകള്‍ മുഖത്തേക്ക് പാറി വീണ് കാഴ്ചയെ അലോസരപ്പെടുത്തുന്നുന്നുണ്ടെങ്കിലും കലപിലാന്നു ചിരിച്ചോടുന്ന ഓര്‍മ്മകളെ വിട്ടു പോരുന്നതെങ്ങനെ...

നീണ്ട അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് അമ്മയുടെ ശബ്ദം ഇന്നലെ കേട്ടത്. ഫോണിലൂടെ എത്തിയ ആ ശബ്ദത്തിലെ വിറയല്‍ ..സംസാരിക്കുമ്പോള്‍ ആ കണ്ണുകളില്‍ തെളിയുന്ന വാര്‍ദ്ധക്യത്തിന്‍റെ നരച്ചനിഴലില്‍ വാത്സല്യത്തിന്‍റെ പൂക്കള്‍ വിടരുന്നത് വാക്കുകളിലൂടെ ഞാന്‍ അനുഭവിച്ചറിയുകയായിരുന്നില്ലേ..

എന്തിനായിരുന്നു ഈ ഒളിച്ചോട്ടം ..? ദേവേട്ടന്‍ തന്‍റെ പഴയ കാമുകിയോടൊത്തു ജീവിതം ആരംഭിച്ചപ്പോള്‍ തോല്‍ക്കാന്‍ മനസ്സ് വന്നില്ല .'ജീവിക്കണം ജീവിച്ചു തന്നെ ഈ ലോകത്തോടു പ്രതികാരം ചെയ്യണം ' എപ്പോഴോ അങ്ങനെയൊരു ചിന്ത മനസ്സിലേറ്റ മുറിവുകളെ തഴുകി സാന്ത്വനിച്ചപ്പോഴാണ്, മറ്റൊരു ചിന്തയ്ക്ക് കാത്തു നില്‍ക്കാതെ , വീട്ടിലാരോടും പറയാതെ ഒരു സ്ഥലമാറ്റം ചോദിച്ചു വാങ്ങി, മഹാനഗരത്തിന്‍റെ തിരക്കുകളില്‍ മുഖം ഒളിപ്പിച്ചിത്ര നാൾ കഴിച്ചുകൂട്ടിയത്. കഴിഞ്ഞയാഴ്ച ഷോപ്പിംഗ് മാളില്‍ വച്ചു അവിചാരിതമായി കണ്ടുമുട്ടിയ സജിയാണ് തന്നെ കണ്ട കാര്യം അമ്മയെ അറിയിച്ചതും നമ്പര്‍ നല്കിയതും ..

അമ്മയുടെ സ്വരം കേട്ടതിനു ശേഷം‍ കണ്ണുകളില്‍ ഏറെ നിഴലുകള്‍ക്ക് അനക്കം വയ്ക്കുംപോലെ..
ചിന്തകളിലാകെ ഒരു പൂമരം ഉലയുന്നത് പോലെ..
വീണ്ടും ബന്ധങ്ങളുടെ നാമ്പുകള്‍ ഉണരുന്നതുപോലെ..
വേരുകളിലാകെ ഓര്‍മ്മനനവു പടരുന്നതുപോലെ...

എത്ര പ്രിയപ്പെട്ടവരായിരുന്നു എല്ലാവരും ..നഗരത്തിലെ വേവുന്ന ചൂടില്‍ , തിരക്കുകളുടെ അസഹ്യതയുടെ ഭാണ്ഡവും പേറി ,ഉള്ളുരുകുന്ന നോവുമായി സഞ്ചരിക്കുമ്പോഴൊക്കെയും പലപ്പോഴും മനസ്സ് കൊന്നശ്ശേരി ഗ്രാമത്തെ കാണാന്‍.. അമ്മയുടെയും ഏട്ടന്മാരുടെയും തണലിലുറങ്ങാൻ ..ഭാവാനിപ്പുഴയുടെ കുളിരിലേക്ക് ഒന്നുക്കൂടി മുങ്ങാംകുഴിയിടാന്‍, കാവിലെ കളിയാട്ടത്തിനു കൂട്ടുകാരുമൊത്ത് ചിരിച്ചുല്ലസിക്കാന്‍ .. എത്ര മോഹിച്ചിരിക്കുന്നു ..

രേവമ്മയും ഭാനുവും കാത്തുവും ഒക്കെ ഇപ്പോള്‍ എവിടെയാവും ..? പണ്ട് പള്ളിക്കൂടത്തില്‍ പോകും വഴി നാലാളും മത്സരമായിരുന്നു വഴിയോരത്തെ കാഴ്ചക്കാരായ തൊട്ടാവാടിയെ തൊട്ടുമയക്കാന്‍.. മഷിപ്പച്ചിലയുടെ തണ്ടുഞരടി നീരൂറ്റിക്കളഞ്ഞു പൊട്ടാസ് പൊട്ടിക്കാന്‍...

വൈകിയെന്നും ക്ലാസ്സില്‍ എത്തുന്നതുന്നതിനു രാജമ്മ ടീച്ചര്‍ എത്ര തവണ ക്ലാസ്സിനു പുറത്തു നിര്‍ത്തിരിക്കുന്നു നാലാളേയും. സത്യത്തിലന്നു ക്ലാസ്സിനു അകത്തിരിക്കുന്നതിനെക്കാളിഷ്ടം നാലാള്‍ക്കും ക്ലാസ്സിനു പുറത്തു നില്‍ക്കുന്നതായിരുന്നുവല്ലോ..

ശേഖരേട്ടന്റെ വീട്ടുമുറ്റത്തെ ചക്കരമാവില്‍ എറിഞ്ഞ കല്ല് ലക്‌ഷ്യം തെറ്റി ജനല്‍ച്ചില്ലു പൊട്ടിച്ചപ്പോള്‍ , അവർ പരാതിക്കെട്ടു അമ്മയുടെ മുന്നില്‍ അഴിച്ചു വച്ചപ്പോള്‍ അന്ന് , അടിയ്ക്കാനായി അമ്മ പിറകെ വന്നപ്പോള്‍ താന്‍ എത്ര തവണയാ വീടിനു വലം വച്ചോടിയത്.വല്യേട്ടനായിരുന്നു ആ അടിയില്‍ നിന്നും അന്ന് തന്നെ രക്ഷിച്ചത്.

.കുറുമ്പുകള്‍ നിറഞ്ഞ ആ കാലം എത്ര മനോഹരമായിരുന്നു ,ഓർമ്മഭാരങ്ങളില്ലാതെ ,വേവലാതികളില്ലാതെ അപ്പൂപ്പൻ താടിപോലെ പാറിപ്പറന്ന് താൻ പിന്നിട്ട നാട്ടുവഴികൾ , കുസൃതികൾ .. ഒക്കെയിപ്പോ ഓര്‍ക്കുമ്പോഴെന്തു മധുരമാണവയ്ക്ക് ..

കാവില്‍ കളിയാട്ടം തുടങ്ങുമ്പോൾ ‍ വീട്ടിലായിരുന്നു ആഹ്ലാദത്തിമിര്‍പ്പു മുഴുവൻ..ഓപ്പോളും കുട്ട്യോളും,വല്യമ്മായിയും കുടുംബവും..അങ്ങനെ എല്ലാവരുമൊത്തുകൂടുമ്പോള്‍ തന്റെ വീട് കലപിലശബ്ദങ്ങളുടെ കിളിക്കൂട്‌ പോലെയാകുമായിരുന്നു .

അടുക്കളപ്പണിയോടു അന്നേ തനിക്ക് കരിയിലപൊഴിച്ചു ജോലി കൂട്ടുന്ന ശിശിരത്തോടുള്ള ഇഷ്ടക്കേടുപോലെ ഒരു ഇഷ്ടക്കേടുണ്ടായിരുന്നല്ലോ . അതുകൊണ്ടുതന്നെ സദ്യ ഒരുക്കാൻ കൂടാൻ‍ അമ്മ വിളിക്കുമ്പോള്‍ അടുക്കളയിലെത്തി ചുറ്റിക്കറങ്ങി അരിഞ്ഞു വച്ചിരിക്കുന്ന തക്കാളിയും ക്യാരറ്റും ഒക്കെ പെറുക്കി തിന്നും ..അത് കണ്ടു അമ്മ വഴക്ക് പറയുമ്പോള്‍ 'ഇതാ ഞാന്‍ അടുക്കളയിലേക്ക് വരാത്തത് വെറുതെ വഴക്കു പറയും 'ന്ന് പറഞ്ഞു അമ്മയോടു കലമ്പി ജോലിയില്‍ നിന്ന് രക്ഷപ്പെടുക പതിവായിരുന്നല്ലോ.....

എപ്പോഴും വായനയില്‍ ലയിച്ചിരിക്കുന്ന വല്യേട്ടനോട് എത്ര കുറുമ്പും താന്‍ കാട്ടിയാലും ഏട്ടനു വാത്സല്യമായിരുന്നു തന്നോട് ... എന്നാൽ ,കൊച്ചേട്ടനാണ് എന്നും തന്നെ കരയിച്ചിട്ടുള്ളത്... കളിയാട്ടത്തിനെത്തുന്ന ബലൂണ്‍ക്കാരനില്‍ നിന്ന് കൊച്ചേട്ടന്‍ കളിത്തോക്ക് വാങ്ങുന്നത് തന്നെ, എന്നെ പേടിപ്പിക്കാന്‍ വേണ്ടിയായിരുന്നല്ലോ..തോക്കു നെറ്റിയിലേക്ക് ചൂണ്ടി "ടീ ,മീരാ നീ വലിയ പാട്ടുകാരിയല്ലയോ പാടെടി ഉറക്കെ " എന്ന് പറഞ്ഞു ഭയപ്പെടുത്തുമ്പോള്‍ എത്ര തവണ കരഞ്ഞു കൊണ്ട് പാടിയിരിക്കുന്നു..കരച്ചില്‍ കേട്ട് അമ്മയാണന്ന് രക്ഷിക്കാന്‍ വരിക.. അമ്മയപ്പോൾ കൊച്ചേട്ടനെ വഴക്കു പറയുന്നതു കേട്ട് എത്ര സന്തോഷിച്ചിരിക്കുന്നു താൻ ..

വേനല്‍മഴ കനക്കുന്നു...ജനാല വഴി മഴത്തുള്ളികള്‍ മുഖത്തേക്ക് പാറിവീണപ്പോഴാണ് ഓര്‍മ്മ ചിന്തുകള്‍ നെയ്ത വലയില്‍ നിന്നും പിടഞ്ഞു സ്ഥലകാലബോധത്തിലേക്ക് എത്തിയത്... ഓഹ്! ,ട്രെയിൻ തലശ്ശേരി പിന്നിട്ടിരിക്കുന്നു .അടുത്തത് തനിക്കിറങ്ങാനുള്ള സ്റ്റേഷനാണ് 
.
വലിയ വായുമായി കുംഭ വീര്‍പ്പിച്ചു കൊണ്ടിരിക്കുന്ന നഗരം ഇന്നെന്റെ ഗ്രാമത്തെയും വിഴുങ്ങിയിരിക്കുമോ .വീടിനു മുന്നിലെ വിശാലമായ പാടവും ,നെൽത്തണ്ടുകളെ ഇക്കിളികൂട്ടി പായുന്ന മാനത്തുകണ്ണികളും ഉണ്ടാകുമോ ഇപ്പോഴും ..
ആലിലകൾ മന്ത്രം ചൊല്ലണ അമ്പലമുറ്റം ,വാവലുകൾ തലക്കീഴായി കിടന്ന് തപസ്സു ചെയ്യുന്ന, നിശ്ശബ്ദത കുടിച്ച് കനം വച്ച കാവ് .. കൈതോലകളിൽ തുമ്പികൾ കിന്നാരം മൂളണ നാട്ടുവഴികൾ ...ഒക്കെയൊക്കെ കാണാൻ കൊതിയേറുകയാണ് .

ഇത്ര നാളും നാട്ടുസുഗന്ധമേൽക്കാതെ സ്വന്തം മുഖമൊളിപ്പിക്കാൻ മാളം അന്വേഷിച്ച താനെത്ര ഭീരുവാണ് .. എല്ലാവർക്കും വേദന നൽകിയിട്ട് സ്വന്തം കണ്ണീരിൽ മാത്രം വേദന കണ്ട ഞാൻ വല്ലാതെ സ്വാർത്ഥയായി പോയിരിക്കുമോ......പാവം അമ്മ ! ആ കണ്ണീരിനു മുന്നില്‍ കീഴടങ്ങാതിരിക്കുന്നതെങ്ങനെ...

ആദ്യം തന്നെ ഇത്ര നാളും വേദനിപ്പിച്ചതിനു ആ പാദങ്ങളില്‍ വീണു മാപ്പ് ചോദിക്കണം... അമ്മ മണമേറ്റ്ആ മടിയില്‍ തലചായ്ച്ചുറങ്ങണം ....അഞ്ചു ദിവസത്തെ അവധിയുണ്ട്‌...കഴിഞ്ഞു പോയ നാളുകളില്‍ താന്‍ അമ്മയ്ക്ക് നല്‍കാതിരുന്ന എല്ലാ സ്നേഹവും നല്‍കണം...ആ വാത്സല്യം നുകരണം ....ഇത്ര നാളും ഈ മനസ്സിനെയാണോ താന്‍ അടക്കി വച്ചിരുന്നതോര്‍ക്കുമ്പോള്‍ ......